കേരളം മതേതരത്വം ഉയര്‍ത്തിപ്പിടിക്കുന്ന സംസ്ഥാനമാണ്. ഇവിടെ എല്ലാവരും ഏകോദര സഹോദരന്മാരെ പോലെ കഴിയുന്ന ഇടമാണ്. എന്നാല്‍ ഈ ഐക്യം തകര്‍ക്കാന്‍ ഹിന്ദു-മുസ്ലിം വിഭാഗങ്ങളിലെ ചെറിയ ന്യൂനപക്ഷം കൊണ്ടുപിടിച്ച ശ്രമം നടത്തിവരുന്നുണ്ട്. അതൊന്നും വിലപ്പോവാത്തത് ഇവിടുത്തെ ജനങ്ങളുടെ മതേതര മനസ്സാണ്. ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും വര്‍ഗ്ഗീയ ചേരിതിരിവുള്ളതായി നമുക്കറിയാം. അത് പലപ്പോഴും സംഘര്‍ഷത്തിലേക്കും എത്താറുണ്ട്. അത്തരം വിഷക്കാറ്റുകളൊന്നും ഇവിടെ ഏശാത്തതിന്റെ പ്രധാന കാരണം ഈ മണ്ണിലെ മത സൗഹാര്‍ദ്ദം തന്നെയാണ്. ഇടതുപക്ഷവും, വലതു പക്ഷവും ഉള്‍പ്പെടുന്ന മതേതര രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ കേരളത്തില്‍ ശക്തമാണ്.
ഇപ്പോള്‍ നിയമസഭാതിരഞ്ഞെടുപ്പിന്റെ പടിവാതില്‍ക്കലാണ് നാമെല്ലാവരും. ഇതിനിടയില്‍ ജാതിയും, മതവും പറഞ്ഞ് ജനങ്ങള്‍ക്കിടയില്‍ വര്‍ഗ്ഗീയ ചേരിതിരിവുണ്ടാക്കാനുള്ള ശ്രമം ആര് നടത്തിയാലും കേരള ജനത അത് അവജ്ഞയോടെ തള്ളിക്കളയണം.
ഗുരുവായൂര്‍ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥിയായ ബി.ഗോപാലകൃഷ്ണന്‍ വര്‍ഗ്ഗീയ പരാമര്‍ശം നടത്തി എന്നതിന്റെ പേരില്‍ ഇലക്ഷന്‍ കമ്മീഷന്റെ നിര്‍ദ്ദേശ പ്രകാരം ഗുരുവായൂര്‍ മണ്ഡലം തിരഞ്ഞെടുപ്പ് വരണാധികാരി എസ്.ഷീബ നല്‍കിയ പരാതിയിലാണ് ഗോപാലകൃഷ്ണനെതിരെ ഗുരുവായൂര്‍ ടെമ്പിള്‍ പൊലീസ് കേസെടുത്തിരിക്കുന്നത്. ഗുരുവായൂര്‍ മണ്ഡലത്തില്‍ 50 വര്‍ഷമായി എന്തുകൊണ്ട് ഹിന്ദു എം എല്‍ എ ഇല്ല എന്ന പ്രസ്താവനയാണ് ഗോപാലകൃഷ്ണനെതിരെ കേസെടുക്കാന്‍ കാരണം. സമുദായ വികാരങ്ങള്‍ ഉപയോഗിച്ച് വോട്ടഭ്യര്‍ത്ഥിക്കാന്‍ പാടില്ലെന്നും, ആരാധനാലയങ്ങള്‍ പ്രചാരണവേദിയായി ഉപയോഗിക്കരുതെന്നുമുള്ള പെരുമാറ്റചട്ട ലംഘനം നടത്തിയതിനാണ് കേസെടുത്തിട്ടുള്ളത്. ഗുരുവായൂര്‍ ക്ഷേത്ര പശ്ചാത്തലത്തില്‍ എടുത്ത വീഡിയോയും സമൂഹ മാധ്യമങ്ങളില്‍ നിന്ന് നീക്കം ചെയ്തിട്ടുണ്ട്.
ഗുരുവായൂര്‍ ക്ഷേത്രം പ്രസിദ്ധമാണ്. ഹിന്ദു സമൂഹത്തിന്റെ, സംസ്ഥാനത്തെ പ്രധാനപ്പെട്ട തീര്‍ത്ഥാടന കേന്ദ്രമാണത്. അത് ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് വിജയത്തിന് ഉപയോഗിക്കുന്നത് തെറ്റായ പ്രവര്‍ത്തിയാണ്. ബിജെപി എന്ന രാഷ്ട്രീയ പ്രസ്ഥാനം രൂപം കൊള്ളുന്നതിന് മുന്‍പ് തന്നെ ഗുരുവായൂര്‍ ക്ഷേത്രമുണ്ട്. ആ ക്ഷേത്രത്തെ സംരക്ഷിക്കുന്നതും പരിപാലിക്കുന്നതും കേരളീയരാണ്. ആ ക്ഷേത്രം നിലനില്‍ക്കുന്ന ഗുരുവായൂര്‍ മണ്ഡലത്തില്‍ ഹിന്ദുക്കളല്ലാത്തവര്‍ ജയിച്ച് വന്നിട്ട് യാതൊരു പ്രയാസവും ഇതുവരെ ഉണ്ടായിട്ടില്ല. മനസ്സില്‍ പരിമിതിയുള്ളവരാണ് ഇത്തരം തെറ്റായ പ്രചാര വേല നടത്തുക. രാജ്യത്തെ പല സംസ്ഥാനങ്ങളിലും ആരാധനാലയങ്ങളുടെ പേരില്‍ ജനങ്ങളെ ഭിന്നിപ്പിക്കാന്‍ തല്‍പ്പര കക്ഷികള്‍ ശ്രമിക്കാറുണ്ട്. അതില്‍ നിന്നെല്ലാം വിഭിന്നമാണ് കേരളം. കേരളത്തില്‍ വര്‍ഗ്ഗീയ വിഷം തളിക്കാന്‍ ശ്രമിക്കുന്നവരെ ജനങ്ങള്‍ തിരിച്ചറിയണം.
നിയമസഭാ തിരഞ്ഞെടുപ്പ് വര്‍ഗ്ഗീയത പ്രചരിപ്പിക്കരുത്
