രമേശന്‍ പാലേരിക്ക് ഹൃദയാഞ്ജലികള്‍ (എഡിറ്റോറിയല്‍)

രമേശന്‍ പാലേരിക്ക് ഹൃദയാഞ്ജലികള്‍ (എഡിറ്റോറിയല്‍)

സഹകരണ രംഗത്തെ മേല്‍വിലാസമായ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ചെയര്‍മാന്‍ രമേശന്‍ പാലേരി വിടവാങ്ങിയിരിക്കുന്നു. അദ്ദേഹത്തിന്റെ വിയോഗത്തില്‍ പീപ്പിള്‍സ് റിവ്യൂ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു. ഊരാളുങ്കല്‍ ലോബര്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടേയും എല്ലാവരുടെയും ദുഃഖത്തില്‍ ഞങ്ങളും പങ്ക്‌ചേരുന്നു.
ലോക സഹകരണ ഭൂപടത്തില്‍ രണ്ടാം സ്ഥാനത്ത് ഊരാളുങ്കലിന്റെ നാമം ആലേഖനം ചെയ്താണ് സാരഥിയായ രമേശന്‍ പാലേരി വിടവാങ്ങുന്നത്. അദ്ദേഹം സൊസൈറ്റിയുടെ നേതൃ പദവി ഏറ്റെടുക്കുമ്പോള്‍ ഉണ്ടായിരുന്ന സൊസൈറ്റിയല്ല ഇന്നുള്ളത്. അതിനെ വളര്‍ത്തി വലിയ ഒരു വടവൃക്ഷമാക്കിയ കര്‍മ്മയോഗിയാണ് രമേശന്‍ പാലേരി. നാടിനെ പുതുക്കി പണിയുന്ന നിര്‍മ്മാണ മേഖലയില്‍ ഊരാളുങ്കലിന്റെ  വെന്നിക്കൊടി വാനോളം ഉയര്‍ത്തിയാണ് സാരഥി മടങ്ങിപോകുന്നത്. സൊസൈറ്റിയുടെ പ്രവര്‍ത്തനം സമൂഹത്തിലെ എല്ലാ വിഭാഗങ്ങളിലേക്കും എത്തിക്കുന്നതില്‍ അദ്ദേഹം ബദ്ധശ്രദ്ധാലുവായിരുന്നു.നിര്‍മ്മാണ മേഖല, ഐടി മേഖല, ബുദ്ധിപരമായി വെല്ലുവിളി നേരിടുന്നവരെ സംരക്ഷിക്കുകയും അവരെ പൊതു ധാരയിലേക്ക് നയിക്കുകയും ചെയ്യുന്ന പദ്ധതി, ടൂറിസം മേഖല, കുട്ടികള്‍ക്ക് ബഹിരാകാശ പഠനം നല്‍കുന്ന യു എല്‍ സ്‌പേസ് ക്ലബ്ബ് തുടങ്ങിയ രംഗങ്ങളിലെല്ലാം അദ്ദേഹം ഊരാളുങ്കലിനെ ദീര്‍ഘവീക്ഷണത്തോടെ നയിച്ചു.
ജീവകാരുണ്യ രംഗത്തും ഊരാളുങ്കലിന്റെ ഇടപെടലുകള്‍ക്ക് അദ്ദേഹം മുന്‍കൈയ്യെടുത്തു. ആയിരക്കണക്കിനു പേര്‍ക്ക് ഊരാളുങ്കലില്‍ ജോലിയും, മികച്ച വേതനവും, മറ്റാനുകൂല്യങ്ങളും ഉറപ്പാക്കി മഹാ പ്രസ്ഥാനമായി അദ്ദേഹം വളര്‍ത്തി. സഹകരണ മേഖലയില്‍ നിന്ന് അന്താരാഷ്ട്ര തലത്തിലേക്ക് പ്രശസ്തനായ സഹകാരിയാണ് രമേശന്‍ പാലേരി. സംഘത്തിലെ യുവജനങ്ങളെ വളര്‍ത്തിക്കൊണ്ടുവരുന്നതില്‍ അദ്ദേഹം പ്രത്യേകം ശ്രദ്ധിച്ചിരുന്നു.
പൊതു പ്രവര്‍ത്തകര്‍, സാമൂഹിക പ്രവര്‍ത്തകര്‍, സാഹിത്യകാരന്മാര്‍ ഉള്‍പ്പെടെ സമൂഹത്തിലെ എല്ലാ വിഭാഗങ്ങളുമായി ഹൃദയാത്മകമായ ബന്ധം സൂക്ഷിച്ച മഹത് വ്യക്തിത്വമായിരുന്നു അദ്ദേഹം. സഹകരണ മേഖലയ്ക്ക് ഒരു പാഠപുസ്തകമാക്കി ഊരാളുങ്കലിനെ വളര്‍ത്തി വലുതാക്കിയ ധീക്ഷണാശാലിയായിരുന്നു അദ്ദേഹം. ഊരാളുങ്കല്‍ എന്ന സഹകരണ പ്രസ്ഥാനം മലയാളിക്കിന്നൊരു അഭിമാനവും, കേരളത്തിന്റെ യശസ്സ് ഉയര്‍ത്തിയ പ്രസ്ഥാനവുമാണ്.
ഊരാളുങ്കലിനെ ഇന്നത്തെ രൂപത്തിലാക്കിയെടുക്കാന്‍ അദ്ദേം വഹിച്ച നേതൃത്വപരമായ പങ്ക് ചരിത്രത്തില്‍ നിന്ന് ഒരിക്കലും വിസ്മൃതമാവുകയില്ല. ഇനിയും ഒട്ടനവധി കാര്യങ്ങള്‍ ചെയ്തു തീര്‍ക്കാന്‍ ബാക്കിയുള്ളപ്പോഴാണ് ആ പ്രതിഭാശാലിയുടെ വിയോഗം. ചെയ്തു തന്ന കര്‍മ്മങ്ങള്‍ നാടിനെന്നും ഓര്‍ക്കാനുണ്ട്. ആ ഓര്‍മ്മകളോടൊപ്പം രമേശന്‍ പാലേരി ചരിത്രത്തില്‍ അനശ്വരനായി ജീവിക്കും. ആ സ്മരണയ്ക്ക് മുന്‍പില്‍ കണ്ണീര്‍ പ്രണാമം.

രമേശന്‍ പാലേരിക്ക് ഹൃദയാഞ്ജലികള്‍ (എഡിറ്റോറിയല്‍)

Share

Leave a Reply

Your email address will not be published. Required fields are marked *