കേരളത്തിലെ മാധ്യമ രംഗം വളരെ സജീവവും, പ്രതികരണ ശേഷിയുള്ളതുമാണ്. പ്രശസ്തരായ മാധ്യമ പ്രവര്‍ത്തകരെ സംഭാവന ചെയ്ത നാടാണ് കേരളം. സംസ്ഥാനത്തെ മാധ്യമങ്ങള്‍ക്ക് പക്ഷങ്ങളുണ്ടെങ്കിലും, വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതില്‍ ആരും പിശുക്ക് കാട്ടാറില്ല. ജനാധിപത്യത്തിന്റെ ഏറ്റവും മഹത്തായ വശമെന്നത് എതിര്‍ ശബ്ദങ്ങള്‍ക്ക് ചെവി കൊടുക്കുക എന്നതാണ്. ഇത്തരം എതിര്‍ ശബ്ദങ്ങള്‍ ഭയ രഹിതമായി ജനങ്ങളിലെത്തിക്കുന്നതിലും മാധ്യമങ്ങള്‍ ഒരുപടി മുന്നിലാണ്. ജനാധിപത്യത്തിന്റെ നാലാം തൂണാണ് മാധ്യമങ്ങള്‍. ശക്തമായ മാധ്യമ നിരയുണ്ടായതിനാലാണ് വാര്‍ത്തകള്‍ ജനങ്ങളിലെത്തുന്നത്. അഴിമതിക്കും സ്വജന പക്ഷപാതത്തിനും, വര്‍ഗ്ഗീയതയ്ക്കും, അനീതിക്കുമെതിരെയും സാമൂഹിക ഉന്നമനത്തിനും വേണ്ടി നിലകൊള്ളുന്നവരാണ് കേരളത്തിലെ മാധ്യമങ്ങള്‍. അച്ചടി മാധ്യമങ്ങള്‍ ഇക്കാര്യത്തില്‍ ദേശീയ സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായി ബ്രിട്ടീഷുകാര്‍ക്കെതിരെയും, ഏകാധിപത്യ പ്രവണയ്‌ക്കെതിരായും പടനയിച്ച പാരമ്പര്യം പിന്‍പറ്റുന്നവരാണ്.
വാര്‍ത്തകള്‍ ഏറ്റവും വേഗത്തില്‍ ജനങ്ങളിലെത്തിക്കാന്‍ ചാനലുകളുടെ വരവുകള്‍ വഴിയൊരുക്കി. ഇപ്പോള്‍ സോഷ്യല്‍ മീഡിയയുടെ വരവോടെ വാര്‍ത്തകള്‍ ഓരോ വ്യക്തികളുടേയും വിരല്‍തുമ്പിലുമെത്തി. ഈയൊരു ഘട്ടത്തില്‍ മാധ്യമങ്ങളുടെ ഉത്തരവാദിത്തം വളരെ വലുതാണ്. വാര്‍ത്തകള്‍ പുറത്ത് വിടുന്ന നിമിഷം മുതല്‍ അത് സോഷ്യല്‍ മീഡിയകളിലൂടെയും മറ്റും നിമിഷ നേരം കൊണ്ട് പടരും. അതുകൊണ്ട് തന്നെ ഓരോ വാര്‍ത്തയുടെയും സത്യവും, വസ്തുതയും പൂര്‍ണ്ണമായി ബോധ്യപ്പെട്ട് വേണം വാര്‍ത്തകള്‍ കൊടുക്കാന്‍. തെറ്റായ വാര്‍ത്തകള്‍ സമൂഹത്തിലും, വ്യക്തികളിലുമുണ്ടാക്കുന്ന പ്രത്യാഘാതങ്ങള്‍ വലുതാണ്.
ഈയടുത്ത ദിവസമാണ് സുകുമാര കുറുപ്പിനെ കണ്ടെത്തിയെന്ന വാര്‍ത്ത ഒരു ചാനല്‍ എസ്‌ക്ലൂസിവായി പുറത്ത് വിട്ടത്. കേരളത്തെ പിടിച്ചു കുലുക്കിയ ഒരറുംകൊല നടത്തിയയാളാണ് സുകുമാര കുറുപ്പ്. കൊല നടത്തിയതിന് ശേഷം നാല് പതിറ്റാണ്ടായി കുറുപ്പിനെ പിടികൂടാനായിട്ടില്ല. കുറുപ്പിനെ അന്വേഷിച്ച് കണ്ടെത്താന്‍ പഠിച്ച പണി പതിനെട്ടും പയറ്റിയിട്ടും കേരള പൊലീസിനായിട്ടില്ല. ഈ സാഹചര്യത്തില്‍ കുറുപ്പിനെ കണ്ടെത്തിയെന്നും, അയാള്‍ ബ്രൂണയില്‍ താമസിക്കുന്നുണ്ടെന്നുമാണ് ചാനല്‍ റിപ്പോര്‍ട്ട് ചെയ്തത്. സ്വഭാവികമായും ഈ വാര്‍ത്ത കേരളീയര്‍ വളരെയധികം താല്‍പ്പര്യത്തോടെയാണ് വീക്ഷിച്ചത്. എന്നാല്‍ ചാനല്‍ സുകുമാരകുറുപ്പായി കണ്ടെത്തിയത് മറ്റൊരു വ്യക്തിയെയായിരുന്നു. ഇത് ശരിയായ അന്വേഷണം നടത്താതെ നടത്തിയ റിപ്പോര്‍ട്ടിംഗിലൂടെ സംഭവിച്ചതാണ്. ഇന്ന് റേറ്റിംഗിന് വേണ്ടി കേരളത്തിലെ മാധ്യമങ്ങള്‍ വിശിഷ്യാ ചാനലുകള്‍ മല്‍സരത്തിലാണ്. ചാനലുകളുടെ വരുമാനത്തിന് പുറമെ സോഷ്യല്‍ മീഡിയ വഴിയും, ഓണ്‍ലൈന്‍ വഴിയുമെല്ലാം വരുമാനം കിട്ടുവാനുള്ള സാഹചര്യമുണ്ട്. അപ്പോള്‍ റേറ്റിംഗ് കൂടി വരുമാനമുണ്ടാക്കുക എന്ന കച്ചവട തന്ത്രം മാധ്യമങ്ങളെ സ്വാധീനിക്കുന്നുണ്ടോ എന്ന് ആരെങ്കിലും സംശയിച്ചാല്‍ അവരെ എങ്ങിനെ കുറ്റം പറയാനാവും. അന്വേഷണാത്മക ജേര്‍ണലിസം ഏറ്റവും മികച്ചതാണ്. എന്നാല്‍ ശരിയായ അന്വേഷണം നടത്തി വസ്തുത ബോധ്യപ്പെട്ടതിനു ശേഷം റിപ്പോര്‍ട്ട് ചെയ്യാന്‍ മാധ്യമങ്ങള്‍ ജാഗ്രത പുലര്‍ത്തണം. മാധ്യമ ധര്‍മ്മം ജനങ്ങള്‍ക്ക് വേണ്ടിയാണ്. അത് കലര്‍പ്പില്ലാതെ ജനങ്ങള്‍ക്ക് എത്തിക്കാന്‍ മാധ്യമങ്ങള്‍ അതീവ ജാഗ്രത പുലര്‍ത്തണം.
