ഇനി സതീശന്‍ യുഗത്തിലേക്ക്; പടനയിച്ചവന്‍ നയിക്കും

ഇനി സതീശന്‍ യുഗത്തിലേക്ക്; പടനയിച്ചവന്‍ നയിക്കും

ഇനി സതീശന്‍ യുഗത്തിലേക്ക്; പടനയിച്ചവന്‍ നയിക്കും

തിരുവനന്തപുരം: ഭരണത്തുടര്‍ച്ചയുടെ രണ്ടാം ഊഴം പൂര്‍ത്തിയാക്കിയ എല്‍ഡിഎഫിന് തിരിച്ചടി നല്‍കി, കേരളം യുഡിഎഫിന് അധികാരം കൈമാറുമ്പോള്‍ ആ വിജയത്തിന്റെ ശില്പിയായ വി.ഡി. സതീശന്‍ മുഖ്യമന്ത്രി പദത്തിലേക്ക്. വോട്ടെണ്ണല്‍ ദിനം മുതല്‍ ആരാണ് മുഖ്യമന്ത്രി എന്ന് കേരളം ഉറ്റുനോക്കിയ ചോദ്യത്തിനാണ് ഇപ്പോള്‍ തിരശ്ശീല വീണിരിക്കുന്നത്.

ആഴ്ചകള്‍ നീണ്ട അനിശ്ചിതത്വങ്ങള്‍ക്കും ഹൈക്കമാന്‍ഡ് ചര്‍ച്ചകള്‍ക്കുമൊടുവിലാണ് യുഡിഎഫിനെ ചരിത്രവിജയത്തിലേക്ക് നയിച്ച വി.ഡി. സതീശനെ മുഖ്യമന്ത്രിയായി തീരുമാനിച്ചത്. കെ.സി. വേണുഗോപാല്‍, രമേശ് ചെന്നിത്തല തുടങ്ങിയ മുതിര്‍ന്ന നേതാക്കളുടെ പേരുകള്‍ സജീവമായി പരിഗണിക്കപ്പെട്ടിരുന്നെങ്കിലും, കഴിഞ്ഞ അഞ്ച് വര്‍ഷം പ്രതിപക്ഷ നിരയില്‍ സതീശന്‍ നടത്തിയ സമാനതകളില്ലാത്ത പോരാട്ടവും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയിലെ വലിയ സ്വീകാര്യതയുമാണ് അദ്ദേഹത്തിന് തുണയായത്.

കഴിഞ്ഞ അഞ്ച് വര്‍ഷം സഭയ്ക്കകത്തും പുറത്തും സര്‍ക്കാരിനെതിരായ അഴിമതി ആരോപണങ്ങളും നയപരമായ വീഴ്ചകളും വസ്തുതകള്‍ നിരത്തി നേരിട്ട സതീശന്റെ ശൈലി ജനങ്ങള്‍ക്കിടയില്‍ വലിയ സ്വാധീനമുണ്ടാക്കി.

വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെ ഉയര്‍ന്നുവന്ന സതീശന്‍, താന്‍ കൈവെച്ച മേഖലകളിലെല്ലാം വ്യക്തിമുദ്ര പതിപ്പിച്ച നേതാവാണ്.1964 മെയ് 31-ന് നെട്ടൂരില്‍ വടശ്ശേരി ദാമോദരന്റെയും വി. വിലാസിനിയമ്മയുടെയും മകനായി ജനിച്ചു. നെട്ടൂര്‍ എസ്വിയുപി സ്‌കൂള്‍, പനങ്ങാട് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ പഠനം. തേവര സേക്രഡ് ഹാര്‍ട്ട് കോളജിലും തിരുവനന്തപുരം ലോ കോളജിലുമായി ഉന്നത വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. എം.ജി. സര്‍വകലാശാലാ യൂണിയന്‍ ചെയര്‍മാന്‍, എന്‍എസ്‌യു ദേശീയ സെക്രട്ടറി, എഐസിസി സെക്രട്ടറി, കെപിസിസി വൈസ് പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു.

1996-ല്‍ നിയമസഭയിലേക്കുള്ള ആദ്യ മത്സരത്തില്‍ പരാജയപ്പെട്ടെങ്കിലും തോല്‍വിയില്‍ തളരാതെ പോരാടിയ സതീശന്‍ 2001-ല്‍ പറവൂര്‍ മണ്ഡലത്തില്‍ നിന്ന് കന്നി ജയം നേടി. പിന്നീട് നടന്ന അഞ്ച് തെരഞ്ഞെടുപ്പുകളിലും (2006, 2011, 2016, 2021, 2026) പറവൂര്‍ മണ്ഡലം അദ്ദേഹത്തെ കൈവിട്ടില്ല. 2021-ല്‍ രമേശ് ചെന്നിത്തലയ്ക്ക് പിന്നാലെ പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുത്തത് സതീശന്റെ രാഷ്ട്രീയ ജീവിതത്തിലെ വഴിത്തിരിവായി. വെറും രാഷ്ട്രീയ പ്രസംഗങ്ങള്‍ക്കപ്പുറം, കൃത്യമായ ഡാറ്റയും രേഖകളും സഹിതം നിയമസഭയില്‍ സര്‍ക്കാരിനെ പ്രതിരോധത്തിലാക്കിയ അദ്ദേഹത്തിന്റെ ശൈലി ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

 

Share

Leave a Reply

Your email address will not be published. Required fields are marked *