സംസ്ഥാനത്തെ ഐഎഎസ് ഉദ്യാഗസ്ഥരായ വ്യവസായ വകുപ്പ് സെക്രട്ടറി കെ.ഗോപാലകൃഷ്ണനെതിരെയും, കൃഷി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എന്‍.പ്രശാന്തിനെതിരെയും നടപടിക്ക് ശുപാര്‍ശ ചെയ്ത് ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്‍ മുഖ്യമന്ത്രിക്ക് ശുപാര്‍ശ സമര്‍പ്പിച്ചിരിക്കുകയാണ്.
ഗോപാലകൃഷ്ണനെതിരെയുള്ള പരാതി അത്യന്തം ഗൗരവമുള്ളതാണ്. ഐഎഎസ് ഉദ്യാഗസ്ഥര്‍ക്കിടയില്‍ മതാടിസ്ഥാനത്തില്‍ വാട്‌സാപ്പ്ഗ്രൂപ്പുണ്ടാക്കി എന്നാണ് ഇയാള്‍ക്കെതിരെയുള്ള പരാതി. ഈ സംഭവം പുറത്തായപ്പോള്‍ കെ.ഗോപാലകൃഷ്ണന്‍ നല്‍കിയ വിശദീകരണം മെറ്റയും, സംസ്ഥാന ഫോറന്‍സിക് ഡിപ്പാര്‍ട്ട്‌മെന്റും തള്ളിക്കളയുകയും വിഷയം പോലീസ് അന്വേഷണത്തിലുമാണ്. ഉന്നത പദവിയിലിരിക്കുന്ന ഒരു വ്യക്തി, അക്കാദമിക് മേഖല മുതല്‍, സാമൂഹിക പ്രതിബദ്ധതയടക്കം പരിശോധിച്ച് സൂക്ഷ്മമായി തിരഞ്ഞെടുക്കപ്പെടുന്ന ഇന്ത്യന്‍ സിവില്‍ സര്‍വ്വീസ് പൂര്‍ത്തീകരിക്കുകയും, സംസ്ഥാനത്തെ വ്യവസായ വകുപ്പ് ഡയറക്ടറായിരിക്കുകയും ചെയ്യുന്ന വ്യക്തിയില്‍ നിന്ന് ഒരു തരത്തിലും ഉണ്ടാവാന്‍ പാടില്ലാത്ത ഒന്നാണ് മതപരമായ വേര്‍തിരിവിലുള്ള പ്രവര്‍ത്തനം. ഇത് നമ്മുടെ ഭരണാഘടനാ തത്വങ്ങള്‍ക്കും, മതസൗഹാര്‍ദ്ദ പാരമ്പര്യത്തിനും കടക വിരുദ്ധമാണ്. ഉന്നതനായ ഒരു ഉദ്യാഗസ്ഥന്‍ ഇങ്ങനെ ചിന്തിക്കുന്നത് തന്നെ പരിഷ്‌കൃത സമൂഹത്തിന് നാണക്കേടാണ്.
മത സാഹോദര്യത്തിന്റെ വിള നിലമാണ് കേരളം. ഇവിടെ മതസൗഹാര്‍ദ്ദത്തിന്റെ മണിനാദം മുഴങ്ങുന്ന മണ്ണാണ്. ഇത്തരത്തില്‍ ജാതി-മത ചിന്താഗതികളിലൂടെ പ്രവര്‍ത്തിക്കാന്‍ തയ്യാറായ ഈ ഉദ്യോഗസ്ഥനെ മാതൃകാപരമായി ശിക്ഷിക്കാന്‍ തയ്യാറാവണം. കേരളത്തിന്റെ ചരിത്രത്തില്‍ കേട്ടുകേള്‍വിയില്ലാത്തതാണ് ഐഎഎസ് ഉദ്യാഗസ്ഥനായ ഇദ്ദേഹത്തില്‍നിന്നുണ്ടായിട്ടുള്ളത്.
ഈ നാട്ടിലെ സാധാരണക്കാരായ മനുഷ്യര്‍ പരസ്പരം തോളില്‍ കൈയിട്ട് സൈ്വര ജീവിതം നയിക്കുന്ന നാടാണ് നമ്മുടേത്. അതിന് ഭംഗം വരുത്താന്‍ ഒരു ശക്തിയേയും അനുവദിക്കരുത്. വടക്കേഇന്ത്യയില്‍ നടക്കുന്നതുപോലുള്ള ജാതി-മത ഫാസിസ ശക്തികളെ മുളയിലേ നുള്ളാന്‍ കേരളീയരായ നാം ഒന്നിച്ച് കൈകോര്‍ക്കണം.
ഐഎഎസ് ഉദ്യാഗസ്ഥനായ എന്‍.പ്രശാന്ത്, അഡീഷണല്‍ ചീഫ് സെക്രട്ടറി എ.ജയതിലകിനെ സമൂഹമാധ്യമത്തില്‍ അവഹേളിച്ചതാണ് മറ്റൊരു സംഭവം. പ്രശാന്ത് കുറ്റകരമായ അനാസ്ഥ കാണിച്ചെന്ന് ചൂണ്ടിക്കാട്ടി എ.ജയതിലക് ചീഫ് സെക്രട്ടറിക്ക് നല്‍കിയ റിപ്പോര്‍ട്ടാണ് എന്‍.പ്രശാന്തിനെ ചൊടിപ്പിച്ചത്. ഈ റിപ്പോര്‍ട്ട് ശരിയാംവണ്ണം പരിശോധിച്ച് പ്രശാന്ത് കുറ്റം ചെയ്തിട്ടുണ്ടെങ്കില്‍ അയാളെയും ശിക്ഷാ നടപടിക്ക് വിധേയനാക്കണം. ഈ വിഷയത്തില്‍ പ്രശാന്ത് സമൂഹമാധ്യമം വഴി എ.ജയതിലകിനെതിരെ നടത്തിയ പരാമര്‍ശം അംഗീകരിക്കാനാവില്ല. എ.ജയതിലക് സമൂഹ മാധ്യമം വഴിയല്ല പ്രശാന്തിനെ വിമര്‍ശിച്ചത്. റിപ്പോര്‍ട്ട് മേലധികാരിക്ക് സമര്‍പ്പിക്കുകയാണുണ്ടായത്.
സമൂഹ മാധ്യമത്തില്‍ മറ്റൊരു വ്യക്തിയെ ഇകഴ്ത്തുമ്പോള്‍ സ്വയം ഇകഴ്ത്തപ്പെടുകയാണെന്നതാണ് വാസ്തവം. ഇതോടനുബന്ധിച്ച് ഒന്നാം പിണറായി സര്‍ക്കാരില്‍ ഫിഷറീസ് വകുപ്പ് മന്ത്രിയായിരുന്ന ജെ.മേഴ്‌സിക്കുട്ടിയമ്മ പ്രശാന്തിനെതിരെ ഗുരുതരമായ ഒരാരോപണം ഉന്നയിച്ചിരുന്നു. ഇതിന് മറുപടിയായി അവരെയും അപഹസിക്കുന്ന പരാമര്‍ശമാണ് എന്‍.പ്രശാന്ത് നടത്തിയത്.
പ്രതികരണങ്ങളില്‍ പുലര്‍ത്തേണ്ട സാമാന്യ മര്യാദ പോലും മറന്നുള്ള ഇത്തരം പ്രതികരണങ്ങള്‍ സമൂഹം തള്ളിക്കളയും. ഉപ്പു തിന്നവന്‍ വെള്ളം കുടിക്കേണ്ടി വരികതന്നെ ചെയ്യും. ജോലി ചെയ്താണെങ്കിലും, ജനങ്ങളുടെ നികുതി പണമാണ് ശമ്പളമായി എത്തുന്നതെന്നും, സര്‍ക്കാരിന്റെ പെരുമാറ്റചട്ടങ്ങള്‍ ജനങ്ങള്‍ക്ക് വേണ്ടിയുള്ളതാണെന്നും എല്ലാവരും തിരിച്ചറിയുന്നത് നന്നായിരിക്കും.
എത്ര ഉന്നതനായ നേതാവായാലും ഉദ്യോഗസ്ഥനായാലും തെറ്റായ രീതിയില്‍ മുന്നോട്ട് പോയാല്‍ നടപടിക്ക് വിധേയനാക്കണം. ഉന്നത ഉദ്യോഗസ്ഥര്‍ നാടിനും ജനങ്ങള്‍ക്കും മാതൃകയാകേണ്ടവരാണ്. അവര്‍ക്ക് പിഴവ് പറ്റിയാല്‍ ബന്ധപ്പെട്ടവര്‍ ഇടപെട്ട് തിരുത്താന്‍ തയ്യാറാകണം.
