മംഗളൂരു: ഗ്രാമീണ മേഖലകളിലെ കുട്ടികള്‍ക്ക് നീന്തല്‍ പഠിക്കാനും ശാരീരിക ആരോഗ്യം സംരക്ഷിക്കാനും സൗകര്യമൊരുക്കുന്നതിനായി സര്‍ക്കാര്‍ ഗ്രാമപ്രദേശങ്ങളിലും ആധുനിക പ്രകൃതിദത്ത നീന്തല്‍ക്കുളങ്ങള്‍ നിര്‍മ്മിക്കണമെന്ന് കര്‍ണാടക ലേബര്‍ മിനിമം വേജസ് അഡൈ്വസറി ബോര്‍ഡ് ചെയര്മാന് ടി.എം. ഷഹീദ് തെക്കില്‍ ആവശ്യപ്പെട്ടു. ദേശീയ കായിക ദിനാചരണവും ഹോക്കി മാന്ത്രികന് മേജര്‍ ധ്യാന്‍ചന്ദിന്റെ ജന്മദിനത്തോടനുബന്ധിച്ച് മംഗളൂരുവിലെ എമ്മേകെരെ ഇന്റര്‍നാഷണല്‍ സ്വിമ്മിംഗ് പൂളില്‍ സംഘടിപ്പിച്ച ദക്ഷിണ കന്നഡ ജില്ലാതല നീന്തല്‍ മത്സര പരിപാടിയില്‍ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘പണ്ടുകാലത്ത് ഞങ്ങളെല്ലാവരും ഗ്രാമങ്ങളിലെ അമ്പലങ്ങള്‍, പള്ളികള്‍, വീടുകള്‍ എന്നിവയ്ക്ക് സമീപമുള്ള കുളങ്ങളിലും പുഴകളിലും നീന്തുമായിരുന്നു. പ്രകൃതിദത്ത ജലസ്രോതസ്സുകളില്‍ നീന്തുന്നതു വഴി അന്നത്തെ ആളുകള്‍ ശാരീരികമായി വളരെ ആരോഗ്യവാനും ശക്തരുമായിരുന്നു. എന്നാല്‍ ഇക്കാലത്ത് അത്തരം കുളങ്ങളെല്ലാം നശിച്ചുകൊണ്ടിരിക്കുകയാണ്; എല്ലായിടത്തും കൃത്രിമ നീന്തല്‍ക്കുളങ്ങള്‍ ആരംഭിച്ചിരിക്കുന്നു. നീന്തല്‍ക്കുളങ്ങള്‍ നഗരപ്രദേശങ്ങളില്‍ മാത്രമായി ഒതുങ്ങരുതെന്നും
അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നീന്തല്‍ കിറ്റുകളും അദ്ദേഹം വിതരണം ചെയ്തു. കോസ്റ്റല്‍ ഡെവലപ്മെന്റ് അതോറിറ്റി മംഗളൂരു ചെയര്മാന് എം.എ. ഗഫൂര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. കര്‍ണാടക കാഷ്യൂ ഡെവലപ്മെന്റ് കോര്പ്പറേഷന് ചെയര്മാന് മമത ഡി.എസ്. ഗട്ടി അധ്യക്ഷത വഹിച്ചു. ജില്ലാ ഭരണകൂടം, ദക്ഷിണ കന്നഡ ജില്ലാ പഞ്ചായത്ത്, മംഗളൂരു സിറ്റി കോര്പ്പറേഷന്, യുവശാക്തീകരണ കായിക വകുപ്പ്, വി.എസ്. അക്വ സെന്റര്‍ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലാണ് കായികമേള സംഘടിപ്പിച്ചത്. സന്തോഷ് കുമാര്‍ ഷെട്ടി, വി.ഒണ്‍ അക്വ സെന്റര്‍ ഡയറക്ടര്‍ നവീന്‍, പ്രദീപ് ഡിസൂസ തുടങ്ങിയവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു. കായിക പ്രതിജ്ഞയും എടുത്തു.
കുട്ടികളുടെ ആരോഗ്യത്തിനായി ഗ്രാമങ്ങളില്‍ നീന്തല്‍
കുളങ്ങള്‍ നിര്‍മ്മിക്കണം: ടി.എം. ഷഹീദ് തെക്കില്‍
