മനഃസാക്ഷി നുറുങ്ങിപോകുന്ന ദാരുണമായ ഒരു വാര്‍ത്തയാണ് ബാംഗ്ലൂരിലെ ഒരു ഡേ കെയറില്‍ നിന്നും പുറത്ത്വന്നിരിക്കുന്നത്. ഐടി കമ്പനിയായ കാപ്ജെമിനിയുടെ ബാംഗ്ലൂര്‍ കാമ്പസില്‍ ജോലി ചെയ്യുന്ന ജീവനക്കാരുടെ മക്കളെ പരിപാലിക്കുന്ന ഡേ കെയറിലാണ് രാജ്യത്തെ നടുക്കിയ സംഭവമുണ്ടായിരിക്കുന്നത്. കുട്ടികളെ ശുശ്രൂഷിക്കേണ്ട ആയമാര്‍ ഈ പിഞ്ചോമനകളോട് ചെയ്ത ക്രൂരതയ്ക്ക് മാപ്പ് കൊടുക്കരുത്. രാജ്യത്ത് നിലവിലുള്ള എല്ലാ നിയമങ്ങളും ഉപയോഗിച്ച് ഈ മനുഷ്യകോലം കെട്ടിയ, ഹൃദയശൂന്യരായ ആയമാരെ കര്‍ശനമായി ശിക്ഷിക്കണം. ഈ സംഭവം രാജ്യത്തിന് തന്നെ അപമാനകരമാണ്.
ലോകത്തിന്റെ പല ഭാഗങ്ങളിലും യുദ്ധങ്ങളില്‍ നിഷ്കളങ്കരായ പിഞ്ചോമനകള്‍ കൊല്ലപ്പെടുന്ന ദാരുണ വാര്‍ത്തകള്‍ പുറത്ത് വരുന്നത് ഓരോ മനുഷ്യ ഹൃദയവും വേദനയോടെയാണ് അമര്‍ത്തിപ്പിടിക്കുന്നത്. നമ്മുടെ രാജ്യത്ത് ഐടി കമ്പനിയിലാണ് രണ്ടും മൂന്നും വയസ്സുള്ള കുട്ടികള്‍ക്ക് നേരെ ക്രൂരതയുണ്ടായത് എന്നത് സമൂഹ മനഃസാക്ഷിയെ ഞെട്ടിക്കുന്നതാണ്. ഫ്രണ്ട് ലോഡിംങ് വാഷിംങ് മെഷീനില്‍ കുഞ്ഞുങ്ങളെ ഇടുന്നതും, ക്ലോസറ്റിന് മുകളിലിരുത്തി ശുചിമുറിയിലെ പൈപ്പില്‍ നിന്ന് ശക്തിയായി വെള്ളം കുട്ടികളുടെ വായിലേക്ക് അടിച്ച് കേറ്റുന്നതുമായ ദൃശ്യങ്ങളാണ് പുറത്ത് വന്നിട്ടുള്ളത്. ഇത്തരം ക്രൂര കൃത്യങ്ങള്‍ മനഃസാക്ഷി മരവിച്ച ഹീനരായ മനുഷ്യര്‍ക്ക് മാത്രം ചെയ്യാന്‍ സാധിക്കുന്നതാണ്. ഡേ കെയര്‍ അടച്ചുപൂട്ടിയത് ഉള്‍പ്പെടെയുള്ള തൊലിപ്പുറത്തുള്ള ചികിത്സയല്ല ഇതിന് വേണ്ടത്.
രാജ്യത്ത് കുട്ടികള്‍ക്കെതിരായ അക്രമം വര്‍ദ്ധിക്കുകയാണ്. നിസ്സഹായരായ കുട്ടികളെ ലൈംഗിക അതിക്രമത്തിന് വിധേയമാക്കി കൊലപ്പെടുത്തുന്ന വാര്‍ത്തകളും പുറത്ത് വരുന്നുണ്ട്. കേരളത്തിലാവട്ടെ ഓരോ രണ്ട് മണിക്കൂറിലും ഒരു കുട്ടി ഉപദ്രവിക്കപ്പെടുന്നു എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. കുട്ടികള്‍ക്കെതിരായ അതിക്രമങ്ങള്‍ വര്‍ദ്ധിക്കുന്നത് ഒരു സമൂഹത്തിനും അഭിമാനകരമല്ല. കുഞ്ഞുനാളുകളില്‍ മനസിനും, ശരീരത്തിനും ഏല്ക്കുന്ന ക്ഷതം പിന്നീടും കുട്ടികളെ അലട്ടും. അതവരുടെ മാനസികനിലയെത്തന്നെ ബാധിക്കും. നമ്മുടെ സംസ്ഥാനത്തും പോക്സോ കേസുകള്‍ നിരന്തരം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. കുട്ടികളെ പരിപാലിക്കുന്ന ഡേ കെയര്‍ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളില്‍ ഇടക്കിടക്ക് പരിശോധന ആവശ്യമാണ്. ജനകീയ ശ്രദ്ധയും ഇക്കാര്യത്തിലുണ്ടാവണം.സര്‍ക്കാരുകള്‍ ഇക്കാര്യത്തില്‍ ജാഗ്രത പുലര്‍ത്തണം. നിഷ്കളങ്കമായ ഒരു നിലവിളിയും അന്തരീക്ഷത്തിലുയരാതിരിക്കാന് നാമെല്ലാം കൈകോര്‍ക്കണം.
