അപകടകാരികളായ നായകളെ കൊല്ലാന്‍ സുപ്രിംകോടതിയുടെ അനുമതി
ഡല്‍ഹി: അപകടകാരികളായ നായകളെ കൊല്ലാന്‍ സുപ്രിംകോടതിയുടെ അനുമതി. കോടതി നിര്‍ദേശങ്ങള്‍ നടപ്പിലാക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ എഫ്‌ഐആറോ ക്രിമിനല്‍ നടപടിയോ സ്വീകരിക്കരുതെന്നും കോടതി നിര്‍ദേശിച്ചു. നിര്‍ദേശങ്ങള്‍ നടപ്പാക്കിയ കാര്യങ്ങള്‍ ചീഫ് സെക്രട്ടറിമാര്‍ ആഗസ്ത് 5 നുള്ളില്‍ ഹൈക്കോടതികളെ ബോധിപ്പിക്കണം. ഹൈക്കോടതികള്‍ നവംബര്‍ 17 നുള്ളില്‍ സുപ്രിംകോടതിയില്‍ വിവരം സമര്‍പ്പിക്കണം.
തെരുവ് നായ ആക്രമണങ്ങള്‍ തടയുന്നതില്‍ ഭരണകൂടങ്ങള്‍ക്ക് വീഴ്ച സംഭവിച്ചതായും സുപ്രിംകോടതി ചൂണ്ടിക്കാട്ടി . എബിസി മാനദണ്ഡങ്ങള്‍ നടപ്പാക്കുന്നതില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്ക് വീഴ്ച പറ്റി. തെരുവ് നായകള്‍ കൂടുന്നതിന് അനുസരിച്ച് അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിക്കുന്നില്ല. തെരുവ് നായകളുടെ ജനന നിയന്ത്രണത്തിനായി എല്ലാ ജില്ലകളിലും മതിയായ സൗകര്യത്തോടെ എബിസി സെന്ററുകള്‍ സ്ഥാപിക്കണമെന്നും ജസ്റ്റിസ് വിക്രം നാഥ് അധ്യക്ഷനായ ബഞ്ച് ഉത്തരവിട്ടു . നിര്‍ദേശം സമയബന്ധിതമായി നടപ്പാക്കണമെന്നും സുപ്രിംകോടതി നിര്‍ദേശിച്ചു.
എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും പേ വിഷ ബാധ പ്രതിരോധ വാക്‌സിന്‍ ഉണ്ടാകണം. ആശുപത്രികളില്‍ നായകടി പ്രതിരോധ സംവിധാനം വേണം.സുപ്രിംകോടതി നിര്‍ദേശങ്ങള്‍ നടപ്പിലാക്കുന്നുണ്ടോ എന്ന് ഹൈക്കോടതികള്‍ പരിശോധിക്കണം. ഇതിനായി ഹൈക്കോടതികള്‍ രണ്ടംഗ ബെഞ്ചിനെ ചുമതലപ്പെടുത്തണമെന്നും കോടതി നിര്‍ദേശിച്ചു. രാജ്യത്തുടനീളം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന തെരുവ്‌നായകളുടെ ആക്രമണങ്ങള്‍ ജനങ്ങളുടെ സുരക്ഷയ്ക്ക് വലിയ ഭീഷണിയാണെന്ന് കോടതി ചൂണ്ടിക്കാട്ടി.
