കോഴിക്കോട്: മഹത്തായ പൈതൃക കലകളെ പതിറ്റാണ്ടുകളായി സമൂഹ മനസ്സില്‍ കെടാവിളക്കായി പ്രകാശിപ്പിക്കുന്ന നമ്മുടെ അനുഗ്രഹീത കലാകാരന്മാരെ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ വേണ്ടവിധം ചേര്‍ത്തുപിടിക്കുന്നുണ്ടോ എന്ന ചോദ്യത്തിനുത്തരം കണ്ടെത്താന്‍ കേന്ദ്ര-കേരള സര്‍ക്കാരുകളുടെ ആനുകൂല്യം ലഭിക്കേണ്ടവരുടെ ലിസ്റ്റ് ആധികാരികമായി പരിശോധിച്ചാല്‍ ദരിദ്രരായ അനവധി കലാകാരന്മാര് അതില്‍നിന്ന് പുറത്താണെന്ന് വ്യക്തമാകും. വേണ്ടതിനും വേണ്ടാത്തതിനും വാരികോരി ചിലവാക്കുന്ന സര്‍ക്കാരുകള്‍ ഇത്തരം കലാകാരന്മാരെ ചേര്‍ത്തുപിടിച്ചിരുന്നുവെങ്കില്‍ അത് നമ്മുടെ സംസ്കൃതിയോട് ചെയ്യുന്ന പുണ്യകര്മമാകുമെന്ന് കഥാപ്രസംഗ ജീവിതത്തിന്റെ 45ാം വാര്‍ഷികത്തില്‍ പ്രശസ്ത കാഥികന് മധുരിമ ഉണ്ണികൃഷ്ണന് പീപ്പിള്‍സ് റിവ്യൂവിനോട് പറഞ്ഞു.
കലയ്ക്ക് വേണ്ടി ഉപാസന നടത്തിയ ഇവര്‍ ജീവിതത്തില്‍ ദരിദ്രന്മാരായി മാറുകയാണുണ്ടായത്. മറ്റ് കാഥികരില്‍ നിന്ന് വ്യത്യസ്തമായിരുന്നു കാഥികന് മധുരിമ ഉണ്ണികൃഷ്ണന്റെ കഥപറച്ചില്‍. നമ്മുടെ പ്രശസ്തരായ പല കാഥികരും വിദേശ ഭാഷകളിലെ കഥകള്‍ പറഞ്ഞപ്പോള്‍ മധുരിമ ഉണ്ണികൃഷ്ണന് സ്വന്തമായി കഥയും പാട്ടുമെഴുതി സ്വയം പാടിയും പറഞ്ഞുമാണ് 45 വര്‍ഷക്കാലം കഥാപ്രസംഗ ലോകത്ത് നിറഞ്ഞുനിന്നത്. ആദ്യ കഥാപ്രസംഗ വേദിയുടെ കാര്യം അദ്ദേഹം ഓര്‍ത്തെടുത്തു. 1977ല്‍ ആദ്യ കഥയായ ‘നാരായണ ചരിതം’ കണ്ണന് കുളങ്ങര ശിവക്ഷേത്രത്തിലായിരുന്നു അവതരിപ്പിച്ചത്. അതുവരെ യാതൊരു മഴക്കോളും ഇല്ലാതിരുന്ന സന്ധ്യക്ക് സ്റ്റേജ് ഇടിഞ്ഞുവീണു. മഴയും കാറ്റുംമൂലം അന്ന് കഥ പറച്ചില് നടന്നില്ല. ആദ്യ വേദി ഇങ്ങനെയായപ്പോള്‍ ചിലര്‍ പറഞ്ഞു ഇനി വേദി കിട്ടില്ലെന്ന്. പിറ്റേന്ന് ഊട്ടുപുരയിലാണ് കഥ പറഞ്ഞത്. ‘നാരായണന്റെ കഥ’ എന്നു കേട്ടപ്പോള്‍ ശ്രീനാരയണ ഗുരുദേവന്റെയോ, മഹാവിഷ്ണുവിന്റെയോ കഥയാകുമെന്നായിരുന്നു നാട്ടുകാര്‍ വിചാരിച്ചത്. എന്നാല്‍ നാരായണന് എന്ന പേരുള്ള ഒരു കള്ളന്റെ കഥയായിരുന്നു അത്. കഥ കേട്ടതോടു കൂടി ആകാംഷാഭരിതരായ ജനങ്ങള്‍ തിങ്ങിനിറഞ്ഞ വേദിയിലാണ് ആദ്യകഥ അവതരിപ്പിച്ചത്. പില്ക്കാലത്ത് ‘ ചലിക്കുന്ന പ്രതിമ’ എന്ന പേരില്‍ ഈ കഥ നിരവധി സ്റ്റേജുകളില്‍ അദ്ദേഹം അവതരിപ്പിക്കുകയുണ്ടായി.
തുടര്‍ന്ന് 20 ഓളം പുരാണ-ഐതിഹ്യ-ചരിത്ര-സാമൂഹിക കഥകള്‍ 5000ത്തോളം വേദികളില്‍ അവതരിപ്പിച്ച് കഴിഞ്ഞിരിക്കുന്നു. കേരളത്തിനകത്തും പുറത്തും അദ്ദേഹം കഥാപ്രസംഗമവതരിപ്പിച്ച് വേദി കൈയ്യിലെടുത്തിട്ടുണ്ട്. 1970ല്‍ അക്കാലത്ത് കൊച്ചിയിലുണ്ടായിരുന്ന ഗാനമേള ട്രൂപ്പായ മധുരിമയിലൂടെയാണ് ഉണ്ണികൃഷ്ണന് മിമിക്രി അവതരിപ്പിച്ചുകൊണ്ട് രംഗത്ത് വരുന്നത്. പിന്നീട് ഗാനമേള ട്രൂപ്പ് നിന്നുപോയെങ്കിലും ‘മധുരിമ’ എന്ന പേര് അദ്ദേഹത്തിലൂടെ അറിയപ്പെടുകയായിരുന്നു. 10ാം ക്ലാസുമുതല്‍ കഥകളും കവിതകളും എഴുതിത്തുടങ്ങി. വര്‍ഷങ്ങള്‍ക്ക് മുമ്പ് സിനിമക്ക് വേണ്ടി നല്കിയ ഒരു കഥ നഷ്ടപ്പെട്ട അനുഭവവും അദ്ദേഹത്തിനുണ്ട്. വര്‍ത്തമാനകാലത്ത് സിനിമയില്‍ കഥാകൃത്തിന് കിട്ടുന്ന അംഗീകാരം പഴയകാല എഴുത്തുകാര്‍ക്കും ലഭിക്കേണ്ടതുണ്ട്.
2015ല്‍ കേരള സംഗീത-നാടക അക്കാദമി ഗുരുപൂജ പുരസ്കാരം നല്കി ആദരിക്കുകയുണ്ടായി. ഇക്കാലയളവിനുള്ളില്‍ ഒട്ടനവധി അംഗീകാരങ്ങളും ഇദ്ദേഹത്തെ തേടിയെത്തി. കവിയും നടനും ഡബ്ബിങ് ആര്‍ട്ടിസ്റ്റുമായ മധുരിമ ഉണ്ണികൃഷ്ണന് ഒടുവില്‍ കഥ പറഞ്ഞത് ചേര്‍ത്തല കാര്‍ത്ത്യായനി ദേവി ക്ഷേത്രത്തിലാണ്. രണ്ട് വര്‍ഷത്തെ കൊവിഡ് കാലത്തെ അതിജീവിച്ച കലാകാരന്മാരെ കുറിച്ച് പറഞ്ഞപ്പോള്‍ അദ്ദേഹത്തിന്റെ കണ്ഠമിടറി. കഥാരചനയിലെ മൗലികതയും ആലാപന മാധുര്യവും നര്‍മവുമാണ് മധുരിമ ഉണ്ണികൃഷ്ണന്റെ പ്രത്യേകത.


