മേതിലിനെ ഒന്നുകൂടി വായിക്കും; മുഖ്യമന്ത്രി

മേതിലിനെ ഒന്നുകൂടി വായിക്കും; മുഖ്യമന്ത്രി

കോഴിക്കോട്: മേതിലിനെ ഒന്നു വായിച്ചിട്ടുണ്ടെന്നും, വീണ്ടും ഒന്നുകൂടി വായിക്കുമെന്നും മുഖ്യമന്ത്രി വി.ഡി.സതീശന്‍ പറഞ്ഞു. മേതില്‍ രാധാകൃഷ്ണന് എഴുത്തച്ഛന്‍ പുരസ്‌കാരം സമ്മാനിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പുനര്‍വായന ആവശ്യപ്പെടുന്ന രചനകളാണ് മേതിലിന്റേത്. പുതിയ കാര്യങ്ങള്‍ പറയാന്‍, പുതിയ കാര്യങ്ങള്‍ ചെയ്യാന്‍ പുതിയ ആഖ്യാന ശൈലി ഇതെല്ലാമാണ് മേതിലിന്റെ പ്രത്യേകതകള്‍. എഴുത്ത് വ്യത്യസ്തമായ തലമാണ് എന്ന് തെളിയിച്ച എഴുത്തുകാരനാണ് മേതില്‍. മൗലികതയാണ് അതിന്റെ പ്രത്യേകത. മേതിലിന്റെ രചനകള്‍ ആദ്യം വായിച്ചപ്പോള്‍ അത്ഭുതപ്പെടുത്തിയെന്ന് മുഖ്യമന്ത്രി പറഞ്ഞു. അദ്ദേഹം നോവലിലും, ചെറുകഥയിലും ശാസ്ത്രവും ചരിത്രവും കൊണ്ടുവന്നു. ഭാഷയുടെ മനോഹാരിതയുടെ ഇടയിലേക്ക് ഇവ സന്നിവേശിപ്പിച്ചത് അത്ഭുതകരമാണ്. അദ്ദേഹം സൂക്ഷ്മ നിരീക്ഷണം നടത്തുന്ന എഴുത്തുകാരനാണ്. മനുഷ്യനോടൊപ്പം ജന്തു ജാലങ്ങള്‍, ജീവജാലങ്ങള്‍ എല്ലാം പ്രമേയങ്ങളാണ്. ആധുനിക സാഹിത്യത്തിനപ്പുറത്തേക്ക് പുതിയ ശൈലി രൂപപ്പെടുത്തിയ എഴുത്തുകാരനാണദ്ദേഹം. മലയാളത്തില്‍ രാഷ്ട്രീയമായാലും, സാഹിത്യമായാലും ഏറെ വിമര്‍ശന വിധേയമാണെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. കുട്ടിക്കാലത്ത് അമ്മയും, മുത്തശ്ശിയും പറഞ്ഞു തരുന്ന കഥകള്‍ കുട്ടികളുടെ മനസ്സില്‍ പതിഞ്ഞ് കിടക്കും. ഇന്നത്തെ കാലത്ത് അത് കുറഞ്ഞുവരുന്നുണ്ട്. മലയാളിയുടെ ഹൃദയത്തില്‍ ഭാഷാ പിതാവിന്റെ കൈയ്യൊപ്പുണ്ടെന്നദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ചടങ്ങില്‍ സാസ്‌കാരിക വകുപ്പ് മന്ത്രി പി.സി.വിഷ്ണുനാഥ് അധ്യക്ഷത വഹിച്ചു. കോഴിക്കോട് ജില്ലാ കലക്ടര്‍ എന്‍.എസ്.മാധവി പ്രശസ്തി പത്രം വായിച്ചു. സാഹിത്യ അക്കാദമി ചെയര്‍മാന്‍ കല്‍പ്പറ്റ നാരായണന്‍, സാറാ ജോസഫ്, എം.കെ.രാഘവന്‍ എം.പി, എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. മേതില്‍ രാധാകൃഷ്ണന്‍ പ്രതിസ്പന്ദം നടത്തി. സാംസ്‌കാരിക വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി കെ.ഗോപാലകൃഷ്ണന്‍ ഐ എ എസ് സ്വാഗതവും കേരള സാഹിത്യ അക്കാദമി സെക്രട്ടറി എം.പി.സുരേന്ദ്രന്‍ നന്ദിയും പറഞ്ഞു.

 

 

 

മേതിലിനെ ഒന്നുകൂടി വായിക്കും; മുഖ്യമന്ത്രി

Share

Leave a Reply

Your email address will not be published. Required fields are marked *