ഹര്‍ഷിന ജോലിയില്‍ പ്രവേശിച്ചു
കോഴിക്കോട്: പ്രസവ ശസ്ത്രക്രിയയ്ക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയതിനെ തുടര്‍ന്ന് നീണ്ട ഒന്‍പത് വര്‍ഷക്കാലം ദുരിതമനുഭവിച്ച ഹര്‍ഷിന ഇന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ജോലിയില്‍ പ്രവേശിച്ചു. ഓഫീസ് അറ്റന്‍ഡറായാണ് ഹര്‍ഷിന ചുമതലയേറ്റത്. പുതിയ യുഡിഎഫ് സര്‍ക്കാര്‍ അധികാരമേറ്റതിന് തൊട്ടുപിന്നാലെ ഹര്‍ഷിനയ്ക്ക് അതേ മെഡിക്കല്‍ കോളേജില്‍ തന്നെ സ്ഥിരം ജോലി നല്കാന് സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു. ആരോഗ്യവകുപ്പ് മന്ത്രി കെ. മുരളീധരന് ഇന്നലെയാണ് നിയമന ഉത്തരവ് കൈമാറിയത്.
ഇന്ന് ജോലിയില്‍ പ്രവേശിക്കാനായി സമരസമിതി നേതാക്കള്‍ക്കും ബന്ധുക്കള്‍ക്കുമൊപ്പം മെഡിക്കല്‍ കോളേജിലെത്തിയ ഹര്‍ഷിന വികാരാധീനയായാണ് മാധ്യമങ്ങളോട് പ്രതികരിച്ചത്. ‘കൂടെയുണ്ട് കൂടെയുണ്ട് എന്ന് പറഞ്ഞ് തങ്ങളെ അവഗണിക്കുകയും പുച്ഛിച്ചു തള്ളുകയും ചെയ്ത മുന്‍ അധികാരികള്‍ക്കുള്ള ശക്തമായ മറുപടിയാണിത്,’ എന്ന് ഹര്‍ഷിന പറഞ്ഞു. കൂടെയുണ്ടെന്ന് പറഞ്ഞ ഉറപ്പ് മുഖ്യമന്ത്രി പാലിച്ചു. ആരോഗ്യമന്ത്രി കൂടെയുണ്ടെന്ന് ഇപ്പോള്‍ തോന്നി. ഒന്‍പത് വര്‍ഷം മരണം മുന്നില്‍ക്കണ്ടു ജീവിച്ചതിനൊടുവില്‍ സത്യം വിജയിച്ചുവെന്നും ഹര്‍ഷിന പ്രതികരിച്ചു. കുറ്റക്കാര്‍ക്കെതിരെയുള്ള കേസ് കോടതിയില്‍ ശക്തമായി തന്നെ മുന്നോട്ട് പോകുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
