പീപ്പിള്സ് റിവ്യൂ സാഹിത്യ ക്യാമ്പിനോടനുബന്ധിച്ചു നടത്തിയ ചെറുകഥാ മത്സരത്തിലെ ഒന്നാം സമ്മാനം നേടിയ കഥ

സുശീല പ്രഭാകര്
ട്രെയിന് കയറി ഇരിപ്പിടം തേടിയപ്പോള് ജനലിനടുത്തായി ഒഴിഞ്ഞു കിടക്കുന്ന സീറ്റ് മനുമാധവിന്റെ ശ്രദ്ധയില്പ്പെട്ടു. തോളില് തൂങ്ങുന്ന ബേഗ്. സീറ്റിലേക്ക് അടുക്കിവെയ്ക്കുമ്പോള് കോഫി വില്പ്പനക്കാരന് അരികിലെത്തി. അയാളില് നിന്ന് ഒരു കപ്പ് കോഫി വാങ്ങി പുറത്തെ കാഴ്ചകള് നോക്കി കോഫി കുടിച്ചുകൊണ്ടിരുന്നപ്പോള് എതിര് ഭാഗത്തെ സീറ്റില് ഒരു പെണ്കുട്ടി വന്നിരുന്നു. ട്രെയിനില് പൊതുവെ യാത്രക്കാര് കുറവായിരുന്നു. ട്രെയിന് സ്റ്റേഷന് വിട്ടപ്പോള് തന്റെ ബേഗിനുള്ളില് നിന്ന് എംടിയുടെ ഒരു നോവല് പുറത്തെടുത്തു. പേജുകള് മറിച്ചു നോക്കിക്കൊണ്ടിരിക്കെ
”സാറെവിടേക്കാ?”
പെണ്കുട്ടിയുടെ ചോദ്യം കേട്ട് ഒരുവേള അവളിലേക്കായി നോട്ടം
‘കോട്ടയം’
മറുപടി പറഞ്ഞ് വീണ്ടും പുസ്തകത്തിലേക്ക് കണ്ണുനട്ടു. പക്ഷെ ശ്രദ്ധ അവിടെ പതിയുന്നില്ലെന്നറിഞ്ഞു. വെളുത്ത കോലന് മുടിയുള്ള പെണ്കുട്ടി ശരീരം മറയ്ക്കാനാണ് സാരി ഉടുത്തതെങ്കിലും നേര്ത്ത സാരിക്കുള്ളില് വടിവൊത്ത ദേഹം തെളിഞ്ഞു കാണാം. അറിയാതെ മുഖമുയര്ത്തി അവളുടെ കണ്ണുകളിലേക്ക് തന്റെ നോട്ടം ചെന്നെത്തിയത്് താന്പോലുമറിഞ്ഞില്ലെന്നു തോന്നി. കണ്ണുകളുടെ ഒരു പ്രത്യേകത. എന്തോ ഒന്ന്… എന്താണെന്നു കണ്ടെത്താന് കഴിയുന്നില്ല. കണ്മഷിയെഴുതിക്കറുപ്പിച്ച കണ്ണുകളല്ല. പിന്നെ ഒരു വെയില് നാളം പോലെ കൃഷ്ണമണിക്കുള്ളില് നിന്ന് തന്റെ നേര്ക്ക് എന്തോ ഒരു ആകര്ഷണം തോന്നുന്നു. നേര്ത്ത സില്ക്ക് സാരിക്കുള്ളിലെ ദേഹം കാണണമെങ്കില് ഒന്നുകൂടെ നോക്കണം. പക്ഷേ വായനയില് മുഴുകിയിരിക്കുന്ന മാന്യനായ തനിക്കതിന് കഴിയുമോ? അവളുടെ അടുത്തായി ഒന്നുരണ്ടുപേര് വന്നിരുന്നു. അവളുടെ ശ്രദ്ധ തന്നിലേക്കു തന്നെയാണ് നീളുന്നതെന്നറിഞ്ഞു. വായിച്ചത് എന്താണെന്ന് തനിക്കുതന്നെ അറിയില്ല. അവള് ചോദിച്ച ചോദ്യങ്ങള്ക്കൊക്കെ ഒറ്റവാക്കില് മറുപടി പറഞ്ഞു. അവളെപ്പറ്റി ഒന്നും ചോദിച്ചില്ല. ചോദിക്കണമെന്നുണ്ടായിരുന്നു. പക്ഷെ വേണ്ടെന്നുവെച്ചു. കാറ്റിനൊത്ത് മുഖത്തേക്ക് പാറിവീഴുന്ന കേലന് മുടി വല്ലാത്തൊരു ഭംഗി തോന്നിച്ചു. ഇടയ്ക്ക് അവള് വെച്ചുനീട്ടിയ നിലക്കടല വാങ്ങാന്പോലും താന് മടി കാണിച്ചില്ല.
രാത്രി ഒന്പതെ ഇരുപത്. തനിക്കിറങ്ങേണ്ട സ്റ്റേഷനിലെത്തിയെന്നറിഞ്ഞു. തിടുക്കപ്പെട്ട് നോവല് ബേഗിനുള്ളിലാക്കി മുടിയൊന്നു ചീകി. ഭാരമുള്ള ബേഗ് ചുമലിലേക്ക് കയറ്റുമ്പോള് അവള് തന്നെനോക്കിയൊന്നു ചിരിച്ചു.
‘സാറിനിറങ്ങാറായോ…..?’
‘ വരട്ടെ, എന്റെ സ്ഥലമെത്തി…’
അവളെ നോക്കിയെന്നു പുഞ്ചിരിച്ചു
ട്രെയിനിറങ്ങി ഓട്ടോ വിളിച്ച് മുണ്ടക്കയം സിറ്റിയിലെത്തിയപ്പോള് സമയം പത്തര കഴിഞ്ഞു. മൊബൈലെടുത്ത് സുഹൃത്ത് ദീപക്കിനെ വിളിച്ചു.
‘ധൈര്യമായിപ്പോകെടാ… അവിടെ വഴി ചോദിക്കാനൊന്നും ആരെയും കാണില്ല. ഞാന് പറഞ്ഞു തന്ന മേപ്പ് നോക്കി നീ പോകാന് നോക്ക്. അവിടെ എത്തീട്ട് വിളിക്ക്’
മനു മാധവ് കട്ടപിടിച്ച ഇരുട്ടിലേക്ക് മൊബൈല് വെളിച്ചം തെളിച്ചു. നീണ്ടുപോകുന്ന ഒറ്റയടിപ്പാത ഇരുഭാഗങ്ങളിലും ഇടതൂര്ന്ന മരങ്ങള്. ഇടയ്ക്കിടെ ഒരു തണുത്ത കാറ്റ് വീശിക്കൊണ്ടിരുന്നു. മനു മാധവ് പതുക്കെ നടക്കാന് തുടങ്ങി. പെട്ടെന്ന് എതിരെ ഒരു ടോര്ച്ച് വെളിച്ചം കണ്ടു. ആശ്വാസം തോന്നി. അടുത്തെത്തിയ ആള് മനുമാധവിനെ സൂക്ഷിച്ചു നോക്കി.
‘ ഈ മാടക്കുന്ന് തറവാട് അറിയാമോ?’
മനു മാധവിന്റെ ചോദ്യം കേട്ട് അയാളൊന്നു ഞെട്ടിയപോലെ തോന്നി. എന്നിട്ടു പറഞ്ഞു.
‘ സാറ് അവിടേക്കാണോ പോകുന്നത്…?’ വര്ഷങ്ങള്ക്ക് മുന്പ് അങ്ങനെ ഒരു തറവാട് അവിടെ ഉണ്ടായിരുന്നു. പക്ഷെ ഇപ്പോഴില്ല.’
സംശയത്തോടെ മനു മാധവ് എന്തോ ചോദിക്കാനിരിക്കെ തിടുക്കപ്പെട്ട് അയാള് നടന്നുപോയി. ഏതാനും നിമിഷം സ്തംഭനാവസ്ഥയിലായ മനു മാധവ് തിടുക്കത്തില് ദീപക്കിനെ വിളിച്ചു.
റിങ്ങു ചെയ്തതല്ലാതെ കോളെടുത്തില്ല. ദീപക്ക് പല പ്രാവശ്യം പറഞ്ഞതോര്ത്തു. എട്ടുമാസമായി ഞാനാതറവാട് വാങ്ങിയിട്ട്, ഒരിക്കല്പോലും അവിടെക്കെത്താനായിട്ടില്ല. നിനക്ക് സ്വസ്ഥമായൊരിടം വേണം നല്ലൊരു തിരക്കഥയുണ്ടാക്കാനെന്നു പറഞ്ഞപ്പോള് ഒരുപാട് സന്തോഷം തോന്നി. എന്തായാലും താനവിടെയെത്തി ഒരാഴ്ച കഴിയുമ്പോഴേക്കും ഞാനുമവിടെയെത്തും അപ്പോഴേക്കും നിന്റെ ജോലി പൂര്ത്തിയാക്കണം. നമുക്കൊന്നടിച്ചുപൊളിക്കണമെടാ…എത്ര വര്ഷമായി നമ്മളൊന്നു കൂടിയിട്ട്
എത്രദൂരം സഞ്ചരിച്ചെന്നറിയില്ല. ചീവീടുകളുടെ ശബ്ദമല്ലാതെ മറ്റൊന്നും കേള്ക്കാനില്ല. സമയം നോക്കിയപ്പോള് പതിനൊന്നു കഴിഞ്ഞു. ഈ സമയത്ത് അറിയാത്ത നാട്ടിലേക്ക്, പൂട്ടിക്കിടക്കുന്ന വീട്ടിലേക്ക് താനല്ലാതെ മറ്റാര് പോവും, ഒരുവേള മനുമാധവ് ഓര്ത്തുപോയി.
തനിക്ക് പേടിയുണ്ടോ….താന് പതറിപ്പോവുന്നുണ്ടോ…? വഴിപോക്കന് പറഞ്ഞതെന്താണ്…! വര്ഷങ്ങള്ക്കു മുന്പ് അങ്ങനൊരു തറവാട് ഉണ്ടായിരുന്നെന്ന്…. ആ…എന്തെങ്കിലുമാവട്ടെ മുന്പോട്ടു പോവുകതന്നെ.
വിശപ്പും ദാഹവും ചെറുതായിട്ട് തോന്നി.. പറഞ്ഞ സ്ഥലത്ത് എത്തിയിട്ടുവേണം എല്ലാം ഒന്നു നേരെയാക്കാന്. ദീപക്ക് മേപ്പില് പറഞ്ഞ സമയവും, ദൂരവും കഴിഞ്ഞിരിക്കുന്നു. നടന്നു തുടങ്ങിയ ഒറ്റയടിപ്പാത കൊടുംകാടിനുള്ളില് ്വസാനിപ്പിച്ചിരിക്കുന്നു. വല്ലാത്തൊരു ഞെട്ടലില് മനുമാധവ് പകച്ചുപോയി. പത്തിരുപതടി ദൂരെയായി ഒരു സ്ത്രീ രൂപം തോന്നിയതാണോ…? ഒരിക്കല് കൂടെ സൂക്ഷിച്ചു നോക്കി. ഞെട്ടിത്തെറിച്ചുപോയി. ട്രെയിനില് കണ്ട അതേ പെണ്കുട്ടി….’ ഈശ്വരാ…….’ മനു മാധവിന്റെ ഉള്ളിലൂടെ അവളുടെ കണ്ണുകളില് കണ്ട അതേ വെയില് നാളം ഒരു തീപ്പൊരിപോലെ കടന്നുപോയി.
എന്തു ചെയ്യണമെന്നറിയാതെ വിറങ്ങലിച്ചുപോയ മനു മാധവ് പെണ്കുട്ടിയെ കണ്ട ഭാഗത്തേക്ക് വീണ്ടും മൊബൈല് വെളിച്ചം തെളിച്ചെങ്കിലും ഒന്നും കാണാന് കഴിഞ്ഞില്ല. ഇരുട്ടിലേക്ക് ഏതാനും നിമിഷം പകച്ചുനോക്കി. ഒരായിരം ചിന്തകള് ഓടിമറയുന്നതിനിടയില് കൂട്ടലും, ഗുണിക്കലും നടത്തിനോക്കി. ഒടുവില് ഉറച്ചൊരു തീരുമാനത്തിലെത്തി. ഒരു കാട്ടു മൃഗത്തെ ഒന്നുമല്ലല്ലോ കണ്ടത്. ഒരു പെണ്ണിനെയല്ലെ.
ചിന്തകള് കടിഞ്ഞാണില്ലാതെ കാടു കയറുമ്പോഴും മനു മാധവ് നല്ല പ്രകാശമുള്ള ഒരു ടോര്ച്ച് ബാഗില് നിന്നെടുത്ത് നാലുഭാഗത്തേക്കും തെളിയിച്ചു. അത്ഭുതപ്പെട്ടുപോയി. കുറേദൂരെയായി ഒരു വഴി തെളിഞ്ഞു കാണുന്നു. അതവസാനിക്കുന്നിടത്ത് ഒരു വീട് നിഴല്പോലെ കാണാം.
തെല്ലൊരാശ്വാസത്തില് ഒന്നു നെടുവീര്പ്പിട്ടു. പേടിയും, ക്ഷീണവും മറന്ന് ഓടിക്കയറിവന്നത് മാടക്കുന്നിന്റെ നെറുകയില്. കുറ്റിച്ചെടികള് വളര്ന്ന മുറ്റവും കടന്ന് വരാന്തയിലെത്തി ലൈറ്റ് ഇട്ടപ്പോള് ഒന്നു നെടുവീര്പ്പിട്ടു. കോവിലകം പോലെ തോന്നിച്ച വീടിന്റെ പ്രധാന വാതില് തുറന്ന മനു മാധവ് അത്ഭുതപ്പെട്ടുപോയി. വൃത്തിയായി അലങ്കരിച്ച വിശാലമായ മുറികള്. ചുറ്റി നടന്നു കാണുന്നതിനിടയില് ദീപക്കിനെ ഒന്നുകൂടി വിളിച്ചു. കോളെടുത്ത ദീപക്കിനോട് മനുമാധവ് ശുണ്ഠിയെടുത്തു.
‘നിനക്കൊന്നു പൊട്ടിക്കാനാണെനിക്കു തോന്നുന്നത്. വല്ലാത്തൊരു സ്ഥലം തന്നെ. നിന്നെ വിളിച്ചിട്ടാണേല് കിട്ടുന്നുമില്ല. പെട്ടുപോയി കുറേ സമയത്തേക്ക്’.
‘വിശേഷങ്ങള് പറയെടാ എന്റെ കോവിലകം എങ്ങനെ?’
ദീപക്ക് ചിരിയോടെ വിശേഷങ്ങള് തിരക്കി.
‘ പറയാനേറെയുണ്ട്. നിന്റെ വീടെനിക്കിഷ്ടമായി. എത്തിപ്പെടാനാണ് കഷ്ടപ്പാട്. അതൊന്നുമല്ല കാര്യം. ചിലത് പറയാനുണ്ട്. പറഞ്ഞാല് നീ വിശ്വസിക്കണം’.
മനു മാധവിന്റെ സ്വരത്തില് ഒരപകടത്തിന്റേതുപോലൊരു മുന്നറിയപ്പ് പ്രകടമായതായി ദീപക്കിനു തോന്നി. എന്താണെങ്കിലും പെട്ടെന്ന് പറയാന് മനു മാധവിനോടാവശ്യപ്പെട്ടു. ട്രെയിനില് വെച്ചു നടന്ന കാര്യങ്ങള് മനു മാധവ് പറഞ്ഞു.
എല്ലാം കേട്ടുകഴിഞ്ഞ് ദീപക്കിന്റെ മറുപടി വരാന് കുറച്ചു സമയമെടുത്തു.
‘നീ പറഞ്ഞത് വിശ്വസിക്കുന്നു. വര്ഷങ്ങളായി നിന്നെ എനിക്കറിയുന്നതുമാണ്. പക്ഷെ ഇതെങ്ങനെ സംഭവിച്ചു?’
‘ അതാണ് കുഴയ്ക്കുന്നത്. നീ പറയെടാ… എന്തെങ്കിലും….എനിക്ക് പേടിയൊന്നുമില്ല’.
‘പറയാം അദൃശ്യകണ്ണികളെ അണച്ചുപിടിച്ച് തമ്മില് ബന്ധിപ്പിക്കാന് കഴിയാതെ ഭൂമി വിട്ടുപോകുന്ന പെണ്കുട്ടികളുണ്ടാവും. അങ്ങനെപോയ ഏതെങ്കിലുമൊരു പെണ്കുട്ടിയായിരിക്കും നിന്റെ കൂടെ വന്നത്.’
‘ നീ തമാശ പറയല്ലെ. നീ ഒന്നു മനസ്സിലാക്ക് പേടി എന്ന വികാരമല്ല എന്നെ ചൂഴ്ന്നു നില്ക്കുന്നത്. അതറിഞ്ഞ് നീ കാര്യത്തിലേക്കുവാ’.
‘ ഒാ കെ. ശരി. കാര്യത്തിലേക്കുവരാം. അതിനു മുന്പ് ഞാന് നിനക്കൊരു ഫോട്ടോ അയച്ചുതരാം. അതു കണ്ടിട്ട് നീ എന്നെ വിളിക്ക്’.
ഏതാനും മിനുട്ടുകളുടെ നിശ്ശബ്ദതയില് ദീപക്കയച്ച ഫോട്ടോ നോക്കിയ മനുമാധവ് ഞെട്ടിപ്പോയി…..ട്രെയിനില് വെച്ചു കണ്ട അതേ പെണ്കുട്ടി. ഫോട്ടോയിലേക്കു നോക്കിയ മനു മാധവ് എന്തിനെന്നറിയാതെ വിയര്ത്തു. പത്രത്തിലെ ചരമ കോളത്തില് നിന്ന് വെട്ടിയെടുത്ത ഫോട്ടോ. അതിനു താഴെയുള്ള എഴുത്തിലോക്കൊന്നു കണ്ണോടിച്ചു. പേര് നിത്ര വയസ്സ് ഇരുപത്തിനാല്. ഒരു ചുഴലിയിലകപ്പെട്ടതുപോലെ മനു മാധവ് ഒന്ന് വട്ടം കറങ്ങി.
ദീപക്കിന്റെ ഫോണ് വീണ്ടും.
‘ പറയെടാ…. എന്താ സംഭവിച്ചത്…? നീ എന്താണൊന്നും മിണ്ടാത്തത്?’
മനു മാധവിന് മറുപടി പറയാന് സമയമെടുക്കേണ്ടി വന്നു.
‘ ഇതെങ്ങനെ സംഭവിച്ചു. മരിച്ചുപോയ പെണ്കുട്ടി. ഒരിക്കല്പോലും അവളെ ഞാന് കണ്ടിട്ടില്ല. പിന്നെയെങ്ങനെയാണെടാ… ഞാനവളെ കാണുന്നത്….അവളെന്നോട് സംസാരിച്ചു, നിലക്കടല തന്നു. അവളുടെ പേരും നാടും ചോദിക്കാന് വിട്ടുപോയി’. സത്യത്തില് അവളോട് ഞാനൊന്നും ചോദിച്ചില്ല. ചോദിക്കേണ്ടൊരാവശ്യം വന്നില്ല. പിന്നെന്തിനാ വെറുതെ…പക്ഷെ ആരായാലും ഒന്നു നോക്കിപ്പോവും. കാരണം സുന്ദരിക്കുട്ടിയാണ്’.
മനുമാധവ് പറഞ്ഞു നിര്ത്തിയപ്പോള് ദീപക്ക് അത്ഭുതമൊന്നും തോന്നിക്കാതെ പറഞ്ഞു.
‘ നീ ഒരു കാര്യം ചെയ്യ് സമയം ഇത്രയും വൈകിയ നിലയ്ക്ക് ഫ്രഷായിട്ട് ഒന്നുറങ്ങാന് നോക്ക്. നാളെ സംസാരിക്കാം’.
ദീപക്കിന്റെ സംസാരം കേട്ട മനു മാധവിന് ദേഷ്യമാണു തോന്നിയത്. മുള്മുനയില് നിര്ത്തിയിരിക്കുന്ന ഒരു കാര്യം അതെന്താണെന്നു നോക്കാന് നില്ക്കാതെ ഉറങ്ങാന് പറയുന്നു. ആര്ക്ക് പറ്റും. ഇത് ശരിയാവില്ല. ഈ രാത്രി ഉറങ്ങണമെങ്കില് എനിക്ക് എന്താണ് സംഭവിച്ചതെന്നറിയണം. മനു മാധവ് ദീപക്കിനോട് കയര്ത്തു. മനുവിന്റെ സ്വഭാവമറിയാവുന്ന ദീപക്ക് പതിയെ ഒരു കഥ പറയാന് തുടങ്ങി. കേട്ടു നിന്ന മനുമാധവിന് ഒരു തളര്ച്ച തോന്നി. കഥയല്ല. ഒന്നര വര്ഷം മുന്പ്….പിറകിലേക്കൊരോട്ടം. മനു മാധവ് കാണുന്നു. ദീപക്കിന്റെ സംസാരിത്തില് കുറേ ദൂരം…..പല വഴികള് ഹൃദയത്തെ സ്പര്ശിച്ചുകൊണ്ട് കടന്നുപോയി. ‘നിത്ര’ എന്ന പെണ്കുട്ടി ദീപക്കിനെ കാണാനെത്തി. സുഹൃത്ത് മനുമാധവിനെ ഒന്നു കാണാന്. രണ്ടു കാര്യങ്ങള് അവള് ആവശ്യപ്പെട്ടു. ഒന്നുകില് മനുമാധവിനെ ഒന്നു പരിചയപ്പെടുത്തിത്തരിക. അല്ലെങ്കില് ഫോണ് നമ്പര് തന്നാലും മതി. മനുമാധവിനെ വിളിച്ചു കാര്യം പറഞ്ഞു . ഒറ്റവാക്കില് കൂടുതലൊന്നും ചോദിക്കാതെ സമ്മതമല്ലെന്നറിയിച്ചു. നിത്രയെ മടക്കിയയച്ചു. പക്ഷെ അവള് പിന്മാറാന് തയ്യാറല്ലായിരുന്നു. പല പ്രാവശ്യം അവള് വന്നു. നിന്റെ സ്വഭാവമറിയാവുന്നതുകൊണ്ട്തന്നെ നിന്നോടു ചോദിക്കാതെ ഞാനവളെ മടക്കിയയച്ചു. പിന്മാറാന് തയ്യാറല്ലായിരുന്ന അവളോട് ചോദിച്ചു. എവിടെവെച്ചാണ് നീ അവനെ കണ്ടത്..? നിങ്ങള് തമ്മിലുള്ള ബന്ധമെന്താണ്…?’. ദീപക്കിന്റെ ചോദ്യത്തിനവള് വ്യക്തമായി ഉത്തരം പറഞ്ഞു. കൊച്ചി ബിനാലെ നടക്കുന്ന സമയം. ആസ്പിരിന്വാളില് വെച്ചാണ് ഞാന് മനുമാധവിനെ കാണുന്നത്. അവിടെ വര്ക്ക്ഷോപ്പിന് നേതൃത്വം കൊടുക്കുകയും കാണാനെത്തുന്നവര്ക്ക് ക്ലാസ്സെടുക്കുകയും ചെയ്യുന്ന സാറിനെ വല്ലാതെ ഇഷ്ടപ്പെട്ടുപോയി എന്നു പറഞ്ഞപ്പോള് വീണ്ടും ഈ കാര്യം പറയാന് വേണ്ടി മനുമാധവിനെ ദീപക്ക് വീണ്ടും വിളിച്ച് കാര്യം പറഞ്ഞു.
അവന്റെ മറുപടി…… ഇങ്ങനെ, വരുന്ന പെണ്കുട്ടികളെയൊക്കെ ഇഷ്ടപ്പെടാനും കൂടെകൂട്ടാനും പറഞ്ഞാല് ഇതിനല്ലെ സമയമുണ്ടാവൂ. ഇങ്ങനെ ഒരുപാട് പെണ്കുട്ടികള് വന്നിട്ടുണ്ട്. വന്നുകൊണ്ടിരിക്കുന്നുമുണ്ട്. ഇങ്ങനെയുള്ള കാര്യത്തിന്വേണ്ടി നീ സമയം കളയാതെ ഫുള്സ്റ്റോപ്പിട്’ .
മനു മാധവിന്റെ അവസാനവാക്കില് സങ്കടത്തോടെയാണെങ്കിലും അവനോട് തോന്നിയ തെല്ല് ദേഷ്യത്തോടെയും അവളെ മടക്കി അയച്ചു. മറന്നുപോയ ആ കണ്ടുമുട്ടലിന്റെ ഓര്മ്മ പുതുക്കിക്കൊണ്ട് പത്രത്തില് വന്ന ഒരു ഫോട്ടോ കണ്ട് ഞെട്ടിപ്പോയി, പല പ്രാവശ്യം നിന്നെ ഒന്നുകാണാന് കൊതിച്ച പെണ്കുട്ടി. നിന്നെ നേരിട്ട് കാണുമ്പോള് ഇക്കാര്യം പറയാനും ഫോട്ടോ കാണിക്കണമെന്നും കരുതിയിരിക്കുമ്പോഴാണ് മരിച്ചുപോയ പെണ്കുട്ടിയെ നീ നേരിട്ടു കണ്ടെന്നും നിന്നെ അവള് പിന്തുടര്ന്നെന്നുമറിയുന്നത്. സത്യത്തില് ഈ കുട്ടിയെതന്നെയാണോ നീ കണ്ടത്…? എന്നു ചോദിച്ചുകൊണ്ട് ദീപക്ക് അവസാനിപ്പിച്ചപ്പോള്…
മനുമാധവിന് തല പെരുക്കുന്നതുപോലെ തോന്നി.
‘ മരണപ്പെട്ടതോ….എന്തോ….എനിക്കറിയില്ല. ഞാന് കണ്ടത് ഇവളെത്തന്നെയാണ്. പക്ഷെ എനിക്കതിന്റെ സത്യമെന്താണെന്നറിയണം. അല്ലാതെ ഞാന് അടങ്ങിയിരിക്കില്ല’.
‘ മനു നീ ഒന്ന് സമാധാനിക്ക് നമുക്ക് അന്വേഷിക്കാം. തല്ക്കാലം നിനക്കവിടെ പ്രശ്നമൊന്നുമില്ലല്ലോ. നീ നിന്റെ ജോലി തുടങ്ങ്. അതു കഴിയുമ്പോഴേക്കും ഞാനുമവിടെയെത്താം’.
ഉത്തരം കിട്ടാത്തൊരു ചോദ്യം ഉയര്ന്നുതന്നെ നിന്നു.
‘ ഇല്ല ഇനി ഇവിടെ തങ്ങാന് കഴിയില്ല. ഇങ്ങനെ ഒരു സംശയം നിഴലിക്കുമ്പോള് ഒന്നും എഴുതാന് കഴിയില്ലെന്ന് മനസ്സിലാക്കിയ മനു മാധവ് മടങ്ങിപ്പോവാനുള്ള തീരുമാനത്തിലെത്തി.
ഉറക്കം വരാത്തൊരു കാളരാത്രി സമ്മാനിച്ച മാടക്കുന്നു തറവാടിനോട് യാത്രചൊല്ലി മനു മാധവ് കുന്നിറങ്ങി. കാട്ടുപാതയിലൂടെ നടക്കുമ്പോള് സമയം പുലര്ച്ചെ നാലുമണി കഴിഞ്ഞതേയുള്ളൂ. എത്രയും വേഗം കാക്കനാടെത്തണം. ദീപക്കിനെ കാണണം. അതുകഴിഞ്ഞെ ഉള്ളൂ എന്തും. ചിന്തകള് ഓരോന്നു കണക്കുകൂട്ടുമ്പോള് പിറകില് നിന്ന് ഒരു ശബ്ദം കേട്ടപോലെ തോന്നി. ഞൊടിയിട ഒന്നു തിരിഞ്ഞു നോക്കിയതും ഒരു നിഴല് കാണുന്നതുപോലെ തോന്നിയതും ഒരുമിച്ചായിരുന്നു. മനുമാധവിന്റെ ഉളളില് ചെറുതായി ഒരുഭയം നിഴലിച്ചു. ധൈര്യവാനായ തനിക്ക് എന്താണ് സംഭവിക്കുന്നത്. എന്നൊരാശങ്ക ചുറ്റി നിന്നു. വിശ്വസിക്കാന് സാധിക്കാത്തതെന്തോ…..അതുള്ക്കൊള്ളാന് കഴിയുന്നില്ല. പിറകില്കണ്ട നിഴലിനെ പിന്തുടര്ന്ന് എന്താണെന്നു നോക്കുന്നതാണോ നല്ലത്….അല്ലാതെ സംശയത്തിന്റെ പാതയില് സഞ്ചരിക്കുന്നതാണോ നല്ലത്. വേണ്ട…ഒന്നും വേണ്ട ദീപക്കിന്റെ അടുത്തെത്തിട്ട് എന്തുവേണമെന്നു തീരുമാനിക്കാം. പിടിവിട്ടുപോയ മനസ്സും, ശരീരവും ഏതൊക്കെ വഴി സഞ്ചരിച്ചും എത്ര സമയമെടുത്തു എന്നൊന്നുമറിയാതെ….മനുമാധവ് കാക്കനാട് ദീപക്കിന്റെ വീട്ടിലെത്തുമ്പോള് വൈകിട്ട് അഞ്ചുമണിയായിരുന്നു.
ഗാഢമായൊരുറക്കം തെളിഞ്ഞതുപോലെ ഉറക്കത്തില് കണ്ട സ്വപ്നമായിരുന്നോ ഇതൊക്കെ ദീപക്കിന്റെ വാക്കുകള് ഹൃദയത്തെ സ്പര്ശിച്ചുകൊണ്ട് കടന്നുപോയി. തിരവരുന്നതുപോലെ വീണ്ടും, വീണ്ടും അത് മനസ്സിനെ കുത്തിമുറിവേല്പ്പിച്ചുകൊണ്ടിരുന്നു.
നേത്രയും, നിത്രയും ഇരട്ടക്കുട്ടികളാണ്. മനൂ…നമ്മളാരും അറിഞ്ഞുകൊണ്ട് ഒന്നും ചെയ്തതല്ല. മനസ്സാവാചാ അറിയാത്തത്. എന്തൊക്കെയോ സംഭവിച്ചു. പക്ഷെ…നമ്മളും അതിലൊരു കണ്ണിയാണ്. വിഷമിച്ചു, ഭയപ്പെട്ടു, സങ്കടപ്പെട്ടു, എല്ലാം സഹിച്ചു. ജീവിതമല്ലെ. മനുഷ്യരല്ലെ. എല്ലാ ചോദ്യങ്ങള്ക്കും ഉത്തരം കിട്ടി എന്നുവരില്ല. ശബ്ദകോലാഹലങ്ങളുടെ ലോകത്ത് നിശ്ശബ്ദതയുടെ ശക്തിയും, സൗന്ദര്യവും, പൊരുളറിയാന് പഠിച്ചതാണവള്. നിത്ര തന്റെ കത്തുകള് ഒരു കടിഞ്ഞൂല് പ്രണയം പോലെ രഹസ്യമായി ഓമനിക്കാനുള്ളതാണെന്നും അപരനില് നിന്നത് ഒളിച്ചുവെക്കേണ്ടതാണെന്നുമവള് കരുതി. ഒടുവില് സൈക്യാസ്ട്രി ബ്രെയിന് എന്ന മാനസികത്തകരാറുള്ള അവസ്ഥയിലെത്തിയ നിത്രയെ രക്ഷപ്പെടുത്താന് ആര്ക്കുമായില്ല. മനൂ…നീ…അറിയണം അഗാധമായി നിന്നോടു തോന്നിയ ഒരിഷ്ടം നിന്നെ ഒന്നു കാണാനോ….ബന്ധപ്പെടാനോ….സാധിക്കാത്തൊരവസ്ഥയില് പതിയെപ്പതിയെ ഒരു രോഗിയായിമാറിയത് അവള്പോലുമറിഞ്ഞില്ല. ഈ അവസ്ഥയിലും അവള് സന്തോഷവതിയായിരുന്നു. കാരണം വിഷ്വല് അലൂസിനേഷന് എന്നു പറഞ്ഞാല് അവള് മനുമാധവിനെക്കാണുന്നു. ഓഡിറ്ററി അലൂസിനേഷന് അവള് നിന്റെ ശബ്ദം കേള്ക്കുന്നു. ഓറല് അലൂസിനേഷന് അവള് നിന്നോടു സംസാരിക്കുന്നു. പക്ഷെ ‘അലൂസിനേഷന്….’ എന്ന രോഗം അവളേയും കൊണ്ടുപോയി.
നിത്ര എഴുതിക്കൂട്ടിയ കത്തുകളില് നിന്ന് ഈ സത്യമറിഞ്ഞ ഇരട്ടകളില് ഒരാളായ നേത്രയാണ് നിന്നെത്തേടി വന്നത്. നീ കണ്ടതും രൂപത്തില് ഒരേ സാമ്യമുള്ള നേത്രയെയാണ്. നിത്രയുടെ രോഗമറിയില്ലെങ്കിലും, ചില സമയങ്ങളിലൊക്കെ അവളില്കണ്ട മാറ്റം നേത്ര അവഗണിച്ചു. അവളെ കളിയാക്കി. സമ്പന്ന കുടുംബത്തിലെ ഉദ്യോഗസ്ഥരായ മാതാപിതാക്കള് ഇതൊന്നുമറിഞ്ഞില്ല. നിത്ര ആത്മഹത്യ ചെയ്തത് എന്തിനാണെന്ന് ഇതുവരെ മാതാപിതാക്കള്ക്കറിയില്ല. തളര്ന്നുപോയ അവരെ സമാധാനത്തിന്റെ പാതയിലെത്തിച്ച നേത്രയാണ് നിന്നെത്തേടി വന്നത്.
നിത്ര എഴുതിക്കൂട്ടിയ കത്തുകള് നിനക്കുള്ളതാണ്. ഫോണ് ചെവിയില് വെച്ച് സംസാരിക്കും വെറുതെ നീയാണ് മറുതലയ്ക്കലുള്ളതെന്ന സങ്കല്പം. സ്നേഹമെന്ന ഒരജ്ഞാത ശക്തി നഷ്ടപ്പെടുന്ന കാലഘട്ടത്തില്…..ഈ ഒരു പെണ്കുട്ടിയെ കാണാന് നമ്മള്ക്കെന്താ കഴിയാതിരുന്നത്. ഒരായിരം ചോദ്യങ്ങള് ദീപക്കില് നിന്നുയര്ന്നുവന്നതുപോലെ മനുമാധവിനു തോന്നി.
പുകമറയ്ക്കുള്ളില് നിന്നെന്നപോലെ അവ്യക്തമായി മനുമാധവ് ശബ്ദിച്ചു.
‘ അറിഞ്ഞില്ലെടാ…..ഒന്നും….ഒരു നോക്ക് കാണാനോ…രണ്ട് വാക്ക് സംസാരിക്കാനോ…ഇനി ….ഒരിക്കലും….’
ബാക്കി പറയാന് കഴിയാതെ മനുമാധവ് ദീപക്കിന്റെ ചുമലിലേക്ക് ചാഞ്ഞു.
‘സ്നേഹം എന്നൊരു ശക്തികൊണ്ടവളെന്നെ കീഴ്പ്പെടുത്തിക്കളഞ്ഞു’.
മനുമാധവിന്റെ കണ്ണുകള് ഈറനായി.
‘എനിക്കവളെ ഒന്നു കാണണം. ഒരു വെയില്നാളം പോലെ എന്റെ ജീവിതത്തിലേക്ക് കടന്നുവന്നതാണവള് നിത്ര.
നേത്രയിലൂടെ എനിക്ക് നിത്രയെ കാണണം’ .
വിറകൊണ്ട മനു മാധവിന്റെ വാക്കുകള് ദീപക്കിന്റെ ഹൃദത്തെ പിടിച്ചുകുലുക്കി.
നേത്ര വന്നുകൊണ്ടിരിക്കുകയാണ് നിന്റടുത്തേക്ക്….നേരിട്ട് കാണാന്….സംസാരിക്കാന്…
ഹൃദയത്തെ കുളിരണിയിച്ച ദീപക്കിന്റെ വാക്കുകള് കേട്ട് മനുമാധവ് തിറന്നിട്ട ജനലിലൂടെ പോക്കുവെയില് കടന്നെത്തുന്നതു നോക്കി നിന്നു. മുറിക്കത്തേക്കു കടന്ന ഒരു വെയില്നാളം അതില് അയാള് കണ്ടു. വിദൂരതയിലേക്ക് പറന്നുപോയ നിത്രയെ.
ശുഭം
