തൃശൂര്‍: പ്രമുഖ സസ്യശാസ്ത്രജ്ഞനും ‘ഹോര്‍ത്തൂസ് മലബാറിക്കൂസ്’ എന്ന പ്രാചീന ലാറ്റിന്‍ ഗ്രന്ഥത്തിന് പുനര്‍ജന്മമേകിയ ഡോ. കെ.എസ്. മണിലാല്‍ അന്തരിച്ചു.തൃശൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
കേരളത്തിലെ സസ്യ സമ്പത്തുക്കളെക്കുറിച്ച്് വിശദമായി രേഖപ്പെടുത്തിയിട്ടുള്ള’ഹോര്‍ത്തൂസ് മലബാറിക്കൂസ്’ എന്ന പ്രാചീന ലാറ്റിന്‍ ഗ്രന്ഥം, അന്‍പതു വര്‍ഷം നീണ്ട ഗവേഷണപഠനംവഴി ഇംഗ്ലിഷിലും മലയാളത്തിലും ആദ്യമായി എത്തിച്ച ഗവേഷകനാണ്.ബോട്ടണി വകുപ്പ് മുന്‍മേധാവിയുമായിരുന്ന അദ്ദേഹം പത്മശ്രീ ജേതാവുമായിരുന്നു.
കാട്ടുങ്ങല്‍ എ.സുബ്രഹ്‌മണ്യത്തിന്റെയും കെ.കെ.ദേവകിയുടെയും മകനായി 1938 സെപ്റ്റംബര്‍ 17ന് പറവൂര്‍ വടക്കേക്കരയിലായിരുന്നു ജനനം. മധ്യപ്രദേശിലെ സാഗര്‍ സര്‍വകലാശാലയില്‍നിന്ന് 1964ല്‍ സസ്യശാസ്ത്രത്തില്‍ പിഎച്ച്ഡി നേടി. ആ വര്‍ഷംതന്നെ കേരള സര്‍വകലാശാലയുടെ കാലിക്കറ്റ് സെന്ററില്‍ ബോട്ടണി വകുപ്പില്‍ അധ്യാപകനായി ചേര്‍ന്ന അദ്ദേഹം, പിന്നീട് കാലിക്കറ്റ് സര്‍വകലാശാല നിലവില്‍ വന്നപ്പോള്‍ അവിടെ ബോട്ടണി വകുപ്പിന്റെ ഭാഗമായി.
17ാം നൂറ്റാണ്ടിന്റെ പകുതിയില്‍ കേരളത്തിലെ സസ്യസമ്പത്തിനെക്കുറിച്ചു ലാറ്റിന്‍ ഭാഷയില്‍ പ്രസിദ്ധീകരിച്ച 12 വാല്യങ്ങളുള്ള ‘ഹോര്‍ത്തൂസ് മലബാറിക്കൂസി’ന്റെ ഇംഗ്ലിഷ് പതിപ്പ് 2003ലും മലയാളം പതിപ്പ് 2008ലും പ്രസിദ്ധീകരിച്ചു. 1958 മുതല്‍ അദ്ദേഹം നടത്തിയ പ്രതിജ്ഞാബദ്ധമായ പ്രവര്‍ത്തനമാണ് ഇംഗ്ലിഷ്, മലയാളം പതിപ്പിനു പിന്നില്‍. കേരള സര്‍വകലാശാലയാണ് ഹോര്‍ത്തൂസ് ഇംഗ്ലിഷ്, മലയാളം പതിപ്പുകള്‍ പ്രസിദ്ധീകരിച്ചത്. കോഴിക്കോട്ടെയും സൈലന്റ് വാലിയിലെയും സസ്യവൈവിധ്യത്തെക്കുറിച്ച് മണിലാലിന്റെ നേതൃത്വത്തില്‍ നടന്ന വര്‍ഷങ്ങള്‍ നീണ്ട പഠനങ്ങളും പ്രസിദ്ധമാണ്.
ശാസ്ത്രമേഖലയില്‍ നല്‍കിയ സംഭാവനകളെ പരിഗണിച്ച്, 2020 ലാണ് രാഷ്ട്രം പത്മശ്രീ ബഹുമതി നല്‍കി ആദരിച്ചത്. സസ്യവര്‍ഗീകരണ ശാസ്ത്രത്തിനു നല്‍കിയ സമഗ്ര സംഭാവനകള്‍ മുന്‍നിര്‍ത്തി 2003ല്‍ കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം ഇ.കെ.ജാനകി അമ്മാള്‍ പുരസ്‌കാരവും സമ്മാനിച്ചിട്ടുണ്ട്.
കൊച്ചിയിലെ ഡച്ച് ഗവര്‍ണറായിരുന്ന ഹെന്‍ട്രിക് ആഡ്രിയന്‍ വാന്‍ റീഡ് ആണ്, ചേര്‍ത്തല സ്വദേശിയായ ഇട്ടി അച്യുതന്‍ എന്ന പണ്ഡിതശ്രേഷ്ഠന്റെയും മറ്റ് പലരുടെയും സഹായത്തോടെ ഹോര്‍ത്തൂസ് തയ്യാറാക്കിയത്. ഡച്ച് തലസ്ഥാനമായ ആംസ്റ്റര്‍ഡാമില്‍നിന്ന് 1678-1693 കാലത്ത് 12 വോള്യങ്ങളായി അത് ലാറ്റിനില്‍ പ്രസിദ്ധീകരിച്ചു. ആ ഗ്രന്ഥത്തെ സമഗ്രമായി മനസിലാക്കാന്‍ പിന്നീട് 300 വര്‍ഷക്കാലം ഒട്ടേറെ വിദഗ്ധര്‍ ശ്രമിച്ചു. ആരും വിജയിച്ചില്ല. ഒടുവില്‍ ആ യത്‌നം സഫലീകരിക്കുന്നത് ഡോ.മണിലാലാണ്. ഹോര്‍ത്തൂസില്‍ പരാമര്‍ശിക്കുന്ന 679 സസ്യയിനങ്ങളില്‍ ഒന്നൊഴികെ ബാക്കിമുഴുവന്‍ വീണ്ടും കണ്ടെത്തുകയും ആധുനിക സസ്യശാസ്ത്രപ്രകാരം അവയെ വിശദീകരിക്കുകയും ചെയ്യുന്നതിന് മാത്രം 27 വര്‍ഷമാണ് മണിലാല്‍ ചെലവിട്ടത്. മറ്റ് പലരുടെയും സഹായത്തോടെ ലാറ്റിനില്‍ നിന്ന് ഹോര്‍ത്തൂസിനെ സാധാരണക്കാര്‍ക്ക് വായിക്കാന്‍ പാകത്തില്‍ മാറ്റാന്‍ മണിലാലിന് തന്റെ ജീവിതത്തിന്റെ 50 വര്‍ഷങ്ങള്‍ സമര്‍പ്പിക്കേണ്ടി വന്നു. 2003 ല്‍ ഹോര്‍ത്തൂസിന്റെ ഇംഗ്ലീഷ് പതിപ്പും, 2008 ല്‍ മലയാളം പതിപ്പും കേരള സര്‍വകലാശാല പ്രസിദ്ധീകരിച്ചു. അതുവഴി കേരളസംസ്‌ക്കാരത്തിലെ വിലപ്പെട്ട ഒരധ്യായം വീണ്ടെടുത്തു നല്‍കുകയായിരുന്നു മണിലാല്‍. ഭാര്യ: ജ്യോത്സ്‌ന. മകള്‍: അനിത. മരുമകന്‍: കെ.പി.പ്രീതന്‍.
ഡോ. കെ.എസ്. മണിലാല്‍ അന്തരിച്ചു
