‘പെര്‍ഫക്ട് ക്ലിക്ക്’ മുഷ്താഖ് സ്പോര്‍ട്സ് ഫോട്ടോഗ്രാഫി അവാര്‍ഡ് നിധീഷ് കൃഷ്ണന്
കോഴിക്കോട്: കാലിക്കറ്റ് പ്രസ് ക്ലബിന്റെ 2025ലെ മുഷ്ത്താഖ് സ്പോര്‍ട്സ് ഫോട്ടോഗ്രാഫി അവാര്‍ഡിന് സുപ്രഭാതം ഫോട്ടോഗ്രാഫര്‍ നിധീഷ് കൃഷ്ണന് അര്‍ഹനായി. പ്രമുഖ കളിയെഴുത്തുകാരനായിരുന്ന പി.എ. മുഹമ്മദ്കോയ എന്ന മുഷ്ത്താഖിന്റെ സ്മരണാര്‍ഥം കോഴിക്കോട് ജില്ലാ ഫുട്ബാള്‍ അസോസിയേഷന്റെ സഹകരണത്തോടെ ഏര്‍പ്പെടുത്തിയതാണ് 15,000 രൂപയും പ്രശസ്തി പത്രവുമടങ്ങുന്ന അവാര്‍ഡ്. 2025 ജൂണ്‍ 10ന് സുപ്രഭാതം ദിനപത്രത്തില്‍ ‘പെര്‍ഫക്ട് കിക്ക്’ എന്ന ക്യാച്ച് വേര്‍ഡോടെ പ്രസിദ്ധീകരിച്ച, കോഴിക്കോട്ട് നടന്ന മുവായ് തായ് മത്സരത്തില്‍ എതിരാളിയുടെ മുഖത്ത് കാലുകൊണ്ട് കിക്ക് ചെയ്യുന്ന മത്സരാര്‍ത്ഥിയുടെ ചിത്രമാണ് അവാര്‍ഡിന് അര്‍ഹനാക്കിയതെന്ന് പ്രസ് ക്ലബ് പ്രസിഡന്റ് ഇ.പി മുഹമ്മദും സെക്രട്ടറി പി.കെ സജിത്തും അറിയിച്ചു.
മുതിര്‍ന്ന ന്യൂസ് ഫോട്ടോഗ്രാഫര്‍മാരായ പീതാംബരന് പയ്യേരി, വി. ആലി, മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനായ കെ. പ്രേമനാഥ് എന്നിവരടങ്ങിയ ജൂറിയാണ് അവാര്‍ഡ് നിര്‍ണയിച്ചത്.
കോഴിക്കോട് കല്ലായി സ്വദേശിയായ നിധീഷ് കൃഷ്ണന് 2014 മുതല്‍ സുപ്രഭാതം കോഴിക്കോട് ബ്യൂറോയില്‍ സ്റ്റാഫ് ഫോട്ടോഗ്രാഫറാണ്. പരേതനായ കൃഷ്ണന്റെയും കിടങ്ങത്ത് ഗിരിജയുടെയും മകനാണ്. ഭാര്യ: രേഷ്മ. മക്കള്‍: യാഷ്വി നിധീഷ് , തന്വി നിധീഷ്. സംസ്ഥാന യുവജനക്ഷേമ വകുപ്പ് യൂത്ത് ഫോട്ടോഗ്രഫി അവാര്‍ഡ്, സി.കെ ജയകൃഷ്ണന് ന്യൂസ് ഫോട്ടോഗ്രാഫി അവാര്‍ഡ്, എസ്.എസ് റാം , എസ്. ഹരിശങ്കര്‍ മെമ്മോറിയല്‍ നാഷനല്‍ അവാര്‍ഡ് പ്രത്യേക ജൂറി പരാമര്‍ശം, മികച്ച വാര്‍ത്താ ചിത്രത്തിനുള്ള ചിത്രാഞ്ജലി നാഷണല്‍ ഫോട്ടോഗ്രഫി അവാര്‍ഡ്, സംസ്ഥാന സ്കൂള്‍ കലോത്സവത്തിലെ മികച്ച വാര്‍ത്താ ചിത്രത്തിനുള്ള പ്രത്യേക ജൂറി പരാമര്‍ശം തുടങ്ങിയ പുരസ്കാരങ്ങള്‍ നേടിയിട്ടുണ്ട്. 2023ലെ വേള്‍ഡ് പ്രസ് ഫോട്ടോഗ്രാഫി മത്സരത്തില്‍ ജനറല്‍ കാറ്റഗറിയില്‍ ഫൈനല്‍ റൗണ്ടില്‍ എത്തിയിട്ടുണ്ട്.
