കള്ളാടി-ആനക്കാംപൊയില്‍ തുരങ്കപാത നിര്‍മ്മാണ സ്ഥലത്തുണ്ടായ ദുരന്തത്തില്‍ ജീവന്‍ പൊലിഞ്ഞവര്‍ക്ക് ആദരാജ്ഞലികള്‍. ഈ ദുരന്തം മനുഷ്യ നിര്‍മ്മിതമാണെന്ന് അധികൃതര്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. നിര്‍മ്മാണ സ്ഥലത്ത് കൂട്ടിയിട്ടിരിക്കുന്ന മണ്ണ് കുത്തിയൊലിച്ചാണ് ദുരന്തമുണ്ടായത്. ഈ മണ്ണ് നീക്കം ചെയ്യണമെന്ന് അധികൃതര്‍ കരാറുകാരോട് ജൂണ്‍ 20ന് തന്നെ ഉത്തരവ് നല്‍കിയിരുന്നെന്നും കരാറുകാര്‍ അത് പാലിച്ചില്ലെന്നുമാണ് വ്യക്തമാവുന്നത്. കാലവര്‍ഷം ശക്തമാവുന്നതിന് മുന്‍പ് തന്നെ കള്ളാടി തുരങ്ക മുഖത്ത് നിന്ന് ഈ മണ്ണ് നീക്കം ചെയ്തിരുന്നെങ്കില്‍ അപകടം ഒഴിവാക്കാമായിരുന്നു. ദുരന്തത്തിനുത്തരവാദികളായവരുടെ പേരില്‍ കര്‍ശന നിയമ നടപടി സ്വീകരിക്കുകയും, ജീവന്‍ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരവും നല്‍കണം.
കള്ളാടി-ആനക്കാംപൊയില്‍ തുരങ്കപാത നിര്‍മ്മിക്കപ്പെടുന്നത് പരിസ്ഥിതി ലോല പ്രദേശത്താണെന്നും ഇക്കാര്യത്തില്‍ ശാസ്ത്രീയ പഠനം നടത്തി വേണം തുരങ്കപാത നിര്‍മ്മാണം ആരംഭിക്കേണ്ടതെന്ന പരിസ്ഥിതി സംഘടനകളുടെ ആവശ്യവും ഇവിടെ കൂട്ടിവായിക്കാവുന്നതാണ്. വികസനം നാടിനാവശ്യമാണെങ്കിലും, ജീവനപഹരിക്കപ്പെടുന്നതും, പ്രകൃതിയെ തകര്‍ക്കുന്നതുമായ വികസനം വേണോ എന്നും ചിന്തനീയമാണ്. ആഗോള തലത്തില്‍ തന്നെ കാലാവസ്ഥ മാറ്റം വന്നുകൊണ്ടിരിക്കുകയാണ്. അത് കേരളത്തെയും ബാധിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ നമ്മള്‍ നടത്തുന്ന പഠനങ്ങള്‍ എത്ര കണ്ട്്, ഏത് സമയത്തേക്ക് മാത്രമുതകുമെന്നതും ആലോചിക്കേണ്ടതാണ്. അതിതീവ്ര മഴയാണ് പലപ്പോഴും പെയ്യുന്നത്. അത്തരം മഴകള്‍ക്കിടയ്ക്കാണ് പ്രകൃതി ദുരന്തം ഏറിയ തലത്തില്‍ ഉണ്ടാവുന്നത്. കാലാവസ്ഥാ വ്യതിയാനം നമ്മുടെ എല്ലാ നിര്‍മ്മാണ പ്രവര്‍ത്തികളും എങ്ങിനെയായിരിക്കണമെന്ന ചിന്ത വിളിച്ചുവരുത്തുന്നുണ്ട്.
തുരങ്കപാത നിര്‍മ്മിക്കുന്ന കള്ളാടിക്കടുത്താണ് മുന്‍പ് ദുരന്തമുണ്ടായ പുത്തുമല, അതിന്റെ തൊട്ടടുത്ത പ്രദാശമാണ് 2024 ജൂലായില്‍ ദുരന്തമുണ്ടായ ചൂരല്‍മല. ഈ ദുരന്തങ്ങള്‍ നടന്ന പ്രദേശങ്ങള്‍ക്കടുത്ത് നടത്തുന്ന എല്ലാ നിര്‍മ്മാണ പ്രവര്‍ത്തികളും നൂറാവര്‍ത്തി പരിശോധിച്ച് മാത്രമേ നടത്താവൂ. രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് തിരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ പദ്ധതി പ്രഖ്യാപിക്കല്‍ ആവശ്യമാണ്. അവര്‍ക്ക് രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി ധൃതിപിടിച്ച് നടപ്പാക്കാന്‍ ശ്രമിക്കുമ്പോള്‍ ഉണ്ടാവുന്ന പ്രയാസങ്ങളും ഒഴിവാക്കേണ്ടതാണ്. പശ്ചിമഘട്ട മലനിരകളുടെ സംരക്ഷണം ഉറപ്പാക്കിയില്ലെങ്കില്‍ അത് നാടിനെ ഇല്ലാതാക്കുമെന്ന മാധവ്ഗാഡ്ഗിലിന്റെ വാക്കുകളും പ്രസക്തമാണ്.
കേരളം പോലുള്ള അതീവ ജന സാന്ദ്രതയുള്ള പ്രദേശത്ത് നടത്തുന്ന നിര്‍മ്മാണങ്ങളും പഠനാര്‍ഹമാക്കണം. യൂറോപ്യന്‍ നാടുകളിലുണ്ടായ അത്യഷ്ണവും അതേ തുടര്‍ന്നുണ്ടായ മരണങ്ങളും നാം വാര്‍ത്തകളിലൂടെ അറിയുകയാണ്. പോയ വര്‍ഷം നമ്മളും വല്ലാതെ വിയര്‍ക്കുകയുണ്ടായി. പെട്ടെന്നുള്ള അതിശക്തമായ മഴ, അത്യുഷ്ണം എന്നിവ മനുഷ്യ ജീവന് ഭീഷണിയാണ്. ഇതിനെയെല്ലാം പ്രതിരോധിക്കാനുള്ള കര്‍മ്മ രേഖ തയ്യാറാക്കാന്‍ വിദഗ്ധര്‍ക്കാവണം. കള്ളാടി-ആനക്കാംപൊയില്‍ തുരങ്കപാത ശാസ്ത്രീയമായി നിര്‍മ്മിക്കാനും, അതിന്റെ ഭാഗമായി പ്രയാസങ്ങളുണ്ടാവാതിരിക്കാനും സര്‍ക്കാര്‍ ജാഗ്രത പുലര്‍ത്തണം.
