ഗ്യാനേഷ് കുമാറിന്റെ രാജി അനിവാര്യം (എഡിറ്റോറിയല്‍)

ഗ്യാനേഷ് കുമാറിന്റെ രാജി അനിവാര്യം (എഡിറ്റോറിയല്‍)

           മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ  രാജി ആവശ്യപ്പെട്ട് രാജ്യമാകെ പ്രതിഷേധം അലയടിക്കുകയാണ്. ഇന്ത്യന്‍ ജനാധിപത്യത്തിന് കളങ്കം വരുത്തിയ ഗ്യാനേഷ് കുമാറിന്റെ രാജി അനിവാര്യമാണ്. ഗ്യാനേഷ് കുമാറിനെ സംരക്ഷിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഏതൊക്കെ വഴിയില്‍ കിണഞ്ഞു ശ്രമിച്ചാലും, അതൊന്നും ജനാധിപത്യ പോരാട്ടങ്ങള്‍ക്ക് മുന്‍പില്‍ വിലപ്പോവില്ല. രാജ്യത്തെ പരമോന്നത നീതിപീഠമായ സുപ്രീം കോടതിപോലും തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടികളെ വിമര്‍ശിക്കുമ്പോള്‍ പോലും ഗ്യാനേഷ് കുമാറിനെ സംരക്ഷിക്കുന്ന മോദി ഭരണകൂടം ഗ്യാനേഷിനെ സംരക്ഷിക്കുന്നതിലൂടെ തിരഞ്ഞെടുപ്പ് അട്ടിമറികള്‍ നടന്നു എന്ന് തുറന്ന് സമ്മതിക്കുകയാണ്.
തിരഞ്ഞെടുപ്പ് കമ്മീഷനെ സംരക്ഷിക്കാന്‍ മോദി സര്‍ക്കാര്‍ കൊണ്ടുവന്ന നിയമ നിര്‍മ്മാണവും, അതിന് ശേഷം ഗ്യാനേഷ് കുമാറിന്റെ നേതൃത്വത്തില്‍ നടന്ന തിരഞ്ഞെടുപ്പ് നടപടികളും കൂട്ടിവായിക്കുമ്പോള്‍, ഗ്യാനേഷ് കുമാര്‍, മോദി സര്‍ക്കാരിന്റെ താളത്തിന് തുള്ളി എന്നത് പകല്‍പോലെ വ്യക്തമാണ്. അതുകൊണ്ടാണ് ഗ്യാനേഷ് കുമാറിനെ മോദി ഭരണകൂടം കണ്ണടച്ച് സംരക്ഷിക്കുന്നത്. കണ്ണടച്ച് ഇരുട്ടാക്കാന്‍ എത്ര ശ്രമിച്ചാലും, സത്യം പകല്‍പോലെ ലോകത്തിന് വ്യക്തമായിരിക്കുകയാണ്. തിരഞ്ഞെടുപ്പ് അട്ടിമറികള്‍ക്കെതിരെ രാജ്യത്തെ പ്രതിപക്ഷ പാര്‍ട്ടികള്‍, വിദ്യാര്‍ത്ഥികള്‍, യുവജനങ്ങള്‍, സാംസ്‌കാരിക പ്രവര്‍ത്തകര്‍, അഭിഭാഷകര്‍ ഉള്‍പ്പെടെ ആബാലവൃന്ദം ജനങ്ങളും ഇന്ന് ഇന്ത്യന്‍ തെരുവുകളില്‍ പ്രതിഷേധ ജ്വാല തെളിയിക്കുകയാണ്. ഈ പ്രതിഷേധം ഇന്ത്യയുടെ മഹത്തായ ജനാധിപത്യ പാരമ്പര്യം കാത്തുസൂക്ഷിക്കാനുള്ള പോരാട്ടമാണ്. ഇത് ശക്തിപ്പെട്ട് വിജയിക്കേണ്ടത് ഭാവി ഇന്ത്യയുടെ നിലനില്‍പ്പിന് അത്യന്താപേക്ഷിതമാണ്.
ജനകീയ പ്രക്ഷോഭത്തെ അടിച്ചമര്‍ത്താന്‍ ഡല്‍ഹി പൊലീസും, കേന്ദ്ര സേനകളും എത്ര ശ്രമിച്ചാലും അവര്‍ക്ക് ഉത്തരവ് നല്‍കുന്ന രാഷ്ട്രീയ യജമാനന്മാര്‍ ദിവാസ്വപ്‌നം കണ്ടാലും, ഈ പ്രക്ഷോഭം പരാജയപ്പെടില്ല. ഇത് ഇനിയൊരിക്കലും ഇന്ത്യയില്‍ തിരഞ്ഞെടുപ്പ് അട്ടിമറി നടക്കാന്‍ പാടില്ലെന്ന് പ്രതിജ്ഞയെടുത്തുള്ള പ്രക്ഷോഭമാണ്. ഇന്ത്യയില്‍ ഇന്ന് നടക്കുന്ന ജനാധിപത്യ പ്രക്ഷോഭം ലോകം വീക്ഷിക്കുകയാണ്. മഹത്തായ ഈ രാജ്യത്തിന്റെ ജനാധിപത്യ പ്രക്രിയ, അലങ്കോലമാക്കിയതില്‍ നിന്ന് ബിജെപിയ്ക്ക് കൈകഴുകാനാവില്ല. ചരിത്രം ജനാധിപത്യത്തെ അപകടത്തിലാക്കാന്‍ ശ്രമിച്ചതായിതന്നെ രേഖപ്പെടുത്തും.

ഗ്യാനേഷ് കുമാറിന്റെ രാജി അനിവാര്യം (എഡിറ്റോറിയല്‍)

Share

Leave a Reply

Your email address will not be published. Required fields are marked *