സാഹിത്യ നഗരത്തെ ശുചിത്വത്തോടെ പരിപാലിക്കണം (എഡിറ്റോറിയല്‍)

സാഹിത്യ നഗരത്തെ ശുചിത്വത്തോടെ പരിപാലിക്കണം (എഡിറ്റോറിയല്‍)

ചരിത്രപരമായ വിവരണാതീതമായ സവിശേഷതകളുള്ള നഗരമാണ് കോഴിക്കോട്.മലയാള സാഹിത്യത്തില്‍ അക്ഷരങ്ങള്‍കൊണ്ട് വിസമയം തീര്‍ത്ത മഹാരഥന്മാരായ സാഹിത്യ കുലപതികളുടെ ആസ്ഥാനം കൂടിയാണ്. കേരളം, ഐക്യകേരളം രൂപപ്പെടുന്നതിനും മുമ്പ്, ദേശീയ സ്വാതന്ത്ര്യ സമരത്തിലണിനിരന്ന ഉല്‍പതിഷ്ണുക്കളായ സാമൂഹിക പ്രവര്‍ത്തകര്‍ സ്ഥാപിച്ച മഹത്തായ ഗ്രന്ഥശാലകളുടെ നാട് കൂടിയാണ് കോഴിക്കോട്. സത്യത്തിന്റെ നഗരമെന്നറിയപ്പെടുന്ന നഗരമിപ്പോള്‍ രുചിയുടെ തലസ്ഥാനമെന്നപേലിരലും വിഖ്യാതമാണ്. യുനെസ്‌കോ കോഴിക്കോടിന് സാഹിത്യ നഗര പദവി നല്‍കിയത്, സാഹിത്യ പദവിക്ക് കോഴിക്കോടിന് വഴികാട്ടിയത് മേല്‍ സൂചിപ്പിച്ച പശ്ചാത്തലങ്ങളാണ്.

നഗരം വൃത്തിയായി പരിപാലിക്കാന്‍ കോര്‍പ്പറേഷന്റെയും ജീവനക്കാരുടെയും ഇടപെടലുകള്‍ നല്ല രീതിയില്‍ നടക്കുന്നുണ്ട്. എന്നാല്‍ ഔദ്യോഗിക സംവിധാനങ്ങളോടൊപ്പം സമൂഹമൊന്നാകെ കൈകോര്‍ത്താലേ ഇക്കാര്യങ്ങളില്‍ പരിപൂര്‍ണ്ണമായ വിജയം നേടാനാവൂ. മലയാളത്തിന്റെ അഭിമാനവും, ലോക സഞ്ചാരിയുമായ സന്തോഷ് ജോര്‍ജ് കുളങ്ങര ചൂണ്ടിക്കാട്ടിയത്‌പോലെ ആഫ്രിക്കന്‍ രാജ്യങ്ങള്‍പോലും അവരുടെ പൊതു നിരത്തുകളടക്കം സംരക്ഷിക്കപ്പെടുന്ന ജാഗ്രത നമുക്ക് വഴികാട്ടിയാവേണ്ടതുണ്ട്. പൊതുസ്ഥലങ്ങളില്‍ മാലിന്യം തള്ളുന്ന പ്രവണത കാണാതിരിക്കാനാവില്ല. നഗരത്തിന്റെ പ്രധാന കേന്ദ്രങ്ങള്‍ വൃതിതഹീനമായി കിടക്കുന്നത് അധികാരികള്‍ കാണാതെ പോകരുത്. നഗരത്തിലെ സ്ഥാപനങ്ങളിലും പരിസരങ്ങളിലും ശുചിത്വമുറപ്പുവരുത്താന്‍ കൂട്ടായ കരുതലുണ്ടാവണം.

നഗരത്തിനകത്തെ റോഡുകള്‍ കുണ്ടും കഴിയും വന്ന് പല ഭാഗത്തും വാഹന ഗതാഗതം പ്രയാസമാവുന്നുണ്ട്. അതെല്ലാം യഥാസമയം കണ്ടെത്തി പരിഹാരക്രിയ ചെയ്യേണ്ടത് ആവശ്യമാണ്. ഇക്കാര്യത്തില്‍ ഉദ്യോഗസ്ഥ വൃന്ദം ഉണര്‍ന്ന് പ്രവര്‍ത്തിക്കണം. നഗരത്തില്‍ അവശേഷിക്കുന്ന വൃക്ഷങ്ങള്‍ സംരക്ഷിക്കുകയും സൗകര്യപ്രദമായ സ്ഥലത്ത് വൃക്ഷങ്ങള്‍ വച്ച്പിടിപ്പിച്ച് പരിപാലിക്കാനും ജാഗ്രത വേണം. നഗരത്തിലെ വിശ്രമ-വിനോദ കേന്ദ്രങ്ങളില്‍ സാമൂഹിക വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നില്ലെന്ന് അധികൃതര്‍ ഉറപ്പുവരുത്തണം. അത്തരം ഇടങ്ങളിലെല്ലാം പരിശോധന സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തണം. ഒരു മഴ പെയ്താല്‍ മാലിന്യ വെള്ളമടക്കം കയറി റോഡിലൂടെ നടക്കാനും വാഹനമോടിക്കാനുമാകാത്ത സ്ഥിതി പല ഭാഗത്തുമുണ്ട്. മാറി, മാറി വന്ന കോര്‍പ്പറേഷന്‍ ഭരണ സമിതികള്‍ക്കൊന്നും ഈ പ്രശ്‌നത്തിന് ശാശ്വതമായ ഒരു പരിഹാരം ഉണ്ടാക്കാനായിട്ടില്ല.

എന്തുകൊണ്ട് ഇത്തരം ഒരു പ്രശ്‌നമുണ്ടാകുന്നുവെന്ന് വിദഗ്ധരുമായി ചര്‍ച്ച ചെയ്ത് അതിനൊരു മാസ്റ്റര്‍ പ്ലാനുണ്ടാക്കി പരിഹാരമുണ്ടാക്കാന്‍ വൈകുക്കൂടാ. ശാന്തിയും സമാധാനവും, സൗഹൃദവും പൂത്തുലയുന്ന നഗരത്തിന്റെ ശുചിത്വത്തിന്റെ കാര്യത്തിലും എല്ലാവരും ജാഗ്രത പുലര്‍ത്തണം.

 

 

 

സാഹിത്യ നഗരത്തെ ശുചിത്വത്തോടെ പരിപാലിക്കണം (എഡിറ്റോറിയല്‍)

 

Share

Leave a Reply

Your email address will not be published. Required fields are marked *