മുന്‍ ദേശീയ താരം സത്യന്‍ മാഷുടെ അനശ്വര ഓര്‍മകളില്‍ ‘സ്നേഹാഞ്ജലി’ അര്‍പ്പിച്ച് നാടും വിദ്യാലയവും

മുന്‍ ദേശീയ താരം സത്യന്‍ മാഷുടെ അനശ്വര ഓര്‍മകളില്‍ ‘സ്നേഹാഞ്ജലി’ അര്‍പ്പിച്ച് നാടും വിദ്യാലയവും

മുക്കം: സംസ്ഥാന-ദേശീയ തലങ്ങളില്‍ ഒട്ടേറെ മെഡലുകള്‍ വാരിക്കൂട്ടിയ മുന്‍ ദേശീയ താരവും കക്കാട് ജി.എല്‍.പി സ്‌കൂളിലെ കായികാധ്യാപകനുമായിരുന്ന പുല്ലൂരാംപാറ സ്വദേശി സി.കെ സത്യന്‍ മാഷിന് സ്‌കൂളിന്റെയും നാടിന്റെയും സ്നേഹാഞ്ജലി. ട്രാക്കിലും ഫീല്‍ഡിലും പുതിയ വേഗവും ദൂരവും അടയാളപ്പെടുത്തി സബ്ജൂനിയര്‍, ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളില്‍ ജില്ലാ-സംസ്ഥാന തലങ്ങളില്‍ ചാമ്പ്യന്‍പട്ടം നേടിയ സത്യന്‍ മാഷ് മികച്ച ഒരു തലമുറയെ വാര്‍ത്തെടുക്കാന്‍ അത്യധ്വാനം ചെയ്ത മാതൃകാ അധ്യാപകന്‍ കൂടിയായിരുന്നുവെന്ന് സ്നേഹാഞ്ജലിയില്‍ സംസാരിച്ചവര്‍ ചൂണ്ടിക്കാട്ടി.

ട്രാക്കില്‍ കാറ്റിനേക്കാള്‍ വേഗത്തില്‍ കുതിച്ചുപായാന്‍ ശ്രമിച്ച അദ്ദേഹം, പ്രാരാബ്ധങ്ങള്‍ക്കും പ്രതിസന്ധികള്‍ക്കുമിടയിലും ജീവിതത്തില്‍ അനേകം താരങ്ങള്‍ക്ക് കുതിക്കാന്‍ വഴിവെട്ടിയ കായികപ്രതിഭ കൂടിയായിരുന്നു. ജില്ലാ-സംസ്ഥാന-ദേശീയ തലങ്ങളില്‍ അദ്ദേഹം നേടിയ നേട്ടങ്ങളൊന്നും വെറും മെഡലുകള്‍ മാത്രമായിരുന്നില്ല. മറിച്ച് വിയര്‍പ്പിന്റെയും കഠിനാധ്വാനത്തിന്റെയും ആത്മസമര്‍പ്പണത്തിന്റെയും ജ്വലിക്കുന്ന നിമിഷങ്ങളായിരുന്നു. തന്റെ ആ വേഗതയും കായികവീര്യവും അദ്ദേഹം കുട്ടികള്‍ക്കും പകര്‍ന്നു നല്‍കി. മത്സരങ്ങളില്‍ എങ്ങനെ ജയിക്കണമെന്നും അതിലുപരി തോല്‍വികളില്‍നിന്ന് എങ്ങനെ തിരിച്ചുവരണമെന്നും അദ്ദേഹം കുട്ടികളെ പഠിപ്പിച്ചുവെന്നും യോഗം അനുസ്മരിച്ചു.

സ്‌കൂള്‍ ഹാളില്‍ ചേര്‍ന്ന അനുസ്മരണ ചടങ്ങ് ‘സ്നേഹാഞ്ജലി’ കാരശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജി അബ്ദുല്‍ അക്ബര്‍ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് മുനീര്‍ പാറമ്മല്‍ അധ്യക്ഷത വഹിച്ചു. ബി.ആര്‍.സി സ്പെഷ്യല്‍ എഡ്യൂക്കേറ്റര്‍ എം.എല്‍ ഷീന ടീച്ചര്‍ അനുസ്മരണ പ്രഭാഷണവും മുന്‍ പി.ടി.എ പ്രസിഡന്റ് കെ.സി റിയാസ് അനുശോചന പ്രമേയവും അവതരിപ്പിച്ചു. വാര്‍ഡ് മെമ്പര്‍ ഹസീന ബഷീര്‍, സ്‌കൂള്‍ എച്ച്.എം ജി ഷംസുദ്ദീന്‍ മാസ്റ്റര്‍, മുന്‍ പ്രധാനാധ്യാപകരായ സി.ടി അബ്ദുല്‍ ഗഫൂര്‍ മാസ്റ്റര്‍, ഇ.പി മെഹറുന്നീസ ടീച്ചര്‍, ജാനീസ് ടീച്ചര്‍, വികസന സമിതി കണ്‍വീനര്‍ ടി ഉമര്‍, കെ.പി.ആര്‍. സ്മാരക വായനശാല പ്രസിഡന്റ് മഞ്ചറ അഹമ്മദ്കുട്ടി മാസ്റ്റര്‍, പൂര്‍വ്വ വിദ്യാര്‍ത്ഥി കൂട്ടായ്മ പ്രസിഡന്റ് ഇ അഹമ്മദ്കുട്ടി, ബി.ആര്‍.സി ട്രെയ്നര്‍ അഷ്റ ടീച്ചര്‍, എം.പി സലാം ഹാജി, ടി.പി.സി മുഹമ്മദ് ഹാജി, എസ്.എം.സി ചെയര്‍മാന്‍ അബ്ദുസ്സലാം കെ.സി, വൈസ്ചെയര്‍മാന്‍ അബ്ദുല്‍ഗഫൂര്‍ എം, എം.പി.ടി.എ പ്രസിഡന്റ് നീതു, ഷാക്കിര്‍ പാലിയില്‍ തുടങ്ങിയവര്‍ സംസാരിച്ചു.

സത്യന്‍ മാഷുടെ വിയോഗത്തെ തുടര്‍ന്ന് ഇത്തവണ സ്‌കൂളിലെ ഓണാഘോഷ പരിപാടികള്‍ മാറ്റിവെച്ച് രക്ഷിതാക്കളുടെ പുതിയൊരു സ്നേഹത്തണല്‍ മാതൃക തീര്‍ക്കാന്‍ തിരുവോണത്തിന് ‘സ്നേഹോണം’ നടത്താന്‍ തുടര്‍ന്ന് ചേര്‍ന്ന പി.ടി.എ, എസ്.എം.സി, എം.പി.ടി.എ സംയുക്ത എക്സിക്യൂട്ടീവ് യോഗം തീരുമാനിച്ചു. സ്വാതന്ത്ര്യദിനാഘോഷത്തിന് പിന്നാലെ സ്‌കൂളിലെ ലൈബ്രറി സംവിധാനം ബാലസാഹിത്യത്തിന് കൂടുതല്‍ ഊന്നല്‍ നല്‍കി വിപുലമാക്കാന്‍ പദ്ധതികള്‍ തയ്യാറാക്കാനും തീരുമാനിച്ചു.

ചര്‍ച്ച വാര്‍ഡ് മെമ്പര്‍ ഹസീന ബഷീര്‍ ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപകന്‍ ജി ഷംസു മാസ്റ്റര്‍, മുനീര്‍ പി, കെ.സി റിയാസ്, അബ്ദുസ്സലാം കെ.സി, മുഹമ്മദ് ജലാലുദ്ദീന്‍ കെ.എം, അഹമ്മദ് നിസാര്‍ എം, നീതു, ഹൈറ, ഷര്‍ലീന, രജ്ന, സാജിത ഗോശാലക്കല്‍, ഷബ്ന ജാസ്മീന്‍, ഹസീന മോള്‍, അധ്യാപകരായ ഖൈറുന്നീസ ടീച്ചര്‍, കെ ഫിറോസ്, ഷാക്കിര്‍ പാലിയില്‍, ഫസീല പി, റോസ്മി രാജു, അമീറ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

 

 

 

മുന്‍ ദേശീയ താരം സത്യന്‍ മാഷുടെ അനശ്വര ഓര്‍മകളില്‍
‘സ്നേഹാഞ്ജലി’ അര്‍പ്പിച്ച് നാടും വിദ്യാലയവും

 

Share

Leave a Reply

Your email address will not be published. Required fields are marked *