അതിവേഗ റെയില്‍പാത; മെട്രോമാന്റെ പ്രൊജക്ട് സര്‍ക്കാര്‍ പരിഗണിക്കണം(എഡിറ്റോറിയല്‍)

അതിവേഗ റെയില്‍പാത; മെട്രോമാന്റെ പ്രൊജക്ട് സര്‍ക്കാര്‍ പരിഗണിക്കണം(എഡിറ്റോറിയല്‍)

കേരളത്തിനൊരു അതിവേഗ റെയില്‍ പാത എന്നത് ഓരോ മലയാളിയുടെയും സ്വപ്‌നമാണ്. അതിന് നിരവധി വര്‍ഷങ്ങളുടെ പഴക്കമുണ്ട്. ലോകം മുഴുവന്‍ എത്തുന്ന മലയാളിക്ക് മറ്റു രാജ്യങ്ങളിലുണ്ടാകുന്ന ശാസ്ത്ര പുരോഗതി, കേരളത്തില്‍ നടപ്പാകാതെ പോകുന്നതില്‍ വിഷമമുണ്ട്. ബുള്ളറ്റ് ട്രെയിനടക്കമുള്ള ആധുനിക യാത്രാ സങ്കേതങ്ങള്‍ പാശ്ചാത്യ രാജ്യങ്ങള്‍ ഉപയോഗിക്കാനാരംഭിച്ചിട്ട് അരനൂറ്റാണ്ടിലധികമായിട്ടുണ്ട്. കേരളത്തിന്റെ റെയില്‍വെ വികസനം സംസ്ഥാനത്തിന്റെ മാത്രം പരിധിയില്‍ വരുന്ന ഒന്നല്ല. അതിന് കേന്ദ്രത്തിന്റെ പച്ചക്കൊടി അനിവാര്യമാണ്.
വി.എസ് സര്‍ക്കാരിന്റെ കാലത്താണ് അതിവേഗ റെയില്‍പാത എന്ന ആശയം സജീവമായി വരുന്നത്. തുടര്‍ന്ന് വന്ന സര്‍ക്കാരുകള്‍ക്ക് മുന്‍പില്‍ ഈ വിഷയം ചര്‍ച്ചയായിരുന്നെങ്കിലും ഫലപ്രദമായ ഇടപെടല്‍ നടന്നില്ല. പിണറായി സര്‍ക്കാര്‍ കെ-റെയില്‍ എന്ന ആശയവുമായി മുന്നോട്ടുവരികയും, എന്നാല്‍ ജനങ്ങളുടെ ഭാഗത്ത് നിന്ന് വലിയ എതിര്‍പ്പ് ഉയര്‍ന്നതോടെ പദ്ധതിക്ക് മുന്നോട്ട് പോകാനായില്ല. വലിയ തോതില്‍ സ്ഥലമേറ്റെടുക്കേണ്ടിവരും എന്നതായിരുന്നു പ്രധാന കാരണം. നമ്മുടെ സംസ്ഥാനത്ത് എന്ത് വികസനം കൊണ്ട് വരാന്‍ ശ്രമിച്ചാലും രാഷ്ട്രീയ താല്‍പ്പര്യം നോക്കി അതിനെ എതിര്‍ക്കുക എന്നത് രാഷ്ട്രീയ പാര്‍ട്ടികളുടെ അജണ്ടയാണ്. എയിംസിനായി കേരളം ശബ്ദിക്കാന്‍ തുടങ്ങിയിട്ട് പത്ത് കൊല്ലത്തിലധികമായി. എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ ഇതുവരെ കേരളത്തിന് എയിംസ് പ്രഖ്യാപിച്ചിട്ടില്ല. എയിംസിന് വേണ്ടിയുള്ള കേരളത്തിന്റെ കാത്തിരിപ്പ് അനന്തമായി നീളുകയാണ്.
അതുപോലെതന്നെയാണ് അതിവേഗ റെയില്‍പാത എന്ന മലയാളിയുടെ സ്വപ്‌നവും. ഈ സന്നിഗ്ധ ഘട്ടത്തിലാണ് മെട്രോമാന്‍ ഇ.ശ്രീധരന്‍ കേരളത്തിനൊരു അതിവേഗ റെയില്‍ പാത എന്ന ആശയം മുന്നോട്ട് വക്കുന്നത്. ഇതു സംബന്ധിച്ച് അദ്ദേഹം പ്രൊജക്ട് തയ്യാറാക്കുകയും സംസ്ഥാന സര്‍ക്കാരുമായി ആശയ വിനിമയം നടത്താന്‍ താല്‍പ്പര്യം പ്രകടിപ്പിക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ ഇക്കാര്യത്തില്‍ പോസിറ്റീവായ ഒരു നീക്കം നടത്താത്തത് ഖേദകരമാണ്. അദ്ദേഹം മുന്നോട്ട് വെച്ച പ്രൊജക്ട് സംസ്ഥാന സര്‍ക്കാര്‍ പരിഗണിക്കണം. ഇതു സംബന്ധിച്ച് മെട്രോമാനുമായി ചര്‍ച്ച ചെയ്ത്, പ്രൊജക്ട് ഫലപ്രദമാണെങ്കില്‍ അത് കേന്ദ്ര സര്‍ക്കാരിന്റെ അംഗീകാരത്തിനായി സമര്‍പ്പിക്കണം. കണ്ണൂര്‍ – തിരുവനന്തപുരം പാതക്ക് അറുപതിനായിരം കോടി രൂപയും, നാല് വര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കാമെന്നും, ഭൂമിയേറ്റെടുക്കല്‍ പരമാവധി കുറയ്ക്കാമെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. ഈ പദ്ധതിക്ക് ശേഷം കണ്ണൂര്‍-കാസര്‍ഗോഡ് അതിവേഗ പാത, തുടര്‍ന്ന് കോഴിക്കോട്- കല്‍പ്പറ്റ-സുല്‍ത്താന്‍ ബത്തേരി പാത, പട്ടാമ്പി-പാലക്കാട് പാത, തൃശൂര്‍-പാലക്കാട് പാത എന്നീ പാതകളും അദ്ദേഹം മുന്നോട്ട് വെക്കുന്നുണ്ട്. ഈ പാതകളുടെ നിര്‍മ്മാണം പൂര്‍ത്തിയാവുന്നതോടെ കേരളത്തിലെ എല്ലാ പ്രദേശങ്ങളെയും ബന്ധിപ്പിക്കുന്ന അതിവേഗ റെയില്‍ പാതയുടെ സൗകര്യം സംസ്ഥാനത്തെ മുഴുവന്‍ ജനങ്ങള്‍ക്കും ലഭ്യമാവുമെന്നും അദ്ദേഹം ഉറപ്പ് നല്‍കിയിട്ടുണ്ട്.
ഈ.ശ്രീധരനെപോലെ പരിണിതപ്രജ്ഞനായ രാജ്യം പത്മശ്രീയും, പത്മവിഭൂഷണും നല്‍കി ആദരിച്ച മഹത് വ്യക്തി മുന്നോട്ട് വെച്ച പ്രൊജക്ട് ചര്‍ച്ച ചെയ്ത് മുന്നോട്ട് പോകാന്‍ കേരളം ഇനിയും വൈകരുത്. എല്ലാ നല്ല കാര്യങ്ങള്‍ക്കും വരുന്ന കാലതാമസം നാടിന്റെ വികസന സ്വപ്‌നങ്ങള്‍ക്കാണ് കരിനിഴല്‍ വീഴ്ത്തുന്നത്. ടൂറിസത്തിന് വലിയ സാധ്യതയുള്ള കേരളത്തിന്റെ വികസനത്തിന് വലിയ മുതല്‍ കൂട്ടാവും അതിവേഗ റെയില്‍ പദ്ധതി. സംസ്ഥാന സര്‍ക്കാര്‍ താന്‍ മുന്നോട്ട് വെച്ച പ്രൊജക്ടിന് വേണ്ടത്ര പരിഗണന നല്‍കാത്തതിനാല്‍ മെട്രോമാന്‍ ജനങ്ങളോട് വിശദീകരിക്കാന്‍ മുന്നോട്ട് വന്നിരിക്കുകയാണ്. കോഴിക്കോട്ടും, വയനാടും അദ്ദേഹം ഇക്കാര്യം പൊതു ജന സമക്ഷം വിശദീകരിച്ചുട്ടുണ്ട്. തുടര്‍ന്നും കേരളത്തിലെ പ്രധാന കേന്ദ്രങ്ങളില്‍ അദ്ദേഹം പദ്ധതി സംബന്ധിച്ച് പൊതു ജനങ്ങളുമായി സംവദിച്ച് ജനങ്ങളുടെ സംശയ നിവൃത്തി ദൂരീകരിച്ച് വരികയാണ്. അതുകൊണ്ട് തന്നെ സംസ്ഥാന സര്‍ക്കാരും പ്രതിപക്ഷ പാര്‍ട്ടികളും, ഇക്കാര്യത്തിലുള്ള മെല്ലെപോക്കവസാനിപ്പിച്ച് ഈ വിഷയം പരിഗണിക്കേണ്ടതുണ്ട്. അടിസ്ഥാന സൗകര്യങ്ങള്‍ വികസിക്കാതെ നാട് വികസിക്കില്ല. പ്രകൃതിക്കും, ജനങ്ങള്‍ക്കും ദോഷകരമാവാത്ത വികസന പ്രവര്‍ത്തനം നടത്താന്‍ ഇനിയും നാം മടിക്കരുത്. ഇക്കാര്യത്തില്‍ ജനങ്ങളുടെയും, വിവിധ സംഘടനകളുടെയും ഇടപെടല്‍ സര്‍ക്കാരിന്റെ മേലുണ്ടാവണം. നാടിന്റെ  ഭാവി ഉറപ്പുവരുത്താന്‍ നാമോരോരുത്തരും പ്രതിജ്ഞാ ബദ്ധരാണ്. വികസനത്തില്‍ സങ്കുചിത രാഷ്ട്രീയം ചേര്‍ത്ത്, നാടിന്റെ വളര്‍ച്ച തടയുന്ന പ്രവണത ഒഴിവാക്കണം.

അതിവേഗ റെയില്‍പാത; മെട്രോമാന്റെ പ്രൊജക്ട് സര്‍ക്കാര്‍ പരിഗണിക്കണം(എഡിറ്റോറിയല്‍)

Share

Leave a Reply

Your email address will not be published. Required fields are marked *