ചിന്താ വിമതന് – 🤔
വി.അബ്ദുറഹിമാന്റെ ഓട്ടവും ചാട്ടവും
കായികത്തില്‍ തട്ടി തടഞ്ഞാണ് മുന്‍ മന്ത്രി വി.അബ്ദുറഹിമാന്റെ നടപ്പ്. സംഗതി ഫുട്ബോള്‍ ഇതിഹാസം ലയണല്‍ മെസ്സിയെ ദൈവത്തിന്റെ സ്വന്തം നാട്ടിലേക്ക് എത്തിക്കാനുള്ള സദുദ്ദേശപരമായ നടപടിയാണ് പുള്ളിക്കാരന് ചെയ്തതെന്നാണ് വെപ്പ്. സംഗതി എന്തായാലും ഗുലുമാലായി. മെസ്സിയുടെ വരവ് വിവാദത്തിലായ നാളുതൊട്ടേ പ്രതിപക്ഷ നേതാവ് വി.ഡി.സതീശന് ആക്ഷേപവുമായി രംഗത്ത് വന്നിരുന്നു. പിണറായിയുടെ മൂന്നാം പടയോട്ടം സ്വപ്നം കണ്ടിരുന്നവര്ക്കെല്ലാം സംഭവിച്ച ദുര്ഗതിയെന്നോ മറ്റോ വേണമെങ്കില്‍ പറയാം. ജനം പിണറായിയെ കയ്യൊഴിഞ്ഞു. ഒന്നും,രണ്ടും ഘട്ടങ്ങളിലെ സേവനം മതിയാക്കാന്‍ ജനങ്ങളെ പ്രേരിപ്പിച്ചതെന്തോ ആവട്ടെ, അബ്ദുറഹിമാനും കളം ഔട്ടായി.
മെസ്സിയുടെ വരവില്‍ കുടുങ്ങിയതില്‍ പല പ്രമുഖരും ഉണ്ട്. ഇന്ന് പ്രമുഖ വേഷം കെട്ടുന്ന പലരും തട്ടിപ്പിലൂടെയാണ് കടന്നുവന്നതെന്ന് നാട്ടില്‍ ആരൊക്കെയോ പറഞ്ഞ് നടക്കുന്നുണ്ട്. സംഗതി വി.അബ്ദുറഹമാന് കേരള പൊലീസിന്റെ റെഡ്കാര്‍ഡ് കാണേണ്ടി വന്നിരിക്കുകയാണ്. കേസില്‍ രാജ്ഭവന് ഇടപെട്ടതോടെ കടുത്ത നടപടി തുടങ്ങിയതാണറിവ്. ഇഡി വന്നിട്ട് കുലുങ്ങിയിട്ടില്ല പിന്നെയാണോ എസ്ഐടി എന്ന് ബോധവല്‍ക്കരണം സിപിഎം ക്യാമ്പുകളില്‍ മുഴങ്ങി കേള്‍ക്കുന്നുണ്ട്. പിണറായിക്കെതിരെയുള്ള ഇഡി ഇടപെടല്‍ മല എലിയെ പ്രസവിച്ച പോലെയായി എന്നും നാട്ടില്‍ സംസാരമുണ്ട്.
സഹകരണത്തിലെ വെടിപൊട്ടല്‍
സഹകരണം എന്നാല്‍ എല്ലാവരും സഹകരിച്ച് മുന്നോട്ട് പോകുക എന്നാണര്‍ത്ഥം. സഹകരണത്തിന്റെ വിജയഗാഥകള്‍ അലയൊലി തീര്‍ക്കുന്ന നാടാണ് നമ്മുടെ കേരളം, ലോകത്ത് സഹകരണ മേഖലയില്‍ രണ്ടാം സ്ഥാനത്തെത്തിയ സഹകരണ സംഘമുള്ള നാട്കൂടിയാണ് കേരളം. കാര്യങ്ങള്‍ ഇങ്ങനെ അനുസ്യൂതം മുന്നേറുമ്പോഴാണ് പാര്‍ട്ടി ഓഫീസുകളിലെ യജമാനന്മാര്ക്ക് ചില സഹകരണ സംഘങ്ങള്‍ കൈപ്പിടിയിലൊതുക്കുക എന്ന മോഹമുദിക്കുക. നിലവില്‍ സംഘം നയിക്കുന്നവര്‍, തങ്ങളുടെ പാര്‍ട്ടി നേതൃത്വവുമായും, വ്യക്തിപരമായും ഉള്ള കലഹമാണ് സംഘങ്ങളില്‍ നുഴഞ്ഞുകയറാനുള്ള അവസരം. ഇത് ഒട്ടും പാഴാക്കാതെ നുഴഞ്ഞു കയറ്റം നടക്കും. അത്തരമൊരു കാര്യമാണ് കോഴിക്കോട്ടെ രണ്ട് പ്രധാന സഹകരണ സംഘങ്ങളില്‍ നടന്നത്. സംഘം മറുകണ്ടം എത്തിച്ചവര്‍ സംസ്ഥാന ഭരണം മാറുമെന്ന് സ്വപ്നേപി വിചാരിച്ചിട്ടുണ്ടാവില്ല. ഇക്കാര്യം ഇവര്‍ക്ക് മുന്‍കൂട്ടി കവടി നിരത്തി പ്രവചിച്ച് കൊടുക്കാന്‍ കേമന്മാരായ ജ്യോത്സ്യര് കോഴിക്കോട്ടില്ലെന്നും അങ്ങാടിപ്പാട്ടാണ്. ഭരണം മാറിയപ്പോള്‍ കേസായി, അറസ്റ്റായി, ജയില്‍വാസമായി. ഇന്നലെവരെ ഏമാന്മാരെ മൂക്ക് കൊണ്ട് ക്ഷ, ണ വരപ്പിച്ച നേതാക്കള്‍ക്ക്, പൊലീസ് സ്റ്റേഷനില്‍ ക്യൂ നില്‍ക്കേണ്ട ഗതികേടുമായി. കാലം പോയ പോക്കേ, അല്ലാതെന്ത് പറയാം.
സഹകരണമാണ് പേരെങ്കിലും, ഭരണക്കാരുടെ സഹകരണമില്ലെങ്കില്‍ സഹകരണ വകുപ്പില്‍ ഒരുകാര്യവും നടക്കില്ലെന്നത് പരമസത്യമാണ്. ഇക്കാര്യമൊന്നും, ആഗോള സഹകരണ ചരിത്രത്തില്‍ ഇടം പിടിക്കാതിരിക്കട്ടെ എന്നാണ് ചിന്താവിമതന്റെ പ്രാര്‍ത്ഥന. സഹകരണ വാരാഘോഷത്തിന്റെ ആഘോഷത്തിനിടയ്ക്കാണ് കോഴിക്കോട് നേരിയ സംഘര്‍ഷമുണ്ടായത.് ആഘോഷങ്ങളില്‍ അടിപിടിയുണ്ടാക്കല് പണ്ടേ നമുക്ക് ശീലമാണല്ലോ. സഹകരണ വാരാഘോഷത്തിന്റെ ജില്ലാതല ആഘോഷം രണ്ടിടത്തായി അരങ്ങേറാനാണ് സഹകരണ ചിന്ത മൂത്ത്, മൂത്ത് ചില സഹകാരികള്‍ ഇറങ്ങി പുറപ്പെട്ടത്. പക്ഷേ ഉത്തരവാദിത്തപ്പെട്ടവര്‍ക്ക് അടങ്ങിയിരിക്കാനാവില്ലല്ലോ, സംഗതി പഞ്ചായത്തായി. സഹകരണ വാരാഘോഷം പൊടിപൊടിച്ച് മുന്നേറുകയാണ്.
കണ്ടാല്‍ മുഖത്ത് നോക്കാത്ത മോദി
തന്നെ കണ്ടാല്‍, പ്രധാനമന്ത്രി മോദി മുഖത്ത് നോക്കി സംസാരിക്കില്ലെന്ന് സോണിയാജിയുടെ വിഷമം ആര് പരിഹരിക്കും എന്ന ചിന്തയാണ് പോയവാരം രാജ്യത്ത് അലയടിച്ചത്. മുന്‍ പ്രധാനമന്ത്രിമാരെല്ലാം പ്രതിപക്ഷത്തെ ബഹുമാനിച്ചിരുന്നെന്നും, സൗഹൃദം പുലര്‍ത്തിയിരുന്നെന്നും ജന്തര്‍ മന്തറില്‍ നിന്ന് ആരൊക്കെയോ വിളിച്ചു പറയുന്നുണ്ട്. എന്ത് പറഞ്ഞിട്ടെന്താ, കേള്‍ക്കേണ്ടവര്‍ കേള്‍ക്കട്ടെ എന്ന പരിദേവനവും മുഴങ്ങുന്നുണ്ട്.
സോണിയാജിയുടെ ആത്മകഥയാണ് ഇപ്പോള്‍ ചര്‍ച്ചാ വിഷയം. രാജ്യത്തെ പ്രഥമ പ്രധാനമന്ത്രി തൊട്ട്, ഇന്ദിരാജി, രാജീവ്ജി എന്നീ പ്രധാനമന്ത്രിമാരെ സംഭാവന ചെയ്ത നെഹ്രു കുടുംബത്തിന്റെ ഭാഗമായ സോണിയാജിയുടെ വാക്കുകള്‍ വലിയ ആകാംക്ഷയാണ് നാട്ടിലുണ്ടാക്കിയത്. വലിയ തുറന്ന് പറച്ചിലാണ് മാഡം നടത്തിയത്. സ്വന്തം പാര്‍ട്ടിക്കുള്ളിലെ സല്വ്യക്തികള് നടത്താന്‍ ശ്രമിച്ച പാരപണിയെപ്പറ്റിയും മാഡം പറഞ്ഞുവെക്കുന്നുണ്ട്. തന്റെ പൗരത്വം ചൂണ്ടിക്കാട്ടി തന്നെ തള്ളി പറയാന്‍ ചിലര്‍ കാണിച്ച വ്യഗ്രതയും, അതിലുണ്ടായ വിഷമവും അവര്‍ പങ്ക് വെക്കുന്നുണ്ട്. ആരൊക്കെ പാര പണിഞ്ഞാലും സോണിയ രാജ്യം നയിക്കുന്നതാണ് പിന്നീടുണ്ടായ ചരിത്രം. മന്മോഹന് സിങ്ങിന്റെ ഭരണകാലം, സോണിയയുടെ കൂടെ ഇടപെടലിന്റെ കാലമാണ്. ആഗോള സാമ്പത്തിക മാന്ദ്യത്തില്‍ ലോകം ആടിയുലഞ്ഞപ്പോള്‍ രാജ്യത്തെ രക്ഷിച്ച സാമ്പത്തിക മാന്ത്രികനായിരുന്നു മന്മോഹന് സിംങ്. ലോകത്തിലെ ഏറ്റവും വലിയ പദ്ധതിയായ തൊഴിലുറപ്പ് പദ്ധതി, വിവരാവകാശ നിയമം ഉള്‍പ്പെടെ ചരിത്രപരമായ തീരുമാനങ്ങള്‍ രാജ്യം കൈക്കൊണ്ടത് ഇക്കാലത്താണ്. ആത്മകഥയിലൂടെ രാജ്യത്തിന്റെ രാഷ്ട്രീയം പറയുന്ന സോണിയാജി രാഷ്ട്രീയ രംഗത്ത് ഉരുക്കുവനിതയായി തന്നെ തുടരട്ടെ.
