വൈദ്യശാസ്ത്രത്തിലെ അപൂര്‍വ്വ കേസുകള്‍ ഉള്‍പ്പെടുത്തി കാല്‍ഫിമ്മിന്റെ പുസ്തകം പ്രകാശനം ചെയ്തു

വൈദ്യശാസ്ത്രത്തിലെ അപൂര്‍വ്വ കേസുകള്‍ ഉള്‍പ്പെടുത്തി കാല്‍ഫിമ്മിന്റെ പുസ്തകം പ്രകാശനം ചെയ്തു

കോഴിക്കോട്: കാലിക്കറ്റ് ഫോറം ഓഫ് ഇന്റേണല്‍ മെഡിസിന്റെ (CALFIM) ആദ്യ ക്ലിനിക്കല്‍ കേസ് സമാഹാരമായ ‘ഇന്ററസ്റ്റിംഗ് കേസസ് ഇന്‍ ഇന്റേണല്‍ മെഡിസിന്‍: കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജില്‍ പ്രകാശനം ചെയ്തു. പ്രൊഫ. പി.വി. ഭാര്‍ഗ്ഗവന്‍, ഡോ. എസ്.കെ. സുരേഷ് കുമാര്‍, ഡോ. സിജു കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രമുഖ മെഡിക്കല്‍ പബ്ലിഷേഴ്‌സായ ജെ.പി. പബ്ലിഷേഴ്‌സ് പ്രസിദ്ധീകരിച്ച ഈ ഗ്രന്ഥം സമാഹരിച്ചത്.

കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജ് കാമ്പസില്‍ നടന്ന ചടങ്ങില്‍ കേരള ആരോഗ്യ സര്‍വകലാശാല വൈസ് ചാന്‍സലര്‍ പ്രൊഫ. (ഡോ.) മോഹനന്‍ കുന്നുമ്മല്‍ പുസ്തക പ്രകാശനം നിര്‍വ്വഹിച്ചു. കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ പ്രൊഫ. കെ. ജി. സജീത് കുമാര്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. തുടര്‍ന്ന് പുസ്തകത്തിന്റെ ആദ്യ പ്രതി പ്രൊഫ. പി.വി. ഭാര്‍ഗ്ഗവന് അദ്ദേഹം കൈമാറി. കാല്‍ഫിം പ്രസിഡന്റ് പ്രൊഫ. ഉദയഭാസ്‌കരന്‍, ട്രഷറര്‍ ഡോ. എസ്.കെ. സുരേഷ് കുമാര്‍, ഡോ. സിജു കുമാര്‍, ഡോ. നീരജ് മണിക്കോത്ത്, പ്രൊഫ. ഗീത എന്നിവര്‍ ചടങ്ങില്‍ സംൂന്ധിച്ചു.

കഴിഞ്ഞ രണ്ടു വര്‍ഷങ്ങളിലായി കാല്‍ഫിമ്മിന്റെ പ്രതിമാസ അക്കാദമിക് പരിപാടികളില്‍ ബിരുദാനന്തര ബിരുദ (പി.ജി.) വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച ശ്രദ്ധേയമായ കേസ് പഠനങ്ങളാണ് പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ക്ലിനിക്കല്‍ മെഡിസിനില്‍ നേരിടുന്ന സങ്കീര്‍ണ്ണമായ വെല്ലുവിളികളും, കൃത്യമായ രോഗനിര്‍ണ്ണയ രീതികള്‍, ചര്‍ച്ചകള്‍, തെളിവധിഷ്ഠിത ചികിത്സ എന്നിവയുടെ പ്രാധാന്യവും വ്യക്തമാക്കുന്നതാണ് ഈ സമാഹാരം.

വിദ്യാര്‍ത്ഥികള്‍ക്ക് കേസ് പഠനത്തിലും അവതരണത്തിലും കൃത്യമായ മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കിയ മുതിര്‍ന്ന ക്ലിനിക്കല്‍ അധ്യാപകരുടെയും ഡോക്ടര്‍മാരുടെയും പങ്കിനെയും ചടങ്ങില്‍ സ്മരിച്ചു.

കാല്‍ഫിമ്മിന്റെ സ്ഥാപക പ്രസിഡന്റും മുന്‍ മെഡികല്‍ കോളേജ് പ്രൊഫസറുമായ, പരേതനായ പ്രൊഫ. എം.ജി. സഹദേവന്റെ സ്മരണയ്ക്കാണ് പുസ്തകം സമര്‍പ്പിച്ചിരിക്കുന്നത്. അദ്ദേഹത്തിന്റെ വൈദ്യശാസ്ത്ര വിദ്യാഭ്യാസ രംഗത്തെ കാഴ്ചപ്പാടുകള്‍ ഫോറത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് എന്നും പ്രചോദനമാണെന്ന് ഭാരവാഹികള്‍ വ്യക്തമാക്കി.

1997-ല്‍ പ്രവര്‍ത്തനം ആരംഭിച്ച കാല്‍ഫിം, ഫിസിഷ്യന്‍മാര്‍ക്കും പി.ജി. വിദ്യാര്‍ത്ഥികള്‍ക്കും ക്ലിനിക്കല്‍ അനുഭവങ്ങള്‍ പങ്കുവെക്കാനും നിരന്തര പഠനത്തിനുമുള്ള പ്രമുഖ വേദിയാണ്. പുസ്തക രൂപീകരണത്തില്‍ പങ്കാളികളായ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും എഡിറ്റോറിയല്‍ ബോര്‍ഡ് നന്ദി രേഖപ്പെടുത്തി.

 

 

വൈദ്യശാസ്ത്രത്തിലെ അപൂര്‍വ്വ കേസുകള്‍ ഉള്‍പ്പെടുത്തി
കാല്‍ഫിമ്മിന്റെ പുസ്തകം പ്രകാശനം ചെയ്തു

 

 

Share

Leave a Reply

Your email address will not be published. Required fields are marked *