ലഖ്നൗ സൂപ്പര്‍ ജയന്റ്സിനെ 12 റണ്‍സിന് പരാജയപ്പെടുത്തി, മോയിന്‍ അലി പ്ലെയര്‍ ഓഫ് ദ മാച്ച്
ചെന്നൈ: ഏറെ നാളുകള്‍ക്ക് ശേഷം ചെപ്പോക്കിലേക്ക് മടങ്ങിയെത്തിയ സി.എസ്.കെ കാണികളെ നിരശരാക്കിയില്ല. സീസണിലെ ആദ്യവിജയം ആഘോഷമാക്കിയ തലയും കൂട്ടരും തലയെടുപ്പോടെ തന്നെയാണ് മൈതാനം വിട്ടത്. ആദ്യ മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനോട് പരാജയപ്പെട്ടെങ്കിലും ആത്മവിശ്വാസം തെല്ലും കുറയാതെയാണ് ലക്നൗ സൂപ്പര്‍ ജയന്റ്സിനെ ചെന്നൈ നേരിട്ടത്. ആദ്യ മത്സരത്തില്‍ ഡല്‍ഹിയെ തോല്‍പ്പിച്ചതിന്റെ ആത്മ വിശ്വാസത്തിലെത്തിയ ലഖ്നൗവും കളി മോശമാക്കിയില്ല. അവസാനം വരെ പൊരുതിയാണ് അവര്‍ പരാജയം അംഗീകരിച്ചത്. ‘തല’ ധോണിഫാന്സുകാര്ക്ക് ആഘോഷിക്കാന്‍ ഏറെയുണ്ടായിരുന്ന മത്സരത്തില്‍. ടോസ് നേടിയ ലഖ്നൗ ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. ചെന്നൈയുടെ തുടക്കം മോശമായില്ല. ഓപ്പണിങ് വിക്കറ്റില്‍ അവര്‍ ചേര്‍ത്തത് 110 റണ്‍സാണ്. ഋതുരാജ് ഗെയ്ക്വാദ് വീണ്ടും ചൈന്നൈ പ്രതിക്ഷകളെ കാത്തു. 31 പന്തില്‍ 57 റണ്‍സുമായി മുന്നില്‍ നിന്ന് നയിച്ച് ഗെയ്ക്വാദിന് ഒത്ത കൂട്ടാളി തന്നെയായിരുന്നു ഡെവന്‍ കോണ്‍വേ. 29 പന്തില്‍ 47 റണ്‍സാണ് കോണ്‍വേ നേടിയത്. ഋതുരാജ് തുടര്‍ച്ചയായ രണ്ടാം അര്‍ധ സെഞ്ചുറിയാണ് നേടിയത്. അടുത്തടുത്ത ഓവറുകളില്‍ ഇരുവരും മടങ്ങിയെങ്കിലും തുടര്‍ന്നെത്തിയ ശിവം ദൂബെ(27)യും മോയീന്‍ അലി(19)യും അമ്പാട്ടി റായിഡു(27)വും ഒടുവില്‍ അവസാന ഓവറുകളില്‍ എം.എസ്.ഡി കത്തിക്കയറിയപ്പോള്‍ ചെന്നൈ 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 217 റണ്‍സ് നേടി.
20ാം ഓവറില്‍ ക്രീസിലെത്തിയ എം.എസ്.ഡി മാര്‍ക്ക്വുഡിന്റെ വേഗതയേറിയ രണ്ട് പന്തുകള്‍ അതിര്‍ത്തി കടത്തിയപ്പോള്‍ ഗാലറിയില്‍ ആവേശത്തിരയിളകി. അടുത്ത പന്തില്‍ രവി ബിഷ്ണോയിക്ക് ക്യാച്ച് നല്കി മടങ്ങിയെങ്കിലും തന്റെ 41ാം വയസ്സിലും ധോണിയുടെ ഫിറ്റ്നസിനെ സംബന്ധിച്ച് ആര്‍ക്കും ഒരു സംശയവും ഉന്നയിക്കാന്‍ കഴിയാത്ത രീതിയിലുള്ള പ്രകടനമായിരുന്നു അദ്ദേഹത്തിന്റേത്. ലഖ്നൗവിനായി രവി ബിഷ്ണോയിയും മാര്‍ക്ക് വുഡും മൂന്ന് വിക്കറ്റുകള്‍ വീതവും ആവേഷ്ഖാന്‍ ഒരു വിക്കറ്റും നേടി. മറുപടി ബാറ്റിങ്ങില്‍ ലഖ്നൗവും വീറോടു കൂടി തന്നെ ബാറ്റേന്തി. കെയ്ല്‍ മയേഴ്സ് ഒരു ദയയുമില്ലാതെ ചെന്നൈ പേസര്‍മാരെ പ്രഹരിച്ചപ്പോള്‍ സ്കോര്‍ബോര്‍ഡ് വളരെ വേഗത്തില്‍ ചലിക്കാന്‍ തുടങ്ങി. ക്യാപ്റ്റന്‍ രാഹുലിന് സ്ട്രൈക്ക് മയേഴ്സിനായി കൈമാറുക എന്ന ദൗത്യം മാത്രമേ ഉണ്ടായിരുന്നുള്ളൂ. 22 പന്തില്‍ 53 റണ്‍സാണ് മയേഴ്സ് നേടിയത്. എട്ട് ഫോറും രണ്ട് സിക്സും ഉള്‍പ്പെടുന്നതാണ് അദ്ദേഹത്തിന്റെ ഇന്നിങ്സ്.
മയേഴ്സിന്റെ ഇന്നിങ്സിന് ഫുള്‍ സ്റ്റോപ്പിടാന്‍ ധോണി മോയിന്‍ അലിയെ കൊണ്ടുവന്നു. തുടര്‍ന്ന് അങ്ങോട്ട് മോയിന്‍ അലിക്ക് മുന്നില്‍ ലഖ്നൗ ബാറ്റ്സ്മാന്മാര് ഓരോരുത്തരായി പതറുന്ന കാഴ്ചയാണ് കാണാന്‍ കഴിഞ്ഞത്. മയേഴ്സിനേയും രാഹുലി(20)നേയും മോയിന്‍ അലി മടക്കിയപ്പോള്‍, ഡീപക് ഹൂഡയെ മിച്ചല്‍ സാന്റ്നര്‍ ബെന്‍സ്റ്റോക്കിന്റെ കൈകളിലെത്തിച്ചു. തുടര്‍ന്ന് കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് വീണത് ലഖ്നൗവിന് തിരിച്ചടിയായി. 32 റണ്‍സെടുത്ത നിക്കോളസ് പൂരന് മടങ്ങിയതോടു കൂടി ലഖ്നൗവിന്റെ പ്രതീക്ഷകള്‍ മങ്ങി. ഏഴാം വിക്കറ്റില്‍ ആയുഷ് ബഡോനി(23)യും കൃഷ്ണപ്പ് ഗൗത(17*)വും പെരുതി നോക്കിയെങ്കിലും ലക്ഷ്യം അകലെയായിരുന്നു. 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 205 റണ്‍സ് എടുക്കാനെ ലഖ്നൗവിന് കഴിഞ്ഞുള്ളൂ. ചെപ്പോക്കില്‍ തിരിച്ചുവരവില്‍ ചെന്നൈക്ക് 12 റണ്‍സിന്റെ ആവേശ ജയം. നാല് വിക്കറ്റ് വീഴ്ത്തിയ മോയിന്‍ അലിയാണ് കളിയിലെ താരം. ഇംപാക്ട് പ്ലെയര്‍ തുഷാര്‍ ദേശ്പാണ്ഡേ രണ്ട് വിക്കറ്റും വീഴ്ത്തി.


