കലിക്കറ്റ് എയർപോർട്ട് റൺവെ വികസനം വേഗത്തിൽ പൂർത്തിയാക്കണം : ജി എം ഐ
കോഴിക്കോട്: മലബാറിന്റെ വികസനത്തിനും പ്രവാസി സമൂഹത്തിന്റെ യാത്രാസൗകര്യങ്ങൾക്കും ഏറെ പ്രാധാന്യമുള്ള കാലിക്കറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ റൺവേ വികസന പ്രവർത്തനങ്ങൾ വേഗത്തിൽ പൂർത്തിയാക്കണമെന്ന് ഗ്രേറ്റർ മലബാർ ഇനിഷ്യേറ്റീവ് (ജി.എം.ഐ) വാർഷിക ജനറൽ ബോഡി യോഗം ആവശ്യപ്പെട്ടു.
മലബാറിന്റെ സാമ്പത്തിക, വ്യാവസായിക, വാണിജ്യ, ടൂറിസം മേഖലകളുടെ വളർച്ചയിൽ കാലിക്കറ്റ് വിമാനത്താവളം നിർണായക പങ്കാണ് വഹിക്കുന്നത്. പ്രവാസികൾ ഉൾപ്പെടെ ലക്ഷക്കണക്കിന് യാത്രക്കാർ ആശ്രയിക്കുന്ന വിമാനത്താവളത്തിന്റെ വികസനം അനാവശ്യമായ കാലതാമസമില്ലാതെ പൂർത്തിയാക്കേണ്ടത് അത്യാവശ്യമാണ്.
റൺവേ വികസനവുമായി ബന്ധപ്പെട്ട നടപടികൾ സമയബന്ധിതമായി മുന്നോട്ടുകൊണ്ടുപോകുന്നതിനും ആവശ്യമായ ഭൂമി ലഭ്യമാക്കൽ ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ബന്ധപ്പെട്ട അധികാരികൾ ഏകോപിതമായി പ്രവർത്തിക്കുന്നതിനും നടപടി സ്വീകരിക്കണം. വിമാനത്താവളത്തിന്റെ സുരക്ഷാ മാനദണ്ഡങ്ങൾ പൂർണമായി പാലിച്ചുകൊണ്ട് വികസന പ്രവർത്തനങ്ങൾ പൂർത്തിയാക്കണമെന്നും ജി.എം.ഐ ആവശ്യപ്പെട്ടു.
കാലിക്കറ്റ് വിമാനത്താവളത്തിന്റെ വികസനം മലബാറിന്റെ സമഗ്ര പുരോഗതിയുമായി ബന്ധപ്പെട്ട വിഷയമാണ്. അതിനാൽ കേന്ദ്ര-സംസ്ഥാന സർക്കാരുകളും വിമാനത്താവള അധികൃതരും ജനപ്രതിനിധികളും വിഷയത്തിൽ പ്രത്യേക ശ്രദ്ധ ചെലുത്തി റൺവേ വികസനം വേഗത്തിൽ യാഥാർഥ്യമാക്കാൻ ഇടപെടണമെന്നും ജി.എം.ഐ പ്രസ്താവനയിൽ ആവശ്യപ്പെട്ടു. കോഴിക്കോട് റെയിൽ വേ വികസനം ത്വരിതപ്പെടുത്തണമെന്നും യോഗം ആവശ്യപ്പെട്ടു പ്രസിഡൻ്റ് എഞ്ചിനിയർ പി സി റഷീദ് അധ്യക്ഷതവഹിച്ചു. ജനറൽ സെക്രട്ടറി കെ പി നൗഫൽ പ്രവർത്തന റിപ്പോർട്ടും ട്രഷറർ ജോഹർ ടാംOൻ വരവ് ചെലവ് കണക്ക് അവതരിപ്പിച്ചു. നവാസ് പൂനൂർ തെരെഞ്ഞെടുപ്പിനു നേതൃത്വം നൽകി. പുതിയ ഭാരവാഹികൾ : സുബൈർ കൊളക്കാടൻ (പ്രസിഡൻ്റ്), മുരളി മലക്കൽ, ഫയാസ് മിലൻ , മുജീബ് ഗസൽ (വൈസ് പ്രസിഡൻ്റ്), രാജേഷ് കുഞ്ഞപ്പൻ (ജനറൽ സെക്രട്ടറി), മുസ്തഫ കൊമ്മേരി, രഞ്ജിനി ഉമേഷ്, ഫർസീൻ അഹമ്മദ് (സെക്രട്ടറി) ജോഹർ ടാംoൺ (ട്രഷറർ)
