തെരുവത്ത് രാമന്‍ അവാര്‍ഡ് ആര്‍. രഞ്ജിത്തിന്

തെരുവത്ത് രാമന്‍ അവാര്‍ഡ് ആര്‍. രഞ്ജിത്തിന്

കോഴിക്കോട്: കാലിക്കറ്റ് പ്രസ് ക്ലബിന്റെ 2025ലെ മലയാള ദിനപത്രങ്ങളിലെ മികച്ച മുഖപ്രസംഗത്തിനുള്ള തെരുവത്ത് രാമന്‍ അവാര്‍ഡിന് ദേശാഭിമാനി ന്യൂസ് എഡിറ്റര്‍ (സ്പോര്‍ട്സ്) ആര്‍. രഞ്ജിത് അര്‍ഹനായി. 15,000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാര്‍ഡ്.
പ്രദീപം പത്രാധിപരായിരുന്ന തെരുവത്ത് രാമന്റെ സ്മരണയ്ക്കായി അദ്ദേഹത്തിന്റെ കുടുംബം കാലിക്കറ്റ് പ്രസ് ക്ലബുമായി ചേര്‍ന്ന് ഏര്‍പ്പെടുത്തിയതാണ് അവാര്‍ഡ്. 2025 ഒക്ടോബര്‍ ഒന്നിന് കളി മതി, യുദ്ധം വേണ്ട എന്ന തലക്കെട്ടില്‍ ദേശാഭിമാനിയില്‍ പ്രസിദ്ധീകരിച്ച മുഖപ്രസംഗമാണ് രഞ്ജിത്തിനെ അവാര്‍ഡിന് അര്‍ഹനാക്കിയതെന്ന് പ്രസ് ക്ലബ് പ്രസിഡന്റ് ഇ.പി മുഹമ്മദ്, സെക്രട്ടറി പി.കെ സജിത് എന്നിവര്‍ അറിയിച്ചു. കളിക്കളങ്ങള്‍ പരസ്പര സൗഹൃദത്തിന്റെയും സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റിന്റെയും വേദിയാകണമെന്ന സന്ദേശമാണ് മുഖപ്രസംഗം മുന്നോട്ടുവച്ചത്. കഴിഞ്ഞ വര്‍ഷം ദുബായില്‍ നടന്ന ഏഷ്യാകപ്പ് ക്രിക്കറ്റില്‍ ഇന്ത്യ – പാകിസ്ഥാന്‍ കളിക്കാര്‍ക്കിടെയുണ്ടായ അസ്വാരസ്യങ്ങളും ഹസ്തദാനത്തിന് തയ്യാറാവാത്ത സമീപനവും
സമ്മാനദാന ചടങ്ങിലെ അസ്വാഭാവിക രംഗങ്ങളും പരാമര്‍ശിക്കുന്ന മുഖപ്രസംഗം മത്സരവേദികള്‍ യുദ്ധഭൂമിയല്ലെന്നും കളിക്കാര്‍ പടയാളികളല്ലെന്നും വിശദീകരിക്കുന്നു. കളത്തില്‍ മുഴങ്ങേണ്ടത് വിദ്വേഷത്തിന്റെ അട്ടഹാസമല്ല, ഒരുമയുടെ സംഗീതമാണെന്നും സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റില്ലാത്ത ഒരു കളിയെയും കളിയായി കാണാനാവില്ലെന്ന് മുഖപ്രസംഗം ഓര്‍മപ്പെടുത്തുന്നു.
മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകരായ എന്‍.പി ചെക്കുട്ടി, എ. സജീവന്‍, അശോക് ശ്രീനിവാസ് എന്നിവരടങ്ങിയ ജൂറിയാണ് അവാര്‍ഡ് ജേതാവിനെ തെരഞ്ഞെടുത്തത്.
1997 മുതല്‍ ദേശാഭിമാനിയില്‍ പ്രവര്‍ത്തിക്കുന്ന രഞ്ജിത്ത് നിലവില്‍ കോഴിക്കോട്ട് സ്പോര്‍ട്സ് ഡസ്‌കില്‍ ന്യൂസ് എഡിറ്ററാണ്.
മലപ്പുറം തിരൂര്‍ തൃക്കണ്ടിയൂര്‍ സ്വദേശിയാണ്. കോഴിക്കോട് സൈബര്‍ പാര്‍ക്കിനടുത്ത് കെ.ടി താഴം ഏദനിലാണ് താമസം. പരേതനായ പി.എന്‍ രാഘവന്റെയും എന്‍.ജി സുധയുടെയും മകനാണ്. ഭാര്യ: രജി ആര്‍. നായര്‍ (സീനിയര്‍ സബ് എഡിറ്റര്‍, മാതൃഭൂമി), മകന്‍: ഋതുനന്ദന്‍.
സംസ്ഥാന സ്‌കൂള്‍ കായികമേളയിലെ മികച്ച റിപ്പോര്‍ട്ടര്‍ക്കുള്ള പുരസ്‌കാരം രണ്ടു തവണ നേടി. 2022ലെ ഖത്തര്‍ ലോകകപ്പ് ഫുട്ബോള്‍ റിപ്പോര്‍ട്ട് ചെയ്തു.

 

 

തെരുവത്ത് രാമന്‍ അവാര്‍ഡ് ആര്‍. രഞ്ജിത്തിന്

 

Share

Leave a Reply

Your email address will not be published. Required fields are marked *