കോഴിക്കോട്: നഗരത്തിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രവും പൊതുജനങ്ങളുടെ വിശ്രമ-വിനോദ ഇടവുമായ ബീച്ചില്‍ രാത്രികാലങ്ങളില്‍ വര്‍ധിച്ചുവരുന്ന അനിഷ്ട സംഭവങ്ങള്‍ ജനങ്ങളില്‍ വലിയ ആശങ്ക സൃഷ്ടിച്ചിരിക്കുകയാണ്.
രാത്രികാലങ്ങളിലെ അനാവശ്യ ജനക്കൂട്ടം, സാമൂഹികവിരുദ്ധ പ്രവര്‍ത്തനങ്ങള്‍, പൊതുമുതല്‍ നശിപ്പിക്കല്‍, ലഹരിവസ്തുക്കളുടെ വില്‍പ്പനയും ഉപയോഗവും ഉള്‍പ്പെടെയുള്ള നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ബീച്ചിന്റെ സുരക്ഷിതമായ അന്തരീക്ഷത്തിന് ഭീഷണിയാകുന്നുണ്ട്. ഇതുമൂലം കുടുംബസമേതം ബീച്ചിലെത്തുന്നവര്‍ക്കും വിനോദസഞ്ചാരികള്‍ക്കും സാധാരണ ജനങ്ങള്‍ക്കും ഏറെ പ്രയാസങ്ങള്‍ നേരിടേണ്ടിവരുന്നു.
ഈ സാഹചര്യത്തില്‍ പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും ബീച്ചിന്റെ സമാധാനപരമായ അന്തരീക്ഷം നിലനിര്‍ത്തുന്നതിനുമായി താഴെപ്പറയുന്ന നടപടികള്‍ അടിയന്തരമായി സ്വീകരിക്കണമെന്ന് കോഴിക്കോട് ബീച്ച് കൂട്ടായ്മ അഭ്യര്‍ഥിക്കുന്നു.
1.രാത്രി 10 മണിക്ക് ശേഷം ബീച്ചിലേക്കുള്ള പൊതുജനങ്ങളുടെ പ്രവേശനം നിയന്ത്രിക്കുന്നതിന് നിയമാനുസൃതമായ നടപടികള്‍ സ്വീകരിക്കുക.
2.രാത്രികാല പോലീസ് പട്രോളിംഗ് ശക്തമാക്കുകയും ആവശ്യമായ സ്ഥലങ്ങളില്‍ സ്ഥിരമായ പോലീസ് നിരീക്ഷണം ഏര്‍പ്പെടുത്തകയും ചെയ്യുക.
3.ലഹരിവസ്തുക്കളുടെ വില്‍പ്പനയും ഉപയോഗവും ഉള്‍പ്പെടെയുള്ള നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുക.
4.പൊതുമുതല്‍ നശിപ്പിക്കല്‍, അക്രമം, സ്ത്രീകള്‍ക്കും കുടുംബങ്ങള്‍ക്കും ബുദ്ധിമുട്ടുണ്ടാക്കുന്ന പ്രവര്‍ത്തനങ്ങള്‍ എന്നിവ തടയാന്‍ പ്രത്യേക നിരീക്ഷണം ഏര്‍പ്പെടുത്തുക.
5.ബീച്ചിലെ വെളിച്ചം, ശുചിത്വം, സുരക്ഷാ സംവിധാനങ്ങള്‍ എന്നിവ മെച്ചപ്പെടുത്തുകയും ആവശ്യമായ സ്ഥലങ്ങളില്‍ നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കുകയും ചെയ്യുക.
6.ബീച്ചിന്റെ സുരക്ഷയും ക്രമസമാധാനവും ഉറപ്പാക്കുന്നതിനായി ബന്ധപ്പെട്ട പോലീസ് ഉദ്യോഗസ്ഥരുടെയും മറ്റ് വകുപ്പുകളുടെയും ഏകോപിതമായ പ്രവര്‍ത്തനം ഉറപ്പുവരുത്തുക.
കോഴിക്കോട് ബീച്ച് പൊതുജനങ്ങള്‍ക്ക് സുരക്ഷിതമായി ഉപയോഗിക്കാനാകുന്ന ഒരു വിനോദ-സാംസ്കാരിക കേന്ദ്രമായി നിലനിര്‍ത്തേണ്ടത് അത്യന്താപേക്ഷിതമാണ്. അതിനാല്‍, ഈ വിഷയത്തില്‍ അടിയന്തര ഇടപെടലുണ്ടാകണമെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കണമെന്നും മന്ത്രിയോട് ആവശ്യപ്പെട്ടു. കൂട്ടായ്മ പ്രസിഡണ്ട് പാലക്കണ്ടി മൊയ്തീന് കോയ, ജനറല്‍ സെക്രട്ടറി സി.മുജീബ് റഹ് മാന്‍ എന്നിവര്‍ക്കൊപ്പം ട്രഷറര്‍ കെ.ഇ.മനോഹരന്,കെ.സി.അബു,എന്‍.സുബ്രഫണൃന്, സെക്രട്ടറി കെ.വി.ഇസ്ഹാഖ് എന്നിവര്‍ ചേര്‍ന്ന് ആഭ്യന്തര വകുപ്പ് മന്ത്രിക്ക് നിവേദനം കൈമാറി.
കോഴിക്കോട് ബീച്ചിലെ രാത്രികാല അനിഷ്ട സംഭവങ്ങള്‍ തടയുന്നതിനും
സുരക്ഷ ശക്തമാക്കുന്നതിനും നടപടി സ്വീകരിക്കണം;ബീച്ച് കൂട്ടായ്മ
