3000 യാത്രക്കാരെ ഉള്‍ക്കൊള്ളും
ചെന്നൈ: ഇന്ത്യയുടെ ആദ്യത്തെ അന്താരാഷ്ട്ര ക്രൂയിസ് കപ്പല്‍ ഫ്ളാഗ് ഓഫ് ചെയ്തു. 3000 യാത്രക്കാരെ ഉള്‍ക്കൊള്ളാന്‍ ശേഷിയുള്ള എം.വി എംപ്രസ് ആണ് ചെന്നൈ തുറമുഖത്ത് നിന്ന് കേന്ദ്രമന്ത്രി സര്‍ബാനന്ദ സോനോവാള്‍ ഫ്ളാഗ് ഓഫ് ചെയ്തത്. ചെന്നൈയില്‍ നിന്ന് ശ്രീലങ്കയിലേക്കാണ് ആദ്യ യാത്ര. അഞ്ച് ദിവസം നീളുന്ന യാത്രയില്‍ 750 ഓളം യാത്രക്കാരാണ് ആദ്യയാത്രയുടെ ഭാഗമായിരിക്കുന്നത്. ശ്രീലങ്കയിലെ ട്രൈക്കോണ്‍മല്ലെ, ഹമ്പന്‍ടോട്ട, ജാഫ്ന എന്നീ സ്ഥലങ്ങളെയാണ് ചെന്നൈയുമായി ബന്ധിപ്പിക്കുന്നത്.
ചെന്നൈയെ ക്രൂയിസ് ടൂറിസത്തിന്റെ കേന്ദ്രമാക്കി മാറ്റാനാണ് ലക്ഷ്യമിടുന്നതെന്ന് സര്‍ബാനന്ദ സോനോവാള്‍ വ്യക്തമാക്കി. യാത്രക്കാര്‍ക്ക് വേണ്ടി നിരവധി ആകര്‍ഷണങ്ങളാണ് കപ്പലിനുള്ളില്‍ ഒരുക്കിയിരിക്കുന്നത്. തൂത്തുക്കുടി തുറമുഖത്തിന്റെ വികസനവും എത്രയും വേഗം ഉറപ്പാക്കുമെന്ന് മന്ത്രി പറഞ്ഞു. 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നില്‍ കണ്ടുകൊണ്ടുള്ള പ്രവര്‍ത്തനങ്ങളാണ് ബി.ജെ.പി നടത്തുന്നതെന്ന പ്രതിപക്ഷ വിമര്‍ശനത്തേയും അദ്ദേഹം തള്ളി. വികസനം എല്ലാ സംസ്ഥാനങ്ങള്‍ക്കും തുല്യമായാണ് ബി.ജെ.പി നല്കിക്കൊണ്ടിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
