ലഖ്നൗ: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കെതിരായ അപകീര്‍ത്തിക്കേസില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധിക്ക് ജാമ്യം. ഉത്തര്‍പ്രദേശിലെ സുല്‍ത്താന്‍പുര്‍ പ്രത്യേക കോടതിയാണ് ജാമ്യം അനുവദിച്ചത്. 25,000 രൂപ ജാമ്യത്തുക കെട്ടിവെക്കണം. ആള്‍ജാമ്യവും രാഹുല്‍ ഹാജരാക്കണം.
ബി.ജെ.പി. നേതാവായ വിജയ് മിശ്രയാണ് കേസിലെ പരാതിക്കാരന്‍. 2018-ലെ കര്‍ണാടക തിരഞ്ഞെടുപ്പിനിടെ പത്രസമ്മേളനത്തില്‍ അമിത് ഷായ്ക്കെതിരെ രാഹുല്‍ നടത്തിയ പരാമര്‍ശവുമായി ബന്ധപ്പെട്ടതാണ് കേസ്.പരാമര്‍ശം അമിത് ഷായുടെ പ്രതിച്ഛായ മോശമാക്കാനുള്ള ശ്രമമാണെന്നും വിജയ് മിശ്ര ആരോപിച്ചിരുന്നു.
ജനുവരി 18-ന് കോടതിയില്‍ ഹാജരാവാന്‍ രാഹുല്‍ഗാന്ധിയോട് ആവശ്യപ്പെട്ടിരുന്നെങ്കിലും രാഹുല്‍ ഹാജരായിരുന്നില്ല. ചൊവ്വാഴ്ച ഭാരത് ജോഡോ ന്യായ് യാത്ര നിര്‍ത്തിവെച്ചാണ് രാഹുല്‍ സുല്‍ത്താന്‍പുര്‍ കോടതിയില്‍ ഹാജരായത്.