നവാഗത സാഹിത്യകാരന്മാരെ വളര്‍ത്തിയെടുക്കാന്‍ സാഹിത്യ ക്യാമ്പ് (എഡിറ്റോറിയല്‍)

നവാഗത സാഹിത്യകാരന്മാരെ വളര്‍ത്തിയെടുക്കാന്‍ സാഹിത്യ ക്യാമ്പ് (എഡിറ്റോറിയല്‍)

         യുനെസ്‌കോ സാഹിത്യ നഗരമായി പ്രഖ്യാപിച്ച കോഴിക്കോട്, പീപ്പിള്‍സ് റിവ്യൂ പബ്ലിക്കേഷന്‍സ് സംഘടിപ്പിക്കുന്ന രണ്ടാമത്തെ സാഹിത്യ ക്യാമ്പ് ഒക്ടോബര്‍ 10ന് ഗാന്ധി ഗൃഹത്തില്‍ നടക്കും. ക്യാമ്പില്‍ പ്രശസ്തരായ സാഹിത്യകാരന്മാര്‍ ക്ലാസ്സുകള്‍ നയിക്കും. 2025 സെപ്തംബര്‍ 27ന് നടത്തിയ ഒന്നാംഘട്ട സാഹിത്യ ക്യാമ്പില്‍ നല്ല പങ്കാളിത്തമാണുണ്ടായത്. ക്യാമ്പില്‍ പങ്കെടുത്തവരുടെ രചനകള്‍ പിന്നീട് പീപ്പിള്‍സ് റിവ്യൂവിന്റെ വിവിധ പ്രസിദ്ധീകരണങ്ങളില്‍ പ്രസിദ്ധീകരിക്കുകയുണ്ടായി.
കേരളീയ സമൂഹത്തിന്റെ നവീകരണത്തില്‍ ഏറ്റവുമധികം പങ്ക് വഹിച്ച മേഖലയാണ് സാഹിത്യ ശാഖ. സാഹിത്യ ശാഖയുടെ സ്വാധീനം സമൂഹത്തിന്റെ സര്‍വ്വ മണ്ഡലങ്ങളെയും സ്പര്‍ശിച്ചതായി മനസ്സിലാക്കാം. കേരളത്തെ ഉഴുതുമറിച്ച സാമൂഹിക നവീകരണ പ്രസ്ഥാനങ്ങള്‍ക്ക് വെള്ളിവെളിച്ചം പകര്‍ന്നത് നമ്മുടെ മഹാരഥന്മാരായ സാഹിത്യകാരന്മാരാണ്. കോഴിക്കോടിന് ഉജ്ജ്വലമായ ഒരു സാഹിത്യ പാരമ്പര്യമാണുളളത്. ദേശീയ സ്വാതന്ത്ര്യ പ്രസ്ഥാനത്തിനും നൂറ്റാണ്ടുകള്‍ക്ക് മുമ്പ് തന്നെ ഉല്‍കൃഷ്ട കൃതികള്‍ പിറവിയെടുത്ത മഹത്തായ ദേശമാണ് കോഴിക്കോട്. അതിന്റെ തുടര്‍ച്ചയായി എസ്.കെ.പൊറ്റക്കാടും, ബഷീറും, എം.ടിയുമുള്‍പ്പെടുന്ന തലമുറ നമ്മെ സാഹിത്യ നഗരത്തിലേക്ക് ആനയിച്ചിട്ടുണ്ട്. ഉല്‍കൃഷ്ടമായ നിരവധി കൃതികള്‍ രചിക്കപ്പെട്ട മണ്ണാണ് കോഴിക്കോട്. അതിന്റെ നേരവകാശികളായി പ്രബുദ്ധരായ ഒരു ജനതയും, അനുഗ്രഹീതരായ എഴുത്തുകാരും ഇപ്പോഴും ഈ മണ്ണില്‍ തലയുയര്‍ത്തി നില്‍ക്കുന്നു. ഐക്യ കേരളം നിലനിന്ന കാലത്തടക്കമുള്ള ലൈബ്രറികള്‍ ഇന്നും നിറവെളിച്ചമായി നമ്മുടെ പട്ടണങ്ങളിലും, ഗ്രാമങ്ങളിലും പരിലസിക്കുന്നു. ഈ ചൈതന്യം കെടാതെ സൂക്ഷിക്കാന്‍, കഴിവുള്ള സാഹിത്യകാരന്മാരെ വളര്‍ത്തിയെടുക്കാനുള്ള ഒരെളിയ ശ്രമമാണ് പീപ്പിള്‍സ് റിവ്യൂ സംഘടിപ്പിക്കുന്ന സാഹിത്യ ക്യാമ്പ്. കഴിഞ്ഞ വര്‍ഷം നടത്തിയ സാഹിത്യ ക്യാമ്പിനോടനുബന്ധിച്ച് കോഴിക്കോടിന്റെ  സാംസ്‌കാരിക സാധ്യതകള്‍ എന്ന വിഷയത്തില്‍ സെമിനാറും സംഘടിപ്പിച്ചിരുന്നു. സാഹിത്യ നഗരത്തെ കൂടുതല്‍ മെച്ചപ്പെടുത്തിയെടുക്കാനുള്ള മികച്ച നിര്‍ദ്ദേശങ്ങളാണ് ഉയര്‍ന്നു വന്നത്. ഇത്തരം നിര്‍ദ്ദേശങ്ങളെല്ലാം പൊതു ജനങ്ങളുടെയും അധികാരികളുടെയും ശ്രദ്ധയില്‍ കൊണ്ടുവന്ന് യാഥാര്‍ത്ഥ്യമാക്കാന്‍ കഴിയേണ്ടതുണ്ട്. മികച്ച നഗരമായി കോഴിക്കോട് അനുദിനം വളരുമ്പോള്‍, സാഹിത്യത്തിന്റെ ഏഴഴക്കൂടി അതിന് തണല്‍ വിരിക്കുമ്പോള്‍, പ്രൗഢമായ ഒരു ജനസമൂഹമായി മാറി, നാടിന്റെ ഖ്യാതി മറ്റിടങ്ങളിലേക്കുമെത്തിക്കാന്‍ ഇത്തരം ക്യാമ്പുകള്‍ വഴിയൊരുക്കുമെന്നതില്‍ സംശയമില്ല.

നവാഗത സാഹിത്യകാരന്മാരെ വളര്‍ത്തിയെടുക്കാന്‍ സാഹിത്യ ക്യാമ്പ് (എഡിറ്റോറിയല്‍)

Share

Leave a Reply

Your email address will not be published. Required fields are marked *