വാര്‍ത്തയും, വീക്ഷണവും

വാര്‍ത്തയും, വീക്ഷണവും

സഹകരണ വാരാഘോഷത്തിലെ തമ്മിലടി

പി.ടി.നിസാര്‍

 

കേന്ദ്ര സര്‍ക്കാര്‍ നടത്തിവരാറുള്ള സഹകരണ വാരാഘോഷം ഇപ്രാവശ്യം നടത്തുന്നില്ല. പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്രുവിന്റെ ജന്മദിനാഘോഷത്തിന്റെ ഭാഗമായാണ് കേന്ദ്ര സര്‍ക്കാര്‍ സഹകരണ വാരാഘോഷം സംഘടിപ്പിക്കാറുള്ളത്. രാഷ്ട്ര ശില്‍പ്പിയായ നെഹ്രുവിനെ തമസ്‌ക്കരിക്കുന്നതിന്റെ ഭാഗമായാണ് മോദി സര്‍ക്കാര്‍ സഹകരണ വാരാഘോഷം തന്നെ ഉപേക്ഷിക്കാന്‍ തീരുമാനിച്ചതെന്നാണ് വിമര്‍ശനം. സംസ്ഥാനത്ത് സഹകരണ സര്‍ക്കിള്‍ യൂണിയനുകളുമായി സഹകരിച്ചാണ് സര്‍ക്കാര്‍ വാരാഘോഷം സംഘടിപ്പിക്കാറുള്ളത്. വാരാഘോഷത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രിയും, സമാപനം പ്രതിപക്ഷ നേതാവുമാണ് നിര്‍വ്വഹിക്കാറുള്ളത്. ഇപ്രാവശ്യവും സംസ്ഥാനത്ത് പരിപാടി നടക്കുമ്പോഴാണ് സഹകരണ വാരാഘോഷത്തില്‍ എല്‍ഡിഎഫും, യുഡിഎഫും തമ്മിലടിയുണ്ടായത്. ജില്ലയിലെ സര്‍ക്കിള്‍ സഹകരണ യൂണിയനുകളുടെ നേതൃത്വത്തില്‍ ഉള്ള്യേരിയില്‍ വെച്ച് ജില്ലാതല സഹകരണ വാരാഘോഷം നടത്താന്‍ വിപുലമായ സ്വാഗത സംഘം വിളിച്ച് ചേര്‍ത്ത് തീരുമാനിക്കുകയും, തുടര്‍നടപടികളുമായി മുന്നോട്ട് പോകുന്നതിനിടക്കാണ് കൊയിലാണ്ടിയില്‍ സമാന്തരമായ കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തില്‍ മറ്റൊരാഘോഷം സംഘടിപ്പിക്കാനുള്ള ശ്രമമുണ്ടായത്. കൊയിലാണ്ടി എം.എല്‍എയും ഡിസിസി പ്രസിഡണ്ടുമായ അഡ്വ.കെ.പ്രവീണ്‍കുമാറാണ് ഇതിന് നേതൃത്വം നല്‍കുന്നതെന്നും, ഇതിനായി സഹകരണ സ്ഥാപനങ്ങളില്‍ നിന്ന് അന്യായമായി പണം പിരിക്കുന്നുണ്ടെന്നും, കൊയിലാണ്ടി അസിസ്റ്റന്റ് രജിസ്ട്രാര്‍ക്കും, ഈ ആഘോഷത്തിന് നേതൃത്വം കൊടുക്കുന്നവര്‍ക്കുമെതിരെ വിജിലന്‍സില്‍ പരാതി നല്‍കുമെന്നാണ് വാര്‍ത്താസമ്മേളനത്തില്‍പ്രഖ്യാപിക്കപ്പെട്ടത്. സംഗതി വിവാദമായതോടെ ഇരുകൂട്ടരും ഒത്തുതീര്‍പ്പിലെത്തി, പ്രശ്‌നം സമാധാനപരമായി പരിഹരിക്കപ്പെട്ടതായി മാധ്യമ വാര്‍ത്തയും വന്നു.

സംഗതി സഹകരണമാണെങ്കിലും, തങ്ങളുടെ അധികാരത്തില്‍ കൈവെക്കാന്‍ ശ്രമിച്ചാല്‍ ഒരു സഹകരണവുമുണ്ടാവില്ലെന്ന പ്രഖ്യാപനമാണ് ഇതില്‍ നിന്ന് വ്യക്തമാവുന്നത്. മാറി മാറി വരുന്ന സര്‍ക്കാരുകള്‍ക്ക് നേതൃത്വം കൊടുക്കുന്ന രാഷ്ട്രീയ പാര്‍ട്ടിയുടെ ഇംഗിതമാണ് സഹകരണ വകുപ്പിലെ അലിഖിത നിയമമെന്നത് അങ്ങാടിപ്പാട്ടാണ്. ഇതിന് താളത്തിന് തുള്ളുന്നതാണ് സഹകരണ വകുപ്പ് ജീവനക്കാരുടെ ഗതികേട്. സര്‍ക്കാര്‍ ജീവനക്കാരുടെ ഇടയിലെ യൂണിയന്‍ ആധിപത്യം, അനീതി കണ്ടാല്‍ പോലും ജീവനക്കാരെ എതിര്‍ ശബ്ദമുയര്‍ത്താന്‍ അനുവദിക്കാത്ത സാഹചര്യമാണ്. ഭരണകക്ഷി യൂണിയനുകളുടെ ആധിപത്യമാണ് എല്ലാ കാലത്തും സഹകരണ വകുപ്പിലുണ്ടായിട്ടുള്ളത്. ഭരിക്കുന്ന പാര്‍ട്ടിയുടെ മുഷ്‌ക്ക് ഉപയോഗിച്ചാണ് ജില്ലയിലെ കോണ്‍ഗ്രസ്സിന്റെ രണ്ട് പ്രധാന സഹകരണ സ്ഥാപനങ്ങള്‍ (ചേവായൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കും, കാരശ്ശേരി സര്‍വ്വീസ് സഹകരണ ബാങ്കും) സിപിഎം കൈക്കലാക്കിയത്. അത് സംബന്ധിച്ച കേസുകള്‍ നടന്നുകൊണ്ടിരിക്കുകയാണ്. ഇത്തരം നടപടികളെല്ലാം സഹകരണ മേഖലയുടെ വിശ്വാസ്യത തകര്‍ക്കുമെന്ന് എല്ലാവരും ആലോചിക്കുന്നത് നല്ലതാണ്.

 

 

വാര്‍ത്തയും, വീക്ഷണവും

Share

Leave a Reply

Your email address will not be published. Required fields are marked *