ഫോട്ടോ പോസ്റ്റുന്നതൊക്കെ കൊള്ളാം; പക്ഷെ നിങ്ങളൊരുകാര്യം അറിയണം
കുട്ടികളുടെ പിറന്നാള്‍ ആഘോഷങ്ങള്‍, സ്‌കൂള്‍ പരിപാടികള്‍, യാത്രകള്‍, ദൈനംദിന വിശേഷങ്ങള്‍ തുടങ്ങി നിരവധി നിമിഷങ്ങള്‍ മാതാപിതാക്കള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കാറുണ്ട്. എന്നാല്‍ കുട്ടികളുടെ ഫോട്ടോകളും വീഡിയോകളും ഓണ്‍ലൈനില്‍ പങ്കിടുമ്പോള്‍ അവരുടെ സ്വകാര്യതയും സുരക്ഷയും ഉറപ്പാക്കേണ്ടത് പ്രധാനമാണ്. നിഷ്‌കളങ്കമായി പങ്കുവയ്ക്കുന്ന ഒരു ചിത്രം പോലും മറ്റുള്ളവര്‍ ദുരുപയോഗം ചെയ്യാനുള്ള സാധ്യതയുണ്ടെന്ന് സൈബര്‍ സുരക്ഷാ വിദഗ്ധര്‍ പറയുന്നു.
ശ്രദ്ധിക്കണം ഇവയെല്ലാം
കുട്ടികളുടെ ചിത്രങ്ങള്‍ പൊതുവായി ലഭ്യമാകുന്ന രീതിയില്‍ പോസ്റ്റ് ചെയ്യുമ്പോള്‍ അവ പരിചയമില്ലാത്തവരിലേക്കും എത്താം. ഒരിക്കല്‍ ഇന്റര്‍നെറ്റില്‍ പങ്കുവച്ച ചിത്രം മറ്റൊരാള്‍ ഡൗണ്‍ലോഡ് ചെയ്യുകയോ പകര്‍ത്തി മറ്റിടങ്ങളില്‍ പ്രചരിപ്പിക്കുകയോ ചെയ്താല്‍ അത് പൂര്‍ണമായി നീക്കം ചെയ്യുക ബുദ്ധിമുട്ടായേക്കാം.
കുട്ടികളുടെ സ്‌കൂള്‍ യൂണിഫോം, തിരിച്ചറിയല്‍ കാര്‍ഡ്, സ്‌കൂളിന്റെ പേര്, വീടിന്റെ വിലാസം, പതിവായി സന്ദര്‍ശിക്കുന്ന സ്ഥലങ്ങള്‍ തുടങ്ങിയ വിവരങ്ങള്‍ ചിത്രങ്ങളിലൂടെ വെളിപ്പെടുന്നുണ്ടോ എന്ന് പരിശോധിക്കണം. തത്സമയ ലൊക്കേഷന്‍ പങ്കിടുന്നതും കുട്ടികള്‍ എവിടെയാണെന്ന വിവരം അപരിചിതര്‍ക്ക് ലഭിക്കാന്‍ ഇടയാക്കാം.
സോഷ്യല്‍ മീഡിയയിലെ സ്വകാര്യതാ ക്രമീകരണങ്ങള്‍ പരിശോധിക്കാം
കുട്ടികളുടെ ചിത്രങ്ങള്‍ പങ്കിടുന്നതിന് മുന്‍പ് അക്കൗണ്ടിന്റെ പ്രൈവസി സെറ്റിങ്‌സ് പരിശോധിക്കുക. പരിചയമുള്ളവര്‍ക്ക് മാത്രം ചിത്രങ്ങള്‍ കാണാന്‍ കഴിയുന്ന രീതിയില്‍ ക്രമീകരണങ്ങള്‍ മാറ്റാം. എന്നാല്‍ സ്വകാര്യ അക്കൗണ്ടില്‍ പങ്കുവച്ച ചിത്രങ്ങള്‍ പോലും പകര്‍ത്തി മറ്റുള്ളവരുമായി പങ്കിടാന്‍ കഴിയുമെന്ന കാര്യം ഓര്‍ക്കണം.
കുട്ടികളുടെ വ്യക്തിപരമായ വിവരങ്ങള്‍, സ്‌കൂള്‍ സമയക്രമം എന്നിവ തിരിച്ചറിയാന്‍ സഹായിക്കുന്നവ ചിത്രങ്ങള്‍ക്കൊപ്പം പ്രസിദ്ധീകരിക്കുന്നത് ഒഴിവാക്കണം. ചിത്രങ്ങളില്‍ മറ്റ് കുട്ടികളും ഉണ്ടെങ്കില്‍ അവരുടെ മാതാപിതാക്കളുടെ അനുമതിയും പരിഗണിക്കണം.
കുട്ടികളുടെ സമ്മതവും പ്രധാനമാണ്
പ്രായത്തിനും മനസ്സിലാക്കാനുള്ള കഴിവിനും അനുസരിച്ച് കുട്ടികളോട് ചിത്രം പങ്കിടുന്നതിനെക്കുറിച്ച് സംസാരിക്കണം. അവര്‍ക്ക് ഇഷ്ടമില്ലാത്ത ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യാതിരിക്കുക. കുട്ടികളുടെ സ്വകാര്യതയെ മാനിക്കുന്ന ശീലം ചെറുപ്പം മുതല്‍ വളര്‍ത്തുന്നത് ഡിജിറ്റല്‍ സുരക്ഷയുടെ ഭാഗമാണ്. കുട്ടികളുടെ ചിത്രങ്ങള്‍ ഉപയോഗിച്ച് വ്യാജ അക്കൗണ്ടുകള്‍ സൃഷ്ടിക്കുകയോ അവ ദുരുപയോഗം ചെയ്യുകയോ ചെയ്തതായി ശ്രദ്ധയില്‍പ്പെട്ടാല്‍ തെളിവുകള്‍ സൂക്ഷിച്ച് ബന്ധപ്പെട്ട സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമില്‍ റിപ്പോര്‍ട്ട് ചെയ്യാം.
ഗുരുതരമായ സാഹചര്യമാണെങ്കില്‍ പൊലീസിനെയോ സൈബര്‍ ക്രൈം വിഭാഗത്തെയോ സമീപിക്കാം. സോഷ്യല്‍ മീഡിയയില്‍ ഓരോ നിമിഷവും പങ്കിടേണ്ടതില്ല. കുട്ടികളുടെ സുരക്ഷയും സ്വകാര്യതയും മുന്‍ഗണന നല്‍കിക്കൊണ്ട് ചിത്രങ്ങള്‍ പങ്കിടുന്നതാണ് ഉത്തരവാദിത്തമുള്ള ഡിജിറ്റല്‍ ശീലം.
