കോഴിക്കോട് :സഹകരണ മേഖലയെ കൂടുതല്‍ ശക്തിപ്പെടുത്തുകയും സുസ്ഥിരവും സാങ്കേതികവിദ്യാധിഷ്ഠിതവുമായ കാര്‍ഷിക വികസനം പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതിനായി ഇന്ത്യന്‍ ഫാര്‍മേഴ്‌സ് ഫെര്‍ട്ടിലൈസര്‍ കോ-ഓപ്പറേറ്റീവ് ലിമിറ്റഡ് ( ഇഫ്‌കോ), നവകേരള അഗ്രി ആന്‍ഡ് അലൈഡ് മള്‍ട്ടി സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ (നാംകോസ്) സഹകരണത്തോടെ ‘സഹകരണത്തില്‍ നിന്ന് കൃഷിയിലേക്ക്’ എന്ന വിഷയത്തില്‍ ദേശീയ സെമിനാര്‍ സംഘടിപ്പിക്കുന്നു.10 ന് (വെള്ളിയാഴ്ച) രാവിലെ 10.30 ന് കെ.പി. കേശവമേനോന്‍ ഹാളില്‍ നടക്കുന്ന സെമിനാര്‍ ഇഫ്‌കോ ഡയറക്ടര്‍ സുമേഷ് അച്ചുതന്‍ ഉദ്ഘാടനം ചെയ്യും.നാംകോസ് ഉപദേശകനും എക്‌സിക്യൂട്ടീവ് ഡയറക്ടറുമായ ബിനു ജി. കുറുപ്പ് അധ്യക്ഷത വഹിക്കും. ഇഫ്‌കോ ഡയറക്ടര്‍ മനീഷ് ഗുപ്ത മുഖ്യപ്രഭാഷണം നടത്തും. ഇഫ്കോ ജനറല്‍ മാനേജര്‍ തരുണ്‍ ഭാര്‍ഗവ മുഖ്യാതിഥിയാകും. ഇഫ്‌കോ കേരള സ്റ്റേറ്റ് ഹെഡ് എ മണികണ്ഠന്‍, നാംകോസ് ചെയര്‍മാന്‍ കെ ബി ശ്രീരാജ് , വൈസ് ചെയര്‍മാന്‍ പി പി സുരേഷ്,മാനേജിങ് ഡയറക്ടര്‍
എന്‍ ഫിറോസ്, കോഴിക്കോട് പ്രിന്‍സിപ്പല്‍ അഗ്രികള്‍ച്ചറല്‍ ഓഫീസര്‍ അബ്ദുല്‍ മജീദ്, നാംകോസ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഷൈനി ചാര്‍ലി എന്നിവര്‍ പ്രസംഗിക്കും.കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള സഹകരണ സ്ഥാപനങ്ങളുടെ പ്രതിനിധികള്‍, ഇഫ്കോ ഉന്നത ഉദ്യോഗസ്ഥര്‍, സര്‍ക്കാര്‍ വകുപ്പുകളിലെ പ്രതിനിധികള്‍, കാര്‍ഷിക വിദഗ്ധര്‍, മാതൃകാ കര്‍ഷകര്‍, സംരംഭകര്‍, ബാങ്കിങ് മേഖലയിലെ പ്രതിനിധികള്‍, മറ്റ് കാര്‍ഷിക മേഖലയിലെ പങ്കാളികള്‍ എന്നിവര്‍ സെമിനാറില്‍ പങ്കെടുക്കും.
കൃഷിയിലെ പുതിയ സാധ്യതകള്‍, സഹകരണ മേഖലയെ കൂടുതല്‍ ശക്തിപ്പെടുത്തല്‍, കാര്‍ഷിക ഉല്‍പ്പാദനക്ഷമതയും വരുമാനവും വര്‍ധിപ്പിക്കുന്ന നൂതന സാങ്കേതികവിദ്യകളുടെ പ്രയോജനം എന്നിവ ചര്‍ച്ച ചെയ്യുന്നതിനുള്ള വേദിയാകും സെമിനാര്‍.കാര്‍ഷിക സുസ്ഥിരത ഉറപ്പാക്കുന്നതില്‍ സഹകരണ പ്രസ്ഥാനത്തിന്റെ പങ്ക്, കര്‍ഷകരുടെ വരുമാനം വര്‍ധിപ്പിക്കുന്ന മാര്‍ഗങ്ങള്‍, വിപണന ബന്ധങ്ങള്‍ ശക്തിപ്പെടുത്തല്‍, ശാസ്ത്രീയ കൃഷിരീതികളുടെ വ്യാപനം, ആധുനിക കാര്‍ഷിക സാങ്കേതികവിദ്യകളുടെ പ്രചാരം എന്നിവ സെമിനാറില്‍ വിശദമായി ചര്‍ച്ച ചെയ്യും.
മൂല്യവര്‍ധിത കാര്‍ഷിക സംരംഭങ്ങള്‍, ഗുണമേന്മയുള്ള കാര്‍ഷിക ഉല്‍പ്പന്നങ്ങളിലേക്കുള്ള ലഭ്യത, ഏകീകൃത മൂല്യശൃംഖലകള്‍ സൃഷ്ടിക്കുന്നതില്‍ സഹകരണ മേഖലയ്ക്കുള്ള സാധ്യതകള്‍ എന്നിവയും ചര്‍ച്ചാവിഷയത്തില്‍ ഉള്‍പ്പെടുത്തും. ഇഫ്‌കോയുടെ കാര്‍ഷിക വികസന പദ്ധതികള്‍, നൂതന വള സാങ്കേതികവിദ്യകള്‍, ഡിജിറ്റല്‍ കാര്‍ഷിക സേവനങ്ങള്‍, സംയോജിത പോഷക പരിപാലനം, സുസ്ഥിര കൃഷിരീതികള്‍, സഹകരണ സ്ഥാപനങ്ങളിലൂടെ നടപ്പാക്കാനാകുന്ന സംയുക്ത പദ്ധതികള്‍ എന്നിവ അവതരിപ്പിക്കുന്ന പ്രത്യേക സാങ്കേതിക സെഷനും നടക്കും. മുതിര്‍ന്ന ഇഫ്‌കോ ഉദ്യോഗസ്ഥരുമായി പ്രതിനിധികള്‍ക്ക് സംവദിക്കാനും അവസരമുണ്ടാകും.
കേരളത്തിലെ സഹകരണ സ്ഥാപനങ്ങളും ഇഫ്‌കോയും തമ്മിലുള്ള സഹകരണം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനും കാര്‍ഷിക മേഖലയിലെ നൂതന പദ്ധതികള്‍, സാങ്കേതികവിദ്യ കൈമാറ്റം, ശേഷിവികസനം, സുസ്ഥിര ഗ്രാമവികസനം എന്നിവയ്ക്ക് പുതിയ ദിശാബോധം നല്‍കുന്നതിനും സെമിനാര്‍ വഴിയൊരുക്കുമെന്ന് സംഘാടകര്‍ പറഞ്ഞു.
കര്‍ഷക സൗഹൃദ സഹകരണ സംരംഭങ്ങളില്‍ കൂടുതല്‍ പങ്കാളിത്തം ഉറപ്പാക്കാനും ഉല്‍പ്പാദനക്ഷമത, ലാഭക്ഷമത, പരിസ്ഥിതി സംരക്ഷണം എന്നിവ ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് സെമിനാര്‍ പ്രചോദനമാകും. സംസ്ഥാനത്തെ വിവിധ സഹകരണ സംഘങ്ങള്‍, കര്‍ഷക സംഘടനകള്‍, കാര്‍ഷിക ഗവേഷണ-വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സര്‍ക്കാര്‍ ഏജന്‍സികള്‍, ധനകാര്യ സ്ഥാപനങ്ങള്‍, അഗ്രിബിസിനസ് മേഖല എന്നിവയെ പ്രതിനിധീകരിച്ച് നൂറുകണക്കിന് പ്രതിനിധികള്‍ സെമിനാറില്‍ പങ്കെടുക്കുമെന്നും സംഘാടകര്‍ അറിയിച്ചു.
പത്ര സമ്മേളനത്തില്‍ നാംകോസ് ജനറല്‍ മാനേജര്‍ കെ മിഥുന്‍, ഇഫ്‌കോ പ്രൊജക്ട് അഡ്മിനിസ്‌ട്രേറ്റര്‍ പി സരൂണ എന്നിവര്‍ പങ്കെടുത്തു.
