മൂന്ന് ക്രിമിനല്‍ നിയമങ്ങള്‍ പിന്‍വലിച്ചതായി കേന്ദ്ര സര്‍ക്കാര്‍. ഓഗസ്റ്റ് 11ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പുതുതായി അവതരിപ്പിച്ച ക്രിമിനല്‍ നിയമങ്ങളായ ഭാരതീയ ന്യായ സംഹിത, ഭാരതീയ നാഗരിക ശിക്ഷ സംഹിത, ഭാരതീയ സാക്ഷ്യ സംഹിത എന്നിവയാണ് താത്കാലികമായി പിന്‍വലിച്ചതായി എംപിമാര്‍ക്കുള്ള പാര്‍ലമെന്റ് പോര്‍ട്ടലിലൂടെ കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചത്. പാര്‍ലമെന്ററി സമിതി നല്‍കിയ നിര്‍ദ്ദേശങ്ങള്‍ ഉള്‍പ്പെടുത്തി ഉടനെതന്നെ വീണ്ടും അവതരിപ്പിക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചു.
ഇന്ത്യന്‍ പീനല്‍ കോഡ്, ക്രിമിനല്‍ പ്രൊസീജ്യര്‍ കോഡ്, ഇന്ത്യന്‍ എവിഡന്‍സ് ആക്ട് എന്നിവയ്ക്ക് പകരമായിട്ടായിരുന്നു കേന്ദ്ര ആഭ്യന്തരമന്ത്രി പുതിയ നിയമങ്ങള്‍ അവതരിപ്പിച്ചത്. 2023 ഓഗസ്റ്റ് 18 ന് പാര്‍ലമെന്റ് സമിതി പരിഗണിച്ച ബില്ലിന്മേല്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നത് നവംബര്‍ 10നാണ്. ആ റിപ്പോര്‍ട്ടില്‍ നല്‍കിയ നിര്‍ദേശങ്ങളാണ് സര്‍ക്കാര്‍ ഇപ്പോള്‍ പരിഗണിക്കുന്നത്.
ബ്രിജ് ലാല്‍ അധ്യക്ഷനായ പാര്‍ലമെന്ററി സമിതി നല്‍കിയ നിര്‍ദേശങ്ങളില്‍ ഡിജിറ്റല്‍ തെളിവുകളുടെ ആധികാരികതയും സുരക്ഷയും ഉറപ്പാക്കണമെന്നും, ഉഭയകക്ഷി സമ്മതപ്രകാരമല്ലാത്ത ലൈംഗികബന്ധങ്ങളില്‍ സ്ത്രീക്കും പുരുഷനും ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്കും ഒരുപോലെ നീതിയുറപ്പാക്കണം എന്നതുമാണ്.മറ്റൊന്ന് ഭാരതീയ സുരക്ഷാ സംഹിത എന്ന പേര് നിയമത്തിന്റെ 48-ാമത് അനുച്ഛേദത്തിലാണ് പരാമര്‍ശിച്ചിരിക്കുന്നത് സാങ്കേതികമായി ശരിയല്ലെന്നുമാണ് സമിതിയുടെ പ്രധാന നിര്‍ദേശങ്ങള്‍. ഈ മാറ്റങ്ങള്‍ മാത്രമാണോ ഇനി അവതരിപ്പിക്കാന്‍ പോകുന്ന നിയമങ്ങളിലുണ്ടാകുക എന്നത് കാത്തിരുന്ന് കാണാം.
ഇപ്പോള്‍ അവതരിപ്പിച്ച നിയമത്തില്‍ പാര്‍ലമെന്റ് സമിതിയുടെ നിര്‍ദേശങ്ങള്‍ കൂടി ഉള്‍പ്പെടുത്തണമെങ്കില്‍ നിരവധി ഭേദഗതികള്‍
വേണ്ടിവരുമെന്നതുകൊണ്ടാണ് നിയമങ്ങള്‍ പിന്‍വലിച്ച് വീണ്ടും അവതരിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതെന്നാണ് റിപ്പോര്‍ട്ട്.
