വെല്ലുവിളിയായി ഫിഫ റിപ്പോര്‍ട്ടിങ് മനംനിറച്ച് മലയാളികള്‍

വെല്ലുവിളിയായി ഫിഫ റിപ്പോര്‍ട്ടിങ് മനംനിറച്ച് മലയാളികള്‍

           കായിക ലോകത്തിന്റെ ഒരു മഹായുദ്ധം കൂടി അവസാനിച്ചു. ഫിഫ കപ്പില്‍ മുത്തമിട്ട് സ്‌പെയിന്‍. ബ്രസീലിനു ശേഷം തുടര്‍ച്ചയായ ലോക കിരീടമെന്ന അര്‍ജന്റീനിയന്‍ സ്വപ്നത്തിന് ന്യൂയോര്‍ക്ക് മെറ്റ്‌ലൈഫ് സ്റ്റേഡിയത്തില്‍ ചരമഗീതം. 48 രാജ്യങ്ങള്‍ മാറ്റുരച്ച കായികമേള കണ്‍ കുളിര്‍ക്കെ കണ്ട് നമ്മള്‍ ആസ്വദിച്ചു. സ്റ്റേഡിയത്തില്‍ എത്താനാവാത്തവര്‍ വീട്ടിലും വാച്ച്പാര്‍ട്ടികളിലും ടെലിവിഷനിലൂടെ പന്തടിയൊച്ചകളുടെ സ്പന്ദനങ്ങള്‍ അനുഭവിച്ചു. പിറ്റേന്നത്തെ പത്രങ്ങളിലൂടെ വിശകലനങ്ങള്‍ വായിച്ചു വിലയിരുത്തി. മൈതാനങ്ങളില്‍ ഒന്നരമാസത്തോളം ഉരുണ്ട പന്ത് ഇനി നാലുവര്‍ഷത്തേക്കു നമ്മള്‍ മനസില്‍ സൂക്ഷിക്കും. സ്‌പെയിന്‍, പോര്‍ ച്ചുഗല്‍, മൊറോക്കോ എന്നീ രാജ്യങ്ങള്‍ ആതിഥേയത്വം വഹിക്കുന്ന ഇരുപത്തിനാലാം ഫിഫ വേള്‍ഡ്കപ്പ് വരെ.
മൈതാനത്തെ ആരവങ്ങള്‍ കെട്ടടങ്ങിയെങ്കിലും മാധ്യമങ്ങളിലൂടെ നമ്മളറിഞ്ഞ സോക്കര്‍ജ്വരം കെടാതെ നില്‍ക്കുന്നു. അതിനായി പ്രവര്‍ത്തിച്ച മാധ്യമ പ്രവര്‍ത്തകര്‍ക്കു നന്ദി. പ്രതിനിധീകരിക്കുന്ന സ്ഥാപനത്തിന്റെ മുന്നേറ്റത്തിനായിരുന്നു അവരുടെ അധ്വാനമെങ്കിലും അവര്‍ചേര്‍ന്നു നമുക്കു നല്‍കിയത് ഇനിയും രുചിച്ചു തീര്‍ന്നിട്ടില്ലാത്തൊരു കായികസദ്യയാണ്.
ഇക്കൂട്ടത്തില്‍ മലയാളി മാധ്യമ പ്രവര്‍ത്തകരും ഉണ്ടായിരുന്നു. കേരളത്തിലെ വിവിധ മാധ്യമങ്ങളെ പ്രതിനിധീകരിക്കുന്നവര്‍. ഭൂഖണ്ഡങ്ങള്‍ക്കപ്പുറത്തു കേരളത്തിലിരിക്കുന്നവര്‍ക്ക് ഫിഫ ലോകക്കപ്പ് വിശേഷങ്ങള്‍ എത്തിച്ച ഈ മാധ്യമപ്രവര്‍ത്തകരെ ആദരിക്കാന്‍ അമേരിക്കന്‍ മലയാളി സമൂഹവും ഒത്തുചേര്‍ന്നു. ഇന്ത്യ പ്രസ്‌ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ന്യൂയോര്‍ക്ക് ചാപ്റ്ററും കെഎംസിസി ഫിഫ ഹെല്‍പ്ഡെസ്‌കും സംയുക്തമായി സംഘടിപ്പിച്ച ചടങ്ങ് എല്‍മോണ്ടിലെ കേരള സെന്ററില്‍ 18 ന് നടന്നു. ഫൈനലിന് തലേന്ന്. ഒന്നരമാസത്തോളം ഇവിടുണ്ടായിരുന്ന മാധ്യമ പ്രവര്‍ത്തകര്‍ക്കു നിരന്തരം സഹായങ്ങള്‍ എത്തിച്ചിരുന്ന കെഎംസിസി ഫിഫ ഹെല്‍പ്ഡെസ്‌കിന്റെ സേവനങ്ങളെ എത്ര പ്രകീര്‍ത്തിച്ചാലും മതിയാവില്ലെന്ന് മാധ്യമ പ്രവര്‍ത്തകര്‍ ഒരേ ശബ്ദത്തില്‍ പറഞ്ഞു. ചന്ദ്രിക ചീഫ് എഡിറ്റര്‍ കമാല്‍ വരദൂര്‍, മലയാള മനോരമയില്‍ നിന്ന് എസ്.പി ശരത്, മാതൃഭൂമിയില്‍ നിന്ന് ഹരിലാല്‍ രാജഗോപാല്‍, ന്യൂസ് 18 ചാനലില്‍ നിന്ന് പ്രതാപ് നായര്‍, സുപ്രഭാത
ത്തില്‍ നിന്നും ഹാരൂണ്‍ റഷീദ്, എന്നിവരാണ് കേരളത്തില്‍ നിന്നും ഫിഫ റിപ്പോര്‍ട്ടിഗിനെത്തിയ പ്രമുഖ  മാധ്യമ പ്രവര്‍ത്തകര്‍ . കെഎംസിസി പ്രസിഡന്റ് യു.എ നസീര്‍, കെഎംസിസി യു. എസ്.എയുടെ ഫിഫ ഹെല്‍പ്ഡെസ്‌ക് ഡയറക്ടര്‍ ഹനീഫ് എരഞ്ഞിക്കല്‍, ന്യൂ യോര്‍ക്ക് സംഘടകരായ ഷാമില്‍,യാസിം, ജാവേദ്, ജൗഹര്‍ഷാ, ഷാമിക്, ഉവൈസ്, ഷംലിക് എന്നിവര്‍ ആതിഥേയത്വം വഹിച്ചു. ഇന്ത്യ പ്രസ്‌ക്ലബ് ന്യൂയോര്‍ക്ക് ചാപ്റ്റര്‍ പ്രസിഡന്റ് സജി എബ്രഹാം, ട്രഷറര്‍ ടാജ് മാത്യു, മുന്‍ നാഷണല്‍ പ്രസിഡന്റുമാരായ ജോര്‍ജ് ജോസഫ്, സുനില്‍ ട്രൈസ്റ്റാര്‍ എന്നിവര്‍ക്കായിരുന്നു സംഘാടക ചുമതല.
അതിവിശാലമായ അമേരിക്കയിലെ വിവിധ നഗരങ്ങളിലായുള്ള സ്റ്റേഡിയങ്ങളില്‍ സമയത്തിന് എത്തുകയായിരുന്നു തങ്ങള്‍ നേരിട്ട ഏറ്റവും വലിയ വെല്ലുവിളിയെന്ന് മാധ്യമ പ്രവര്‍ത്തകര്‍ അനുസ്മരിച്ചു. ഖത്തര്‍ വേള്‍ഡ്കപ്പിലാകട്ടെ സ്റ്റേഡിയങ്ങള്‍ അടുത്തടുത്തായിരുന്നു. മാത്രവുമല്ല പ്രാദേശിക ഗവണ്മെന്റ് തലത്തില്‍ നിന്ന് കാര്യമായ സഹകരണവും കിട്ടിയില്ല. മറ്റു രാജ്യങ്ങളില്‍ മെഗാ പരിപാടികള്‍ നടക്കുമ്പോള്‍ ഷട്ടില്‍ സര്‍വീസുകളും മറ്റു യാത്രാക്രമീകരണങ്ങളും ഒരുക്കാറുണ്ടായിരുന്നു. ഇവിടെ ഞങ്ങള്‍ തന്നെ എല്ലാം കണ്ടെത്തേണ്ട അവസ്ഥ. ന്യൂയോര്‍ക്കിലെ കളി കഴിഞ്ഞു പിറ്റേന്ന് ലോസ് ആഞ്ചലസില്‍ എത്തേണ്ട ബുദ്ധിമുട്ടുകള്‍ ഊഹിക്കുക. അതുപോലെ പിറ്റേന്ന് മയാമിയിലേക്കോ അറ്റ്‌ലാന്റയിലേക്കോ. അതിവിശാല രാജ്യം നല്‍കുന്ന അതിബുദ്ധിമുട്ടുകള്‍. യാത്രാ സമയത്തിനൊപ്പം അതാതു സ്ഥാപനങ്ങളിലേക്ക് സ്റ്റോറികള്‍ ഫയല്‍ ചെയ്യുന്നതും ദുഷ്‌കരമായിരുന്നു. പക്ഷെ എല്ലാം ഒരുവിധത്തില്‍ ഒപ്പിച്ചെടുത്തു.
ഇവിടെല്ലാം സഹായമായി നിന്നത് മലയാളി സുഹൃത്തുക്കളാണെന്ന് പറയാതെ വയ്യ.സ്വന്ത്വം കുടുംബാംഗങ്ങളെ സഹായിക്കുന്ന പോലെയാണ് മലയാളികള്‍ സഹായം നല്‍കിയത്. ഏതു രാത്രിയിലും അവരുടെ വീടിന്റെ വാതിലുകള്‍ തുറന്നിട്ടു. ആവശ്യം പറഞ്ഞാല്‍ മൈലുകള്‍ ഓടിച്ചു സ്വന്തം വാഹന ത്തില്‍ കൊണ്ടുവിടാന്‍ പലരും തയാറായി.
മലയാളി സുഹൃത്തുക്കള്‍ ഒരുക്കിത്തന്ന ഭക്ഷണവും ഞങ്ങള്‍ ആസ്വദിച്ചു. ഒന്നര മാസത്തോളം അമേരിക്കന്‍ ഫുഡ് ആയിരിക്കും കഴിക്കേണ്ടി വരിക എന്നു കരുതിയ ഞങ്ങള്‍ക്ക് നിത്യവും കേരള സദ്യയുടെ രുചി നുണയാനാണ് പറ്റിയത്. ഒരു നേരമെങ്കിലും അമേരിക്കന്‍ ഫുഡ് അനുഭവിക്കാന്‍ കഴിഞ്ഞെങ്കില്‍ എന്ന് ആശിച്ചിട്ടു പോലുമുണ്ട്. അത്രയേറെ സഹകരണമായിരുന്നു മലയാളി കുടുംബങ്ങളില്‍ നിന്ന്.
പത്രപ്രവര്‍ത്തകര്‍ക്കൊപ്പം ഒരു ലോക സഞ്ചാരിയും മീറ്റിംഗില്‍ പങ്കെടുത്തിരുന്നു. കോഴിക്കോട് ഫറോക്കില്‍ മൊസൈക് ബിസിനസ് നടത്തുന്ന യൂനുസ് സലിം പൊയില്‍തൊടി. യാത്ര പാഷനായുള്ള യൂനുസ് ഇതുവരെ അറുപതിലേറെ രാജ്യങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ട്. അമേരിക്കയില്‍ ആദ്യമാണ്. എ.ഐ പ്ലാറ്റുഫോമുകളായ ചാറ്റ് ജിപിടിയും ജമിനിയും ഉപയോഗിച്ചാണ് യാത്രകള്‍ ക്രമീകരിക്കുന്നത്. ഒരു ടൂര്‍ഗൈഡ് പോലെ എ.ഐ ടൂളുകള്‍ നമുക്ക് സഹായകമാവുന്നു. വായിലാണ് വഴി എന്നു പഴയകാലത്തു പറയുന്നത് ഇപ്പോള്‍ എ.ഐയിലാണെന്നു മാറ്റിപ്പറഞ്ഞാല്‍ മതി. അത്രയേറെ സഹായകമാണ് ഇവ. സഹോദരനെ ബിസിനസ് ഏല്പിച്ചിട്ടാണ് യൂനുസിന്റെ യാത്രകള്‍. പോകേണ്ട രാജ്യങ്ങളുടെ പട്ടിക ഇനിയും പൂര്‍ത്തിയാകാനുണ്ടെന്ന് യൂനുസ് പറഞ്ഞു.
വേള്‍ഡ്കപ്പ് റിപ്പോര്‍ട്ടിങ് അസൈന്‍മെന്റ് ഭംഗിയായി നിര്‍വഹിച്ച പത്ര പ്രവര്‍ത്തകര്‍ തൊട്ടടുത്ത ദിവസങ്ങളില്‍ നാട്ടിലേക്ക് മടങ്ങി. ഇനി കേരളത്തിലെ രാഷ്ട്രീയ, സാമൂഹിക ജീവിതത്തിലെ വിവരങ്ങള്‍ കോര്‍ത്തിണക്കും. സഞ്ചാരി യൂനുസ് ഇനിയെങ്ങോട്ടാണോ ആവോ.

വെല്ലുവിളിയായി ഫിഫ റിപ്പോര്‍ട്ടിങ്

മനംനിറച്ച് മലയാളികള്‍

Share

Leave a Reply

Your email address will not be published. Required fields are marked *