ടി. ഷാഹുൽ ഹമീദ്
ഇന്നത്തെ ലോകത്ത് നമ്മൾ ഏറ്റവും കൂടുതൽ കേൾക്കുന്ന ഒരു വാക്കാണ് ‘സ്റ്റാർട്ടപ്പ്’. കേൾക്കുമ്പോൾ വലിയ എന്തോ സംഭവമാണെന്ന് തോന്നാമെങ്കിലും, വളരെ ലളിതമായി പറഞ്ഞാൽ, നമ്മുടെ ചുറ്റുമുള്ള ഒരു പ്രശ്നത്തിന് പുതിയൊരു വഴിയിലൂടെയോ സാങ്കേതികവിദ്യയുടെ സഹായത്തോടെയോ പരിഹാരം കാണുന്ന പുതിയ ബിസിനസ്സ് സംരംഭങ്ങളെയാണ് സ്റ്റാർട്ടപ്പുകൾ എന്ന് വിളിക്കുന്നത്.
പ്രശ്നങ്ങൾ ഉള്ളടത്താണ് അവസരങ്ങൾ ഒളിച്ചിരിക്കുന്നത്. ആ അവസരങ്ങളെ കൃത്യമായ ബിസിനസ്സ് ആക്കി മാറ്റുകയാണ് സ്റ്റാർട്ടപ്പുകൾ ചെയ്യുന്നത്. ഉൽപ്പന്നങ്ങൾക്ക് വേണ്ടി ഉപഭോക്താക്കൾ തിരയുന്ന പഴയ രീതിക്ക് പകരം, ഉപഭോക്താക്കൾക്ക് ആവശ്യമുള്ള ഉൽപ്പന്നങ്ങൾ മുൻകൂട്ടി കണ്ടറിഞ്ഞ് നിർമ്മിക്കുന്ന സംവിധാനമാണിത്. നമ്മൾ ഇന്ന് നിത്യജീവിതത്തിൽ ഉപയോഗിക്കുന്ന ഫ്ലിപ്കാർട്ട് (Flipkart), സൊമാറ്റോ (Zomato) തുടങ്ങിയവയെല്ലാം ഒരു കാലത്ത് വെറും സ്റ്റാർട്ടപ്പുകൾ മാത്രമായിരുന്നു.
സാധാരണ ബിസിനസ്സും സ്റ്റാർട്ടപ്പും തമ്മിലുള്ള വ്യത്യാസം
ഒരു ഉദാഹരണത്തിലൂടെ ഇത് മനസ്സിലാക്കാം. നിങ്ങളുടെ നാട്ടിൽ ഒരാൾ ഒരു പുതിയ പലചരക്ക് കടയോ തുണിക്കടയോ തുടങ്ങുന്നു എന്ന് കരുതുക. അതൊരു സാധാരണ ബിസിനസ്സ് ആണ്. എന്നാൽ, നാട്ടിലെ ആളുകൾക്ക് കടയിൽ പോകാതെ വീട്ടിലിരുന്ന് തന്നെ ഫോണിലൂടെ സാധനങ്ങൾ ഓർഡർ ചെയ്യാനും, അത് കൃത്യസമയത്ത് വീട്ടിലെത്തിക്കാനും ഒരു പുതിയ മൊബൈൽ ആപ്പ് ആരെങ്കിലും നിർമ്മിച്ചാൽ അതൊരു ‘സ്റ്റാർട്ടപ്പ് ഐഡിയ’ ആണ്. ചുരുക്കത്തിൽ, പരമ്പരാഗതമായ വഴികളിൽ നിന്ന് മാറി ചിന്തിച്ച്, കാര്യങ്ങൾ കൂടുതൽ എളുപ്പമാക്കുന്നതാണ് സ്റ്റാർട്ടപ്പുകളുടെ രീതി.
വിദ്യാർത്ഥികൾക്ക് എന്തുകൊണ്ട് സ്റ്റാർട്ടപ്പുകൾ പ്രധാനമാണ്?
പഠനകാലം എന്നത് വെറും പുസ്തകജ്ഞാനം നേടാൻ മാത്രമല്ല, പുതിയ ആശയങ്ങൾ പരീക്ഷിക്കാനുള്ളത് കൂടിയാണ്. വിദ്യാർത്ഥികളിൽ സ്റ്റാർട്ടപ്പ് ചിന്താഗതി വളരുന്നത് കൊണ്ടുള്ള പ്രധാന ഗുണങ്ങൾ ഇവയാണ്:
ചുറ്റുമുള്ള പ്രശ്നങ്ങളെ നിരീക്ഷിക്കാനും അവയ്ക്ക് പ്രായോഗിക പരിഹാരം കണ്ടെത്താനും ഇത് കുട്ടികളെ പ്രാപ്തരാക്കുന്നു.
പഠിച്ചതിനു ശേഷം ഒരു ജോലിക്ക് വേണ്ടി അലയുന്നതിന് പകരം, മറ്റുള്ളവർക്ക് ജോലി നൽകുന്ന ‘തൊഴിൽ ദാതാവ്’ ആകാൻ ഇത് സഹായിക്കുന്നു.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI), റോബോട്ടിക്സ് തുടങ്ങിയ ആധുനിക സാങ്കേതികവിദ്യകളെ പ്രായോഗികമായി ഉപയോഗിക്കാൻ വിദ്യാർത്ഥികൾക്ക് ഇതിലൂടെ അവസരം ലഭിക്കുന്നു.
ആഗോളതലത്തിലെ സ്റ്റാർട്ടപ്പ് വിപ്ലവങ്ങൾ:-
ഇപ്പോൾ ലോകം സാക്ഷ്യം വഹിക്കുന്നത് സാങ്കേതികവിദ്യയുടെ വൻ കുതിച്ചുചാട്ടത്തിനാണ്. ഇതിൽ ജനറേറ്റീവ് എഐ വലിയ വിപ്ലവമാണ് സൃഷ്ടിക്കുന്നത്. കസ്റ്റമർ കെയർ, കോഡിങ്, ഡിസൈനിങ്, വീഡിയോ നിർമ്മാണം എന്നിവയിലെല്ലാം എഐ ഉപയോഗപ്പെടുത്തുന്നുണ്ട്. ഇതുകൂടാതെ താഴെ പറയുന്ന മേഖലകളിലും വലിയ മാറ്റങ്ങൾ നടക്കുന്നു:
ആഗോളതാപനത്തിന് പരിഹാരമായി സൗരോർജ്ജം, ഹൈഡ്രജൻ ഇന്ധനം, ഇലക്ട്രോണിക് വാഹനങ്ങൾ എന്നിവ നിർമ്മിക്കുന്ന കമ്പനികൾ.
ഉപഗ്രഹങ്ങളും റോക്കറ്റുകളും നിർമ്മിക്കുന്ന സ്വകാര്യ ബഹിരാകാശ സ്റ്റാർട്ടപ്പുകൾ.
രോഗങ്ങൾ മുൻകൂട്ടി പ്രവചിക്കുന്ന എഐ ഹെൽത്ത് ടൂളുകളും അത്യാധുനിക മരുന്ന് നിർമ്മാണവും.
ലോകപ്രശസ്തമായ ഓപ്പൺ എഐ (OpenAI), സ്പേസ് എക്സ് (SpaceX), ബൈറ്റ് ഡാൻസ് (ByteDance), സ്ട്രൈപ്പ് (Stripe) തുടങ്ങിയ കമ്പനികൾ ശരിയായ സമയത്ത് വിപണിയുടെ ആവശ്യകത മനസ്സിലാക്കി ഉൽപ്പന്നങ്ങൾ എത്തിച്ചതുകൊണ്ടാണ് വൻ വിജയമായത്.
പരാജയ സാധ്യതകളും വെല്ലുവിളികളും
ലോകത്ത് ഇന്ന് ഒന്നരക്കോടിയിലധികം സ്റ്റാർട്ടപ്പുകൾ ഉണ്ടെന്നാണ് കണക്കാക്കുന്നത്. എന്നാൽ ഇതിൽ 90% സ്റ്റാർട്ടപ്പുകളും പരാജയപ്പെടാറുണ്ട് എന്നതാണ് യാഥാർത്ഥ്യം. ആവശ്യത്തിന് ഫണ്ട് ഇല്ലാത്തത്, ജനങ്ങൾക്ക് ആവശ്യമില്ലാത്ത ഉൽപ്പന്നങ്ങൾ വിപണി പഠിക്കാതെ നിർമ്മിക്കുന്നത്, ടീമിലെ ഭിന്നതകൾ, കടുത്ത മത്സരങ്ങൾ എന്നിവയൊക്കെയാണ് പരാജയത്തിന് കാരണം. നിലവിൽ ലോകത്ത് ആകെയുള്ള സ്റ്റാർട്ടപ്പുകളിൽ 1200-ലധികം കമ്പനികൾ മാത്രമേ ‘യൂണികോൺ’ (100 കോടി ഡോളറിലധികം മൂല്യമുള്ളവ) പദവി നേടിയിട്ടുള്ളൂ. ലോകത്ത് ഏറ്റവും കൂടുതൽ സ്റ്റാർട്ടപ്പുകൾ അമേരിക്കയിലാണ്. രണ്ടാം സ്ഥാനത്ത് ചൈനയും മൂന്നാം സ്ഥാനത്ത് നമ്മടെ ഇന്ത്യയുമാണ്.
സ്റ്റാർട്ടപ്പ് തുടങ്ങാൻ ആവശ്യമായ മുന്നൊരുക്കങ്ങൾ:-
ഒരു മികച്ച സംരംഭകനാകാൻ പ്രത്യേക ബിരുദമോ വലിയ പ്രായപരിതിയോ ഒന്നും ആവശ്യമില്ല. എന്നാൽ താഴെ പറയുന്നവ അത്യാവശ്യമാണ്:
ബിസിനസ്സ് ആശയം നിലവിലുള്ള മറ്റുള്ളവയിൽ നിന്ന് വ്യത്യസ്തമാകണം, ഉൽപ്പന്നത്തിന് വിപണിയിൽ ആവശ്യക്കാരുണ്ടോ എന്ന് മുൻകൂട്ടി പഠിക്കുക.
ബിസിനസ്സ് എങ്ങനെ മുന്നോട്ട് കൊണ്ടുപോകും, വരുമാനം എങ്ങനെ ഉണ്ടാക്കും എന്നതിനെക്കുറിച്ചുള്ള വ്യക്തമായ പ്ലാൻ.
ഒരു നല്ല ടീം ,സാങ്കേതിക വിദ്യ, മാർക്കറ്റിംഗ് എന്നിവ കൈകാര്യം ചെയ്യാൻ കഴിവുള്ള ആളുകളുടെ കൂട്ടായ്മ രൂപീകരിക്കുക.
തുടക്കത്തിൽ തന്നെ വലിയ തുക മുടക്കാതെ, ആശയത്തിന്റെ ഒരു ചെറിയ മാതൃക (Minimum Viable Product) ഉണ്ടാക്കി ഉപഭോക്താക്കളുടെ അഭിപ്രായം തേടുക.
സർക്കാരുകൾ നൽകുന്ന പിന്തുണയും സഹായങ്ങളും:-
യു.എസ്.എ, സിംഗപ്പൂർ, യു.എ.ഇ തുടങ്ങിയ രാജ്യങ്ങൾ സ്റ്റാർട്ടപ്പുകൾക്കായി പ്രത്യേക വിസകളും നികുതി ഇളവുകളും നൽകുന്നുണ്ട്. ഇന്ത്യയിലും കേരളത്തിലും ഇതിനായി മികച്ച പദ്ധതികളുണ്ട്:
കേന്ദ്ര സർക്കാർ പദ്ധതികൾ: പ്രോട്ടോടൈപ്പ് വികസനത്തിന് 20 ലക്ഷം രൂപ വരെ നൽകുന്ന ‘Seed Fund Scheme’, സെബി രജിസ്റ്റർ ചെയ്ത വെഞ്ച്വർ ഫണ്ടുകൾ വഴിയുള്ള നിക്ഷേപം, ബാങ്കുകളിൽ നിന്നുള്ള ഈടുരഹിത വായ്പകൾ (Collateral-free loans) എന്നിവ ലഭ്യമാണ്.
കേരള സ്റ്റാർട്ടപ്പ് മിഷൻ (KSUM): ആശയങ്ങൾക്ക് 3 ലക്ഷം രൂപ വരെയുള്ള ‘Idea Grant’, ഉൽപ്പന്ന നിർമ്മാണത്തിന് 7 ലക്ഷം രൂപ വരെ (വനിതകൾക്ക്/ട്രാൻസ്ജെൻഡർമാർക്ക് 12 ലക്ഷം വരെ) നൽകുന്ന ‘Productisation Grant’, ബിസിനസ്സ് വ്യാപിപ്പിക്കാൻ 15 ലക്ഷം രൂപ വരെയുള്ള ‘Scale-up Grant’ എന്നിവ നൽകുന്നു. കൂടാതെ കുറഞ്ഞ ചിലവിൽ ഓഫീസ് സൗകര്യമൊരുക്കുന്ന LEAP കോ-വർക്കിംഗ് സ്പേസുകളും പലിശരഹിത വായ്പകളും ലഭ്യമാണ്.
നിർബന്ധമായും സന്ദർശിക്കേണ്ട വെബ്സൈറ്റുകൾ:
startupindia.gov.in (നാലാഴ്ചത്തെ സൗജന്യ ബിസിനസ്സ് കോഴ്സുകൾ ലഭ്യമാണ്)
startupmission.kerala.gov.in (കേരളത്തിലെ ആനുകൂല്യങ്ങൾക്ക്)
startupschool.org (ലോകത്തെ ഏറ്റവും വലിയ ഇൻകുബേറ്ററായ വൈ കോമ്പിനേറ്റർ നടത്തുന്ന സൗജന്യ കോഴ്സ്)
mca.gov.in & ipindia.gov.in (കമ്പനി രജിസ്ട്രേഷനും പേറ്റന്റിനും)
പ്രിയ കൂട്ടുകാരേ, വിജയകരമായ ഒരു സംരംഭത്തിന്റെ തുടക്കം എന്നത് വലിയൊരു തുകയിലല്ല, മറിച്ച് വലിയൊരു ആശയത്തിലാണ്. നിങ്ങളിൽ ഒളിഞ്ഞിരിക്കുന്ന ആശയങ്ങളെ പുറത്തെടുക്കുക. നിങ്ങളുടെ ഒരു ചെറിയ ചിന്ത നാളെ ലോകത്തെ മാറ്റിമറിക്കുന്ന വലിയൊരു സ്റ്റാർട്ടപ്പായി മാറിയേക്കാം. തോൽവികളെ ഭയക്കാതെ, പുതുതായി ചിന്തിക്കാനും പുതിയവ സൃഷ്ടിക്കാനും നമുക്ക് മുന്നോട്ട് വരാം. ആദ്യ പടിയായി ‘Startup India’, ‘Kerala Startup Mission’ എന്നീ വെബ്സൈറ്റുകളിൽ ഒരു യൂസർ പ്രൊഫൈൽ നിർമ്മിച്ച് നിങ്ങൾക്ക് മുന്നിലുള്ള വലിയ അവസരങ്ങളുടെ വാതിൽ തുറക്കൂ!

