കോഴിക്കോട്: രാജ്യം ഇന്ന് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളിലൊന്ന് വര്‍ഗ്ഗീയതയുടെ വിളയാട്ടമാണ്. സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്വത്തില്‍ നിന്ന് ത്യാഗനിര്‍ഭരമായ പോരാട്ടത്തിലൂടെ അറിയപ്പെടുന്നവരും, അറിയപ്പെടാത്തവരുമായ സ്വാതന്ത്ര്യ സമര പോരാളികള്‍ ജീവന്‍ നല്‍കിയും, ക്രൂരമര്‍ദ്ദനമേറ്റുവാങ്ങിയും നേടി തന്ന ഭാരതം ഇന്ന് വര്‍ഗ്ഗീയ പാര്‍ട്ടികളുടെ ആധിപത്യം നേരിടുമ്പോള്‍ അതിനെ ചെറുക്കാനും, ഇത്തരം വര്‍ഗ്ഗീയ ശക്തികളെ പടിയടച്ച് പിണ്ഡംവെക്കാനും ഇനി രാജ്യത്ത് അതിശക്തമായ യുവജന മുന്നേറ്റം അത്യാവശ്യമാണ്. സ്വാതന്ത്ര്യ സമര കാലത്ത് രാഷ്ട്ര പിതാവ്
ആവര്‍ത്തിച്ച് പഠിപ്പിച്ച ഹിന്ദു-മുസ്ലിം ഭായി എന്ന ആപ്ത വാക്യവും ഇന്ത്യയിലെ ജനങ്ങളെല്ലാം ഏകോദര സഹോദരങ്ങളാണെന്ന സന്ദേശവുമാണ് വര്‍ഗ്ഗീയ വാദികള്‍ ഇല്ലായ്മ ചെയ്യാന്‍ ശ്രമിക്കുന്നത്. രാജ്യത്തെ ജനങ്ങള്‍ക്കിടയില്‍ വര്‍ഗ്ഗീയ ചേരിതിരിവുണ്ടാക്കി, രാഷ്ട്രീയ നേട്ടം കൊയ്ത് അധികാരം പിടിച്ചടക്കി തങ്ങളുടെ അജണ്ട നടപ്പിലാക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെയാണ് ജനാധിപത്യ പോരാട്ടം ശക്തമാക്കേണ്ടത്. ഹിന്ദുത്വ വര്‍ഗ്ഗീയ വാദികളും, മുസ്ലിം വര്‍ഗ്ഗീയ വാദികളും ഇത്തരം വിഷം രാഷ്ട്ര മനസ്സില്‍ കലക്കാന്‍ ശ്രമിക്കുമ്പോള്‍ അതിനെ ചെറുത്ത് തോല്‍പ്പിക്കേണ്ടത് ഓരോ ഭാരതീയന്റെയും ദേശ സ്‌നേഹത്തിന്റെ കൊടിയടയാളമാണ്.
അമ്പലങ്ങളുടെയും, പള്ളികളുടെയും, ആരാധനാലയങ്ങളുടെയും പേരില്‍ നാട്ടില്‍ ചേരിതിരിവുണ്ടാക്കുന്ന തമസിന്റെ ശക്തികളെ നാട് തിരിച്ചറിയണം. അയോദ്ധ്യയിലെ ശ്രീരാമ ക്ഷേത്രത്തിലെ തട്ടിപ്പ് പുറത്ത് വരുമ്പോള്‍, ഇത്തരക്കാരുടെ വിശ്വാസങ്ങളുടെ പൊള്ളത്തരങ്ങളാണ് പുറത്ത് വന്നത്. ദൈവത്തെയും, ആരാധനാലയങ്ങലെയും ഇക്കൂട്ടര്‍ മുന്നില്‍ നിര്‍ത്തുന്നത് തങ്ങളുടെ രാഷ്ട്രീയവും, സ്ഥാപിതവുമായ താല്‍പര്യങ്ങള്‍ക്ക് വേണ്ടിയാണെന്നതാണ് യാഥാര്‍ത്ഥ്യം. ആരാധനാലയങ്ങളുടെ പേരില്‍ വോട്ട് കിട്ടില്ലെന്നത് അയോദ്ധ്യ ഉള്‍പ്പെടുന്ന പാര്‍ലമെന്റ് മണ്ഡലം ബിജെപിക്ക് നഷ്ടമാക്കി കൊടുത്തതാണ്.കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പ്രധാന മന്ത്രി മോദി തന്നെ വോട്ടിന് വേണ്ടി വര്‍ഗ്ഗീയത പറയുന്നതും രാജ്യം ദര്‍ശിച്ചതാണ്. സ്വാതന്ത്ര്യം ലഭിക്കുമ്പോള്‍ ഉണ്ടായിരുന്ന ഇന്ത്യയില്‍ നിന്ന് ഇന്ന് കാണുന്ന ഇന്ത്യയിലെത്തി നില്‍ക്കുമ്പോള്‍ നാം തിരിച്ചറിയേണ്ടത് സ്വാതന്ത്ര്യാനന്തര കാലഘട്ടത്തില്‍ മഹത്തുക്കളായ രാഷ്ട്ര നേതാക്കള്‍ ജീവിത വീക്ഷണത്തോടെ സൃഷ്ടിച്ച ഭാരതമാണ്, ഇന്ന് കാണുന്ന ഇന്ത്യയുടെ അടിസ്ഥാനം. ഡോ.ബി.ആര്‍.അംബേദ്കറുടെ നേതൃത്വത്തില്‍ രൂപംകൊണ്ട മഹത്തായ ഭരണഘടനയും നമുക്കുണ്ട്. വൈവിധ്യങ്ങളെ അംഗീകരിച്ച്, മതേതരത്വം ഉയര്‍ത്തിപ്പിടിച്ച്, ഫെഡറലിസത്തെ മുറുകെപ്പിടിച്ച് എല്ലാവരും ഒന്നിച്ച് മുന്നോട്ട് പോകുന്ന ഇന്ത്യയാണ് നമുക്ക് വേണ്ടത്. അതിന് ഏറ്റവും വലിയ വിലങ്ങുതടി വര്‍ഗ്ഗീയ രാഷ്ട്രീയം തന്നെയാണ്. വര്‍ഗ്ഗീയ രാഷ്ട്രീയം ഉയര്‍ത്തുന്ന ശക്തികള്‍ക്കെതിരെ ഇന്ത്യന്‍ യുവജന സമൂഹം അങ്കപുറപ്പാടിന് തയ്യാറാവണം. അതിന്റെ തുടക്കമാണ് കോക്രോച്ച് ജനതാ പാര്‍ട്ടി ജന്തര്‍ മന്തറില്‍ നടത്തി മോദി സര്‍ക്കാരിനെ മുട്ട്കുത്തിച്ച് നേടിയ ഐതിഹാസിക സമര വിജയം. ആ സമരത്തില്‍ മാനവ സ്‌നേഹവും, ഐക്യവും ഉയര്‍ത്തിപ്പിടിച്ചിരുന്നു. അവിടെ ജാതിയുടെയും, മതത്തിന്റെയും വേര്‍തിരിവുകളില്ലായിരുന്നു. അത് ഇന്ത്യന്‍ യുവതയ്ക്ക് മാത്രം കഴിയുന്ന ഒന്നാണ്. ഇതിന് സുസജ്ജമായി, യുവത വര്‍ഗ്ഗീയതയ്‌ക്കെതിരെ അങ്ക പുറപ്പാടിന് തയ്യാറെടുക്കണം.
