കണ്ണീര്‍ക്കടല്‍ താണ്ടി ശ്രുതി
പുതുജീവിതത്തിലേക്ക്
ഗുരുവായൂര്‍: ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ ഉറ്റവരെയും വീടും നഷ്ടപ്പെട്ട് കേരളത്തിന്റെ കണ്ണീര്‍ക്കാഴ്ചയായി മാറിയ ശ്രുതി പുതുജീവിതത്തിലേക്ക്. ശ്രുതിയുടെ വിവാഹം ഇന്ന് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നടന്നു. മാനന്തവാടി സ്വദേശിയും വയനാട് കലക്ട്രേറ്റിലെ ജീവനക്കാരനുമായ സന്ദീപാണ് ശ്രുതിക്ക് താലിചാര്‍ത്തിയത്. പിതാവിന്റെ സ്ഥാനത്തുനിന്ന് വിവാഹച്ചടങ്ങുകള്‍ക്ക് നേതൃത്വം നല്കാന് മുന്‍മന്ത്രി കെ.രാജനുമുണ്ടായിരുന്നു. അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹം. ”ഈ നിമിഷത്തില്‍ വളരെ സന്തോഷമുണ്ട്. എല്ലാമറിഞ്ഞും എന്റെ കൈ പിടിച്ചയാളാണ്. മുന്നോട്ടും സന്തോഷമുണ്ടാകട്ടെ എന്ന് പ്രാര്‍ഥിക്കുന്നു” എന്നാണ് ശ്രുതി വിവാഹത്തിനു ശേഷം മാധ്യമങ്ങളോടു പറഞ്ഞത്.
ഒന്നിനുപിറകേ ഒന്നായി ദുരന്തം പിന്തുടര്‍ന്ന ജീവിതമായിരുന്നു ശ്രുതിയുടേത്. വയനാട് ചൂരല്‍മലയിലുണ്ടായ ഉരുള്‍പ്പൊട്ടലില്‍ മാതാപിതാക്കളും സഹോദരിയും ഉള്‍പ്പെടെ കുടുംബത്തിലെ ഒന്‍പതു പേരെയാണ് ശ്രുതിക്ക് നഷ്ടമായത്. വീടും നഷ്ടമായിരുന്നു. പ്രിയപ്പെട്ടവരെല്ലാം നഷ്ടമായപ്പോള്‍ തകര്‍ന്നുപോയ ശ്രുതിക്ക് ആശ്വാസമായി ഒപ്പമുണ്ടായിരുന്ന പ്രതിശ്രുത വരന് ജെന്‍സനും ഒരു വാഹനാപകടത്തില്‍ മരിച്ചു. ആ അപകടത്തില്‍ ശ്രുതിയുടെ കാലുകള്‍ക്കും പരുക്കേറ്റിരുന്നു. പിന്നീട് ഒരു ജോലിക്കായുള്ള പോരാട്ടമായിരുന്നു. തുടര്‍ന്ന് കലക്ടറേറ്റില്‍ റവന്യു വകുപ്പിലെ പൊതുജന പരാതി വിഭാഗത്തില്‍ (പിജി സെല്‍) ക്ലാര്‍ക്കായി നിയമനം ലഭിച്ചു. 2024 ഡിസംബറിലാണ് ശ്രുതി ജോലിയില്‍ പ്രവേശിച്ചത്.
