കേരളത്തിന് ഒരു ട്രൈബൽ സർവ്വകലാശാല അനിവാര്യം: ഡോ. കെ.കെ.എൻ. കുറുപ്പ്
കോഴിക്കോട്: ഉന്നത വിദ്യാഭ്യാസ രംഗത്ത് പട്ടികജാതി-പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾ അനുഭവിക്കുന്ന മാനസികവും സാമൂഹികവുമായ പ്രയാസങ്ങൾ പരിഹരിക്കാൻ കേരളത്തിൽ ഒരു ട്രൈബൽ സർവ്വകലാശാല അനിവാര്യമാണെന്ന് മലബാർ എഡ്യൂക്കേഷൻ മൂവ്മെന്റ് ചെയർമാനും കാലിക്കറ്റ് സർവ്വകലാശാല മുൻ വൈസ് ചാൻസലറുമായ ഡോ. കെ.കെ.എൻ. കുറുപ്പ് പ്രസ്താവിച്ചു. പരിഷ്കൃത സമൂഹത്തോടൊപ്പം ക്ലാസ് മുറികളിലും ഹോസ്റ്റലുകളിലും കഴിയേണ്ടി വരുന്ന ഈ വിദ്യാർത്ഥികൾ പലപ്പോഴും വലിയ വേദനകളും യാതനകളും അനുഭവിക്കുന്നുണ്ട്. ഇവരെ നാടിന്റെ മുഖ്യധാരയിലേക്ക് എത്തിക്കാൻ പ്രത്യേകമായ ഒരു വിദ്യാഭ്യാസ സംവിധാനം ആവശ്യമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. വയനാട്ടിൽ മാത്രം ഏകദേശം 35-ഓളം വ്യത്യസ്ത ഗോത്ര വിഭാഗങ്ങളുണ്ട്. കൂടാതെ കാസർകോട്ടെ കൊറഗർ, മാവിലർ, മലയർ തുടങ്ങിയ വിഭാഗങ്ങളും നിലവിലെ സാമൂഹിക-വിദ്യാഭ്യാസ അന്തരീക്ഷത്തിൽ പലപ്പോഴും പാർശ്വവൽക്കരിക്കപ്പെടുന്നു. നൂറ്റാണ്ടുകളായി ഈ വിഭാഗങ്ങളുടെ ബൗദ്ധിക ശേഷി വേണ്ട രീതിയിൽ ഉപയോഗിക്കപ്പെട്ടിട്ടില്ല. ഇതിന്റെ പ്രധാന കാരണം അവർ വിദ്യാഭ്യാസ രംഗത്ത് ഏറെ പിന്നിലായിപ്പോയി എന്നതാണ്.കോളേജുകളിലെ വ്യത്യസ്തമായ സാമ്പത്തിക-സാംസ്കാരിക പശ്ചാത്തലങ്ങൾ പലപ്പോഴും ഗോത്രവർഗ്ഗ വിദ്യാർത്ഥികളുടെ വളർച്ചയെയും വികാസത്തെയും തടസ്സപ്പെടുത്തുന്നു.വയനാട് കേന്ദ്രീകരിച്ച് ഒരു ട്രൈബൽ സർവ്വകലാശാല സ്ഥാപിച്ച് ഇവർക്ക് പ്രത്യേക പരിശീലനം നൽകുന്നത് വഴി ഈ വിഭാഗങ്ങളെ ഘട്ടംഘട്ടമായി വികസിപ്പിച്ചെടുക്കാൻ സാധിക്കുമെന്ന് ഒരു വിദ്യാഭ്യാസ പ്രവർത്തകൻ എന്ന നിലയിലുള്ള തന്റെ അനുഭവത്തിന്റെ വെളിച്ചത്തിൽ അദ്ദേഹം വ്യക്തമാക്കി.
ഇടതോ വലതോ ഏത് സർക്കാർ അധികാരത്തിൽ വന്നാലും, അടുത്ത മന്ത്രിസഭയുടെ ആദ്യ തീരുമാനങ്ങളിൽ ഒന്നായി ഒരു ഓർഡിനൻസിലൂടെ ഈ പ്രഖ്യാപനം ഉണ്ടാകുമെന്ന് തങ്ങളെപ്പോലുള്ള സാമൂഹിക പ്രവർത്തകർ പ്രതീക്ഷിക്കുന്നതായും ഡോ. കെ.കെ.എൻ. കുറുപ്പ് വാർത്താക്കുറിപ്പിൽ അറിയിച്ചു.
