കോഴിക്കോട്: ഒന്‍പത് മാസത്തെ ശമ്പളം കുടിശ്ശികയായി ജീവിതം വഴിമുട്ടിയ മാധ്യമത്തിലെ തൊഴിലാളികള്‍ നടത്തുന്ന അതിജീവന സമരം നുണക്കൂമ്പാരങ്ങള്‍ കൊണ്ടും വ്യാജ പ്രചരണം കൊണ്ടും പൊളിക്കാന്‍ കഴിയില്ലെന്ന് വ്യക്തമായപ്പോള്‍ ഗുണ്ടരാജിലും പോലീസ് നടപടിയിലും ഹീന തന്ത്രം മെനഞ്ഞ മാനേജ്‌മെന്റിന്റെ മനുഷ്യത്വ വിരുദ്ധ നിലപാട് ജനാധിപത്യത്തോടുള്ള വെല്ലുവിളിയെന്ന് കേരള പത്രപ്രവര്‍ത്തക യൂണിയന്‍ (കെ.യു.ഡബ്‌ള്യു.ജെ), കേരള ന്യൂസ് പേപ്പര്‍ എംപ്ലോയീസ് ഫെഡററേഷന്‍ (കെ.എന്‍.ഇ.എഫ്) ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. തൊഴിലാളികള്‍ക്ക് ഐക്യധൈര്യവുമായി രാപകല്‍ സമരത്തിന് വന്ന പ്രാദേശിക സമര സഹായസമിതി അംഗങ്ങളായ നാട്ടുകാരെ നേരിടാന്‍ ഗുണ്ടകളെ ഇറക്കിയ മാനേജ്‌മെന്റ് പ്രകോപനം സൃഷ്ടിച്ച് പത്രം അച്ചടി മുടക്കാനാണ് ശ്രമിച്ചത്. മുഖ്യ കവാടം ആളൊഴിഞ്ഞു കിടന്നാല്‍ മാത്രമേ പത്രം അച്ചടിക്കൂ എന്ന് വാശിപിടിച്ച മാനേജ്‌മെന്റ് സമാധാന സമരം നടത്തിവന്ന നാട്ടുകാരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കുകയും മുഖ്യ കവാടത്തില്‍ ഒരു വിധ തടസ്സവും ഇല്ലെന്ന് 12.45 ന് അധികാരികളെ അറിയിച്ചിട്ടും ഒന്നര മണിക്കൂറിന് ശേഷം മറ്റൊരു പ്രസില്‍ പത്രം അച്ചടിക്കാനാണ് തീരുമാനിച്ചത്. അച്ചടിയോ പത്ര വിതരണമോ തടസ്സപ്പെടുത്തില്ലെന്ന് സമര സമിതി നേരത്തെ തന്നെ ആവര്‍ത്തിച്ച് ഉറപ്പ് നല്‍കിയിട്ടും ഇല്ലാത്ത കാരണം ഉണ്ടാക്കി അച്ചടി മുടക്കാനും അതിന്റെ പഴി തൊഴിലാളികള്‍ക്ക് മേല്‍ ചാര്‍ത്താനുമായിരുന്നു ആസൂത്രിത പദ്ധതി. പത്രം മുടക്കിയെന്ന പേരില്‍ തൊഴിലാളികളെ സൈബര്‍ ആക്രമണത്തിന് എറിഞ്ഞു കൊടുക്കുന്ന ഗ്രാന്‍ഡ് ഡിസൈന്‍ ആണ് മാനേജ്‌മെന്റ് മേലാളന്മാരുടെ സൃഗാല ബുദ്ധിയില്‍ മെനഞ്ഞ് എടുത്തത്. കുടില തന്ത്രങ്ങള്‍ ഇനിയും അണിയറയില്‍ ഒരുങ്ങുന്നതായും അറിയുന്നു. വേലയ്ക്ക് കൂലി എന്ന തൊഴിലാളിക്ക് കിട്ടേണ്ട സ്വാഭാവിക നീതിയെ ബാഹ്യ സ്വാധീനങ്ങള്‍ ഉപയോഗിച്ച് അട്ടിമറിക്കാനാണ് ശ്രമം നടക്കുന്നത്. വ്യാജ വോട്ട് ബാങ്കുകളല്ല മാനവികതയും നീതിബോധവുമാണ് ഇത്തരം ഘട്ടങ്ങളില്‍ ഭരണാധികാരികളെ നയിക്കേണ്ടതെന്ന് ബന്ധപ്പെട്ട എല്ലാവരും ജാഗ്രത പുലര്‍ത്തേണ്ടത് ജനാധിപത്യത്തിന്റെയും ബഹുസ്വരതയുടെയും നിലനില്‍പ്പിന് അത്യാവശ്യമാണെന്ന് ഭാരവാഹികള്‍ പറഞ്ഞു.
വാര്‍ത്താസമ്മേളനത്തില്‍ കെ.യു.ഡബ്ല്യു.ജെ സംസ്ഥാന പ്രസിഡന്റ് കെ.പി റെജി, ജില്ലാ പ്രസിഡന്റ് ഇ.പി മുഹമ്മദ്, സംസ്ഥാന കമ്മിറ്റി അംഗം എം. ഫിറോസ്ഖാന്‍, മാധ്യമം ജേണലിസ്റ്റ് യൂണിയന്‍ ഭാരവാഹികളായ എം സുല്‍ഹഫ്, ടി. നിഷാദ്, മാധ്യമം എംപ്ലോയീസ് യൂണിയന്‍ ഭാരവാഹികളായ ഹാരിസ് വേങ്ങേരി, എം. കുഞ്ഞാപ്പ എന്നിവര്‍ പങ്കെടുത്തു.
ശമ്പള സമരം പൊളിക്കാന്‍ ഗുണ്ടാരാജും ഗൂഢ അജണ്ടയും;
നടപടി വേണം – കെ.യു.ഡബ്‌ള്യു.ജെ, കെ.എന്‍. ഇ.എഫ്
