രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ അഞ്ഞൂറിലധികം പേര് തട്ടിപ്പിനിരയായ സൂത്രധാരകരെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തിരിക്കുകയാണ്. 700 കോടി രൂപയാണ് ഈ ഇടപാടിലൂടെ നിക്ഷേപകരില്‍ നിന്ന് തട്ടിച്ചത്. ഇന്‍ഡോ-യുഎസ് പസഫിക് പീസ് ട്രീറ്റി എന്ന ഇല്ലാത്ത കരാറിന്റെ പേരിലാണ് വിപിവിവി കമ്പനി തട്ടിപ്പ് നടത്തിയത്. ഇന്ത്യയുടെയും അമേരിക്കയുടെയും ദേശീയ മുദ്രകള്‍ വ്യാജമായി ചമച്ചടക്കമാണ് നിക്ഷേപകരെ കബളിപ്പിച്ചത്. വിപിവിവി കമ്പനി ഭാരവാഹികളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഡല്‍ഹിയിലും കേരളത്തിലും ഇവര്‍ക്കെതിരെ കേസുകളുണ്ട്. കേരളത്തില്‍ നിന്ന് 200 കോടി രൂപയോളമാണ് നിക്ഷേപമായി വാങ്ങിയിട്ടുള്ളത്. കേരളത്തില്‍ നിന്ന് നിക്ഷേപം സ്വീകരിക്കാന്‍ റിട്ടയര്‍ ചെയ്ത ഉന്നത പൊലീസ് ഉദ്യോഗസ്ഥരടക്കം പങ്കാളികളായിട്ടുണ്ട്. ഇവരെയെല്ലാം നിയമത്തിന്റെ മുമ്പില്‍ കൊണ്ട്വരണം.
തട്ടിപ്പ് സംഘങ്ങള്‍ വിലസുന്ന ഒരു കാലമാണ് നടമാടുന്നത്. കേരളത്തില്‍ ഈയടുത്ത കാലത്ത് ഇത്തരം സംഭവങ്ങള്‍ വലിയതോതില്‍ പുറത്ത് വരുന്നുണ്ട്. അമിതമായ പലിശയും, ലാഭ വിഹിതവും വാഗ്ദാനം ചെയ്തുകൊണ്ട് നിക്ഷേപകരില്‍ നിന്ന് പണം വാങ്ങുകയും കുറച്ച് മാസങ്ങള്‍ ഇടപാടുകള്‍ മുന്നോട്ട് പോകുകയും പിന്നീട് അത് നിലച്ച് സ്ഥാപന ഉടമകള്‍ മുങ്ങുകയും ചെയ്യുന്നതാണ് കണ്ട് വരുന്നത്. പണം നഷ്ടപ്പെട്ടവര്‍ പിന്നീട് ആക്ഷന്‍ കമ്മറ്റികളുണ്ടാക്കി സമരവും, മുഖ്യമന്ത്രിക്കും ആഭ്യന്തര മന്ത്രിയടക്കമുള്ളവര്‍ക്ക് പരാതി നല്കി നഷ്ടപ്പെട്ട തങ്ങളുടെ പണം തിരികെ പിടിക്കാന്‍ നടക്കുന്നതും കണ്ടുവരുന്നുണ്ട്. വിശ്വാസ യോഗ്യമല്ലാത്ത സ്ഥാപനങ്ങളില്‍ മോഹന സുന്ദര വാഗ്ദാനങ്ങളില്‍ പണം നിക്ഷേപിക്കുന്നതില്‍ ജാഗ്രത പുലര്‍ത്തണം. ഈയടുത്ത കാലത്താണ് ഒരു മള്‍ട്ടി സഹകരണ സംഘം പൊട്ടി കോടികള്‍ നഷ്ടപ്പെട്ട വാര്‍ത്ത പുറത്തു വന്നത്. അതുപോലെ കച്ചവടത്തില്‍ ലാഭം നല്‍കാമെന്ന് വിശ്വസിപ്പിച്ച് 300 കോടിയോളം രൂപ കബളിപ്പിച്ച വാര്‍ത്തയും മാധ്യമങ്ങളില്‍ വന്നിട്ടുണ്ട്. ഇത്തരം കുറ്റകൃത്യങ്ങള്‍ ചെയ്യുന്നവര്‍ക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കുകയും, അവരുടെ സ്വത്ത് കണ്ട്കെട്ടാനും നടപടി വേണമെന്ന് തട്ടിപ്പിനിരയായവര്‍ ആവശ്യപ്പെടുന്നുണ്ട്. പൊലീസും മറ്റധികാരികളും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ശക്തമായി ഇടപെടണം.
