ന്യൂഡല്‍ഹി: മുതിര്‍ന്ന സിപിഎം നേതാവും മുന്‍ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയുമായ ബുദ്ധദേവ് ഭട്ടാചാര്യ (80) അന്തരിച്ചു. കൊല്‍ക്കത്തയിലെ വസതിയിലായിരുന്നു അന്ത്യം.
2000 മുതല്‍ 2011 വരെ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയായിരുന്ന ബുദ്ധദേവ് ഭട്ടാചാര്യ വാര്‍ധക്യസഹജമായ രോഗങ്ങളെ തുടര്‍ന്ന് പാര്‍ട്ടി ചുമതലകളില്‍ നിന്ന് വിട്ട് നില്‍ക്കുകയായിരുന്നു. ഇടതു കോട്ടയായ ബംഗാളില്‍ 2000ല്‍ ജ്യോതിബസുവിന്റെ പിന്‍ഗാമിയായി മുഖ്യമന്ത്രിയായി. 2001ലും 2006ലും മഹാ ഭൂരിപക്ഷത്തോടെ ഭരണം നിലനിര്‍ത്തിയെങ്കിലും 2011ല്‍ പിടിച്ചു നില്‍ക്കാനായില്ല.
ഉത്തര കൊല്‍ക്കത്തയില്‍ 1944 മാര്‍ച്ച് 1 നായിരുന്നു ഭട്ടാചാര്യയുടെ ജനനം. ബംഗാള്‍ ഡിഐഎഫ്‌ഐസെക്രട്ടറിയായാണ് അദ്ദേഹം പാര്‍ട്ടിയില്‍ പ്രവര്‍ത്തിച്ചു തുടങ്ങിയത്. 1977ല്‍ ആദ്യ നിയമാസഭാംഗമായി, 1987ല്‍ മന്ത്രിയുമായി.1987 -96 കാലത്ത് വാര്‍ത്താവിനിമയ, സാംസ്‌കാരിക വകുപ്പും 1996-99 കാലത്ത് ആഭ്യന്തര വകുപ്പും കൈകാര്യം ചെയ്തു. 2000ല്‍ ഉപമുഖ്യമന്ത്രിയായ അദ്ദേഹം അനാരോഗ്യം കാരണം ജ്യോതിബസു സ്ഥാനമൊഴിഞ്ഞതിനെതുടര്‍ന്ന് മുഖ്യമന്ത്രിയായി.
ലളിത ജീവിതമായിരുന്നു ബുദ്ധദേവിന്റെ മുഖമുദ്ര. ബംഗാളി ഭാഷയില്‍ അഗാധ പാണ്ഡിത്യമുണ്ടായിരുന്ന അദ്ദേഹം സാഹിത്യ പഠനങ്ങളും നടത്തിയിട്ടുണ്ട്. ഭാര്യ മീര, മകള്‍ സുചേതന.
