സിജെപി പ്രക്ഷോഭം സ്വതന്ത്ര ഭാരതം കണ്ട ഏറ്റവും വലിയ പ്രക്ഷോഭം

സിജെപി പ്രക്ഷോഭം സ്വതന്ത്ര ഭാരതം കണ്ട ഏറ്റവും വലിയ പ്രക്ഷോഭം

           നീറ്റ് ഉള്‍പ്പെടെയുള്ള പരീക്ഷകളിലെ ക്രമക്കേടുകളുടെ പശ്ചാത്തലത്തില്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജിവെക്കുക, ആത്മഹത്യ ചെയ്ത കുട്ടികളുടെ കുടുംബങ്ങള്‍ക്ക് ഒരു കോടി രൂപ നഷ്ടപരിഹാരം നല്‍കുക എന്നതുള്‍പ്പെടെയുള്ള ആവശ്യങ്ങളുന്നയിച്ച് കോക്രോച്ച് ജനതാ പാര്‍ട്ടിയുടെ നേതൃത്വത്തില്‍ ജന്തര്‍ മന്തറില്‍ നടന്ന ഐതിഹാസികമായ യുവജന പ്രക്ഷോഭം സ്വതന്ത്ര ഭാരതം ദര്‍ശിച്ച ഏറ്റവും വലിയ യുവജന മുന്നേറ്റമാണ്. പ്രക്ഷോഭത്തിന്റെ 35-ാം നാള്‍ മോദി സര്‍ക്കാരിന് പ്രക്ഷോഭകരുടെ മുന്‍പില്‍ മുട്ടുമടക്കേണ്ടി വന്നു. സമരത്തെ അടിച്ചമര്‍ത്താന്‍ കേന്ദ്ര സര്‍ക്കാര്‍ നടത്തിയ മുഷ്യത്വ രഹിതമായ അതിക്രമങ്ങളെ അതിജീവിച്ചാണ് പ്രക്ഷോഭകാരികള്‍ മുന്നോട്ടുപോയത്. വിദ്യാര്‍ത്ഥികളെയും യുവജനങ്ങളെയും അക്രമിച്ച പൊലീസ് ഉദ്യോഗസ്ഥന്മാരുടെ പേരില്‍ കേന്ദ്ര സര്‍ക്കാര്‍ നടപടി സ്വീകരിക്കണം. പൊലീസുകാരല്ലാത്തവരും അക്രമിച്ചിട്ടുണ്ടെന്നാണ് വാര്‍ത്തകള്‍. അത്തരക്കാരെയും പിടികൂടി ശിക്ഷ ഉറപ്പാക്കണം.
നീറ്റ് പോലുള്ള പരീക്ഷകള്‍ക്ക് കഷ്ടപ്പെട്ട് പഠിച്ച് പരീക്ഷയെഴുതി കാത്തിരിക്കുന്ന കുട്ടികളുടെ ഭാവിയാണ് പന്താടിയത്. ഇതിനുത്തരവാദികളായ മുഴുവന്‍ ഉദ്യോഗസ്ഥരെയും ശിക്ഷിക്കണം.ചോദ്യ പേപ്പര്‍ ചോര്‍ന്നു കിട്ടുമ്പോള്‍ അത് പണം കൊടുത്ത് വാങ്ങിയ രക്ഷിതാക്കളും കുറ്റക്കാരാണ്. രാജ്യത്തിന്റെ ഭാവിയാണ് യുവജനങ്ങള്‍. യുവ ജവനങ്ങളുടെ ആത്മവിശ്വാസം തകര്‍ക്കുന്ന ഒരു നടപടിയും ഭരണകൂടങ്ങളുടെ ഭാഗത്ത് നിന്നോ, ആരുടെ ഭാഗത്തു നിന്നോ ഉണ്ടാവാന്‍ പാടില്ല. എല്ലാ മത്സര പരീക്ഷകളും കൃത്യമായി നടത്തുന്നതില്‍ അതീവ ജാഗ്രത ആവശ്യമാണ്.
ഈ സമരം ഒട്ടേറെ രാഷ്ട്രീയ മാനങ്ങളും രാജ്യത്തിന് നല്‍കുന്നുണ്ട്. അതില്‍ ഏറ്റവും പ്രധാനം പ്രതിഷേധ ശബ്ദം അവഗണിച്ച് മുന്നോട്ടു പോയ കേന്ദ്ര സര്‍ക്കാരിന്റെ പത്തി മടക്കിക്കാനായി എന്നത് തന്നെയാണ്. സര്‍ക്കാരിനെതിരെ എതിര്‍ ശബ്ദമുയര്‍ത്തുന്ന പ്രതിപക്ഷ നേതാക്കള്‍, പ്രവര്‍ത്തകര്‍, മാധ്യമ പ്രവര്‍ത്തകര്‍, സാമൂഹിക പ്രവര്‍ത്തകരെയടക്കം കേസില്‍പ്പെടുത്തുന്ന നീക്കം യുവ ജനങ്ങളുടെ അടുത്ത് വിലപോയില്ല. ഇഡി, ഇന്‍കം ടാക്‌സ്, സി ബി ഐ, എന്‍ ഐ എ ഉള്‍പ്പെടെയുള്ള കേന്ദ്ര അന്വേഷണ ഏജന്‍സികളെ തങ്ങളുടെ രാഷ്ട്രീയ താല്‍പ്പര്യത്തിന് ഉപയോഗിക്കുന്ന മോദി സര്‍ക്കാരിനുള്ള താക്കീതും ജനാധിപത്യ പ്രക്ഷോഭത്തിന്റെ വിജയം വിളിച്ചോതുന്നുണ്ട്. പ്രതിപക്ഷ പാര്‍ട്ടികളിലെ എം പിമാരെ കൂട്ടത്തോടെ കൈക്കലാക്കി പ്രതിപക്ഷ പാര്‍ട്ടികളെ ദുര്‍ബലമാക്കി പാര്‍ലമെന്റില്‍ ഭൂരിപക്ഷമുണ്ടാക്കി തങ്ങളുടെ എല്ലാ താല്‍പ്പര്യങ്ങളും നടപ്പിലാക്കികളയാമെന്ന ബിജെപി സര്‍ക്കാരിനുള്ള ശക്തമായ താക്കീതാണീ സമര വിജയം. രാജ്യം നേരിടുന്ന ഭരണഘടനാ ധ്വംസനത്തിനെതിരായ പോരാട്ടംകൂടിയാണിത്.
പൊലീസും, സിആര്‍പിഎഫും ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍കൊണ്ട് തടഞ്ഞ് നിര്‍ത്താനാവാത്തതാണ് യുവജന പ്രക്ഷോഭമെന്ന് കേന്ദ്ര സര്‍ക്കാര്‍ തിരിച്ചറിയണം. ഭരണം കയ്യിലുണ്ടെന്ന് കരുതി എന്തും നടത്താമെന്ന അഹങ്കാരത്തിന്റെ കടയ്ക്കലാണ് ജെന്‍ സി കത്തിവെച്ചത്. കേന്ദ്ര സര്‍ക്കാരും, ധര്‍മേന്ദ്ര പ്രധാനും ദേശീയ വിദ്യാഭ്യാസ നയം ഏകപക്ഷീയമായി അടിച്ചേല്‍പ്പിച്ച് സംസ്ഥാനങ്ങളെ ശ്വാസം മുട്ടിക്കുമ്പോള്‍ അതിനേറ്റ തിരിച്ചടികൂടിയാണ് ധര്‍മേന്ദ്ര പ്രധാന്റെ രാജി. ഈ പ്രക്ഷോഭം ഓര്‍മ്മിപ്പിക്കുന്ന ഒരു കാര്യമുണ്ട്്, അനീതിക്കെതിരെ പോരാടാന്‍, ജനാധിപത്യം സംരക്ഷിക്കാന്‍ ആബാലവൃദ്ധം ജനങ്ങള്‍ ഈ രാജ്യത്തുണ്ട് എന്ന സന്ദേശമാണ്. രാജ്യത്തിന്റെ പല ഭാഗങ്ങളിലും ജെന്‍സിക്ക് പിന്തുണയുമായി ജനങ്ങളെത്തി. പ്രതിപക്ഷങ്ങള്‍ നല്‍കിയ പിന്തുണയും പ്രക്ഷോഭത്തിന് കരുത്ത് പകര്‍ന്നു. വര്‍ഗ്ഗീയതയും, വിഭാഗീയതയുമില്ലാത്ത, അഴിമതിയില്ലാത്ത, എല്ലാവരെയും സമഭാവനയോടെ കാണുന്ന ഒരു തലമുറ ഇവിടെയുണ്ട് എന്നും അവര്‍ രാജ്യ രക്ഷക്കായി പോരാടുമെന്നതുമാണ് ഈ ചരിത്ര വിജയത്തിന്റെ അടിസ്ഥാനം.

സിജെപി പ്രക്ഷോഭം സ്വതന്ത്ര ഭാരതം കണ്ട ഏറ്റവും വലിയ പ്രക്ഷോഭം

Share

Leave a Reply

Your email address will not be published. Required fields are marked *