ബിരുദമല്ല, മോദിയുടെ വിജയത്തിന് കാരണം വ്യക്തിപ്രഭാവം : അജിത് പവാര്‍

ബിരുദമല്ല, മോദിയുടെ വിജയത്തിന് കാരണം വ്യക്തിപ്രഭാവം : അജിത് പവാര്‍

മുംബൈ: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിജയത്തിന് കാരണം അദ്ദേഹത്തിന്റെ വ്യക്തിപ്രഭാവമാണെന്ന് എന്‍. സി. പി നേതാവ് അജിത് പവാര്‍. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച് ഒരു പൊതുപരിപാടിയില്‍ സംസാരിക്കുകയായിരുന്നു അജിത് പവാര്‍. മന്തിമാരുടെ വിദ്യാഭ്യാസ യോഗ്യതയെക്കുറിച്ച് ചോദ്യം ചെയ്യുന്നത് ശരിയായ പ്രവണതയല്ലെന്നും നേതാക്കള്‍ അവരുടെ ഭരണകാലയളവില്‍ കൈവരിച്ച് നേട്ടത്തെക്കുറിച്ചാണ് ജനങ്ങള്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

‘2014ല്‍ ജനങ്ങള്‍ മോദിക്ക് വോട്ട് ചെയ്തത് അദ്ദേഹത്തിന്റെ ബിരുദം നോക്കിയാണോ. അദ്ദേഹത്തിന്റെ വ്യക്തിപ്രഭാവമാണ് വിജയത്തിന് കാരണമായത്. ഇപ്പോള്‍ ഒമ്പതു വര്‍ഷമായി മോദി രാജ്യത്തെ പ്രതിനിധീകരിക്കുന്നു. അദ്ദേഹത്തിന്റെ ബിരുദ യോഗ്യതയെക്കുറിച്ച് ചോദിക്കുന്നത് മര്യാദയല്ല. പണപ്പെരുപ്പത്തെക്കുറിച്ചും തൊഴിലില്ലായ്മയെക്കുറിച്ചും ചോദിക്കാം. മന്ത്രിമാരുടെ ബിരുദ യോഗ്യത എന്താണെന്നത് ഒരു വിഷയമേയല്ല. പ്രധാനമന്ത്രിയുടെ ബിരുദ വിദ്യാഭ്യാസം സംബന്ധിച്ച് വ്യക്തത വന്നാല്‍ പണപ്പെരുപ്പം നിയന്ത്രിക്കാനാകുമോ അദ്ദേഹത്തിന് ഏത് വിഷയത്തിലാണ് ബിരുദം എന്നറിഞ്ഞാല്‍ ജനങ്ങള്‍ക്ക് ജോലി കിട്ടുമോ’ അജിത് പവാര്‍ ചോദിച്ചു.

നരേന്ദ്രമോദി തന്റെ ബിരുദ പഠനം സംബന്ധിച്ച കാര്യങ്ങള്‍ പൊതുജനങ്ങള്‍ക്കു മുമ്പില്‍ വെളിപ്പെടുത്തണമെന്ന് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ നേരത്തെ പറഞ്ഞിരുന്നു. പ്രധാനമന്ത്രിയുടെ ബിരുദ സര്‍ട്ടിഫിക്കറ്റ് കാണണമെന്ന് ആവശ്യപ്പെട്ടതിന് ഗുജറാത്ത് ഹൈക്കോടതി അരവിന്ദ് കെജ്രിവാളിന് 25000 രൂപ പിഴ വിധിച്ചിരുന്നു. മോദിയുടെ ബിരുദ വിവരങ്ങള്‍ കൈമാറേണ്ടെന്ന ഗുജറാത്ത് ഹൈക്കോടതിയുടെ വിധി ജനങ്ങളില്‍ വീണ്ടും സംശയം ജനിപ്പിക്കുന്നുവെന്ന് കെജ്രിവാള്‍ വിമര്‍ശിച്ചിരുന്നു. വിദ്യാഭ്യാസമില്ലാത്ത പ്രധാനമന്ത്രിയെ ആര്‍ക്കും വിഡ്ഢിയാക്കാമെന്നും കെജ്രിവാള്‍ പരിഹസിച്ചിരുന്നു.

 

Share

Leave a Reply

Your email address will not be published. Required fields are marked *