‘ഇന്ത്യക്ക് റഷ്യയില്‍ നിന്ന് എണ്ണ വാങ്ങാം’; അനുമതി നീട്ടിനല്‍കി യുഎസ്
വാഷിംഗ്ടണ്‍: ആഗോള വിപണിയിലെ എണ്ണവില നിയന്ത്രിക്കുന്നതിന്റെ ഭാഗമായി റഷ്യന്‍ എണ്ണ ഇറക്കുമതി ചെയ്യുന്നതിനുള്ള ഉപരോധത്തില്‍ 30 ദിവസത്തേക്ക് കൂടി ഇളവ് നീട്ടി അമേരിക്ക. യുഎസ് ട്രഷറി ഡിപ്പാര്‍ട്ട്മെന്റാണ് വെള്ളിയാഴ്ച ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. പുതിയ തീരുമാനപ്രകാരം 2026 മേയ് 16 വരെ രാജ്യങ്ങള്‍ക്ക് ഉപരോധം ഭയപ്പെടാതെ റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നത് തുടരാം.
റഷ്യന്‍ ഇറക്കുമതി ഉപരോധത്തില്‍ ഇളവ് നീട്ടുകയില്ലെന്ന് നേരത്തെ യുഎസ് ട്രഷറി സെക്രട്ടറി ബെസ്സന്റ് പ്രഖ്യാപിച്ചിരുന്നു. തൊട്ടുപിന്നാലെയാണ് ഇളവ് നീട്ടിനല്‍കിക്കൊണ്ട് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. റഷ്യന്‍ എണ്ണയുടെ പ്രധാന ഉപഭോക്താക്കളിലൊന്നായ ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഈ തീരുമാനം വലിയ ആശ്വാസമാണ് നല്‍കുന്നത്. പശ്ചിമേഷ്യയിലെ സംഘര്‍ഷങ്ങള്‍ കാരണം എണ്ണവില വര്‍ധിക്കുന്ന സാഹചര്യത്തില്‍, കുറഞ്ഞ നിരക്കില്‍ റഷ്യയില്‍ നിന്ന് എണ്ണ ലഭിക്കുന്നത് തുടരുന്നത് ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയ്ക്ക് കരുത്താകും. ഇതിനകം തന്നെ ഏകദേശം 30 ദശലക്ഷം ബാരല്‍ റഷ്യന്‍ എണ്ണയ്ക്കായി ഇന്ത്യ ഓര്‍ഡര്‍ നല്‍കിക്കഴിഞ്ഞു എന്നാണ് റിപ്പോര്‍ട്ടുകള്‍.
ഏപ്രില്‍ 17-ന് മുമ്പ് കപ്പലുകളില്‍ കയറ്റിയ എണ്ണയ്ക്കും പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ക്കുമാണ് ഇളവ് ബാധകമാകുന്നത്. ഇറാന്, ക്യൂബ, ഉത്തര കൊറിയ എന്നീ രാജ്യങ്ങളുമായുള്ള എണ്ണ ഇടപാടുകള്‍ക്ക് ഈ ഇളവ് ലഭിക്കില്ലെന്ന് യുഎസ് ട്രഷറി വ്യക്തമാക്കിയിട്ടുണ്ട്. പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യങ്ങള്‍ ആഗോള ഊര്‍ജ്ജ വിതരണത്തെ ബാധിക്കാതിരിക്കാനും വിലക്കയറ്റം തടയാനുമാണ് അമേരിക്കയുടെ ഈ നീക്കം.
അതേസമയം, അമേരിക്കന്‍ ഭരണകൂടത്തിന്റെ ഈ തീരുമാനത്തിനെതിരെ ഒരു വിഭാഗം നിയമനിര്‍മാതാക്കള്‍ രംഗത്തെത്തിയിട്ടുണ്ട്. റഷ്യക്ക് ഇളവ് നല്‍കുന്നത് യുക്രെയ്ന് യുദ്ധത്തിനുള്ള സാമ്പത്തിക സ്രോതസ്സായി മാറുമെന്നും ഇത് ഉപരോധങ്ങളുടെ ലക്ഷ്യത്തെ തകര്‍ക്കുമെന്നുമാണ് ഇവരുടെ വാദം. എങ്കിലും, ആഗോള വിപണിയിലെ എണ്ണ ലഭ്യത ഉറപ്പാക്കാന്‍ നിലവില്‍ ഈ ഇളവ് അത്യാവശ്യമാണെന്നാണ് വൈറ്റ് ഹൗസിന്റെ നിലപാട്.
