ന്യുഡല്‍ഹി: ജാതി സെന്‍സസ് നടപ്പിലാക്കുന്നത് തടഞ്ഞ് രാജ്യത്തെ പിന്നാക്ക വിഭാഗങ്ങളെയും സാമൂഹികമായി അവശത അനുഭവിക്കുന്ന ജനവിഭാഗങ്ങളെയും അകറ്റിനിര്‍ത്താനുള്ള നീക്കമാണ് കോണ്‍ഗ്രസും ബി.ജെ.പിയും നടത്തുന്നതെന്ന് ഇന്ത്യന്‍ നാഷണല്‍ ലീഗ് (ഐ.എന്‍.എല്‍) ദേശീയ പ്രവര്‍ത്തക സമിതി യോഗം അഭിപ്രായപ്പെട്ടു. ഐ.എന്‍.എല്‍ ദേശീയ പ്രസിഡന്റ് പ്രൊഫ. മുഹമ്മദ് സുലൈമാന്‍ അധ്യക്ഷത വഹിച്ചു. രാജ്യത്ത് സമഗ്രമായ ജാതി സെന്‍സസ് നടപ്പിലാക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
സാമൂഹിക നീതിയും തുല്യനീതിയും ഉറപ്പാക്കുന്നതിനും പിന്നാക്ക വിഭാഗങ്ങളുടെ യഥാര്‍ത്ഥ സാമൂഹിക-സാമ്പത്തിക അവസ്ഥ തിരിച്ചറിയുന്നതിനും ജാതി സെന്‍സസ് അനിവാര്യമാണെന്ന് യോഗം ചൂണ്ടിക്കാട്ടി.
പാര്‍ട്ടിയുടെ സംഘടനാ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ജനുവരി മുതല്‍ മെയ് വരെ ദേശീയതലത്തില്‍ ഡിജിറ്റല്‍ മെമ്പര്‍ഷിപ്പ് ക്യാമ്പയിനും സംഘടനാ തിരഞ്ഞെടുപ്പും സംഘടിപ്പിക്കും. അംഗത്വത്തിന്റെ അടിസ്ഥാനത്തിലുള്ള പുതിയ ദേശീയ കൗണ്‍സില്‍ ജൂലൈ അവസാനത്തോടെ കേരളത്തില്‍ സംഘടിപ്പിക്കും.
സംഘടനാ ചുമതലകളുടെ ഭാഗമായി നാഷണല്‍ യൂത്ത് ലീഗ് ദേശീയ ഓര്‍ഗനൈസറായി ഡോ.ജുനൈദിനെയും നാഷണല്‍ ലേബര്‍ യൂണിയന് ദേശീയ ഓര്‍ഗനൈസറായി സി.പി. അന്‍വര്‍ സാദത്തിനെയും തെരഞ്ഞെടുത്തു.മറ്റു പോഷക സംഘടന കളുടെ ഓര്‍ഗനൈസറായി എംഎ ലത്തീഫിനെയും ഡിജിറ്റല്‍ മെമ്പര്‍ഷിപ്പ് ക്യാമ്പയിന് കോര്‍ഡിനേറ്ററായി ഡോ. ഷമീന മെഹ്താബിനെയും തിരഞ്ഞെടുത്തു.
നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന ഉത്തര്‍പ്രദേശ് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ ചുമതലയില്‍ അഡ്വ. വജഹാത്ത് അന്‍സാരിയെയും നിയമിച്ചു.
അഹമ്മദ് ദേവര്‍കോവില്‍ ഉദ്ഘാടനം ചെയ്തു. അഡ്വ. ഇഖ്ബാല്‍ സഫര്‍, അഡ്വ.മുനീര്‍ ഷെരീഫ്, ഡോ. ഷക്കീല്‍ അഹമ്മദ്, അഡ്വ. അല്‍താഫ് അഹമ്മദ്, സമീറുല്‍ ഹസന്, കാസിം ഇരിക്കൂര്‍, സിപി അന്‍വര്‍ സാദത്ത്, എം.എ. ലത്തീഫ്, റാഫി അഹമ്മദ്, തസ്നി ഇബ്രാഹിം സേട്ട്, ഷാജഹാന്, ഷഹദാന്‍, ഷാഹുല്‍ ഹമീദ്, സലാഹുദ്ധീന്‍ എന്നിവര്‍ സംസാരിച്ചു.ദേശീയ ജനറല്‍ സെക്രട്ടറി മുസമ്മില്‍ ഹുസൈന് സ്വാഗതവും ദേശീയ ഓര്‍ഗനൈസിംഗ് സെക്രട്ടറി സമദ് നരിപ്പറ്റ നന്ദിയും പറഞ്ഞു.
