തീരദേശ സംരക്ഷണത്തിന് മുഖ്യ പ്രാധാന്യം നല്‍കും: മന്ത്രി റോഷി അഗസ്റ്റിന്‍

തീരദേശ സംരക്ഷണത്തിന് മുഖ്യ പ്രാധാന്യം നല്‍കും: മന്ത്രി റോഷി അഗസ്റ്റിന്‍

കോഴിക്കോട്: തീരദേശ സംരക്ഷണത്തിന് മുഖ്യ പ്രാധാന്യം നല്‍കുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍. കോരപ്പുഴ അഴിമുഖം ആഴം കൂട്ടുന്ന പ്രവൃത്തി ഉദ്ഘാടനം എലത്തൂരില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. ജനങ്ങളുടെ സംരക്ഷണമാണ് സര്‍ക്കാരിന്റെ ലക്ഷ്യം. തീരദേശ സംരക്ഷണം പോലുള്ള പ്രധാനപ്പെട്ട വിഷയങ്ങള്‍ ഏറ്റെടുത്ത് മുന്നോട്ടുപോകുമെന്നും മന്ത്രി പറഞ്ഞു. ഇതിന്റെ ഭാഗമായി കോതി കടപ്പുറത്ത് പുലിമുട്ട് നിര്‍മിക്കുന്ന പദ്ധതിക്കായി എട്ട് കോടി രൂപയ്ക്ക് മുകളില്‍ ഭരണാനുമതി നല്‍കി കരാര്‍ ഉടമ്പടി വച്ചു. ഭട്ട് റോഡ് ബീച്ചില്‍ പുലിമുട്ട് ശൃംഖലക്ക് വേണ്ടി മൂന്ന് കോടി രൂപ ഭരണാനുമതി നല്‍കിയിട്ടുണ്ട്. വടകര മുകച്ചേരി കടല്‍ ഭിത്തി നിര്‍മാണത്തിന് നാല് കോടി 97 ലക്ഷം രൂപ ലഭ്യമാക്കി. ഇത്തരത്തില്‍ വിവിധ പദ്ധതികള്‍ക്ക് ആവശ്യമായ തുക ലഭ്യതയ്ക്ക് അനുസരിച്ച് അനുവദിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ സഹകരണത്തോടെ ജലജീവന്‍ പദ്ധതി സമയബന്ധിതമായി നടപ്പാക്കും. കോഴിക്കോട് ജില്ലയിലും ഇതിനാവശ്യമായ നടപടികള്‍ സ്വീകരിച്ചു വരികയാണ്. എലത്തൂരില്‍ ജലജീവന്‍ മിഷന്‍ പദ്ധതിക്കായി 135.82 കോടി രൂപയുടെ ഭരണാനുമതി കൊടുത്തു. കൊയിലാണ്ടി മണ്ഡലത്തില്‍ 317.91 കോടി രൂപയുടെ ഭരണാനുമതി നല്‍കിയെന്നും മന്ത്രി പറഞ്ഞു. രണ്ടുവര്‍ഷത്തിനകം പദ്ധതിയെല്ലാം പൂര്‍ത്തീകരിച്ച് സംസ്ഥാനത്തെ മുഴുവന്‍ കുടുംബങ്ങളിലും ടാപ്പുകള്‍ വഴി ശുദ്ധമായ കുടിവെള്ളം എത്തിക്കാനാണ് ശ്രമിക്കുന്നത്. ഇതിനായി ഒന്നരവര്‍ഷംകൊണ്ട് 13 ലക്ഷം പുതിയ കണക്ഷനുകള്‍ കൊടുത്തു കഴിഞ്ഞു. വരുന്ന മൂന്നര വര്‍ഷം കൊണ്ട് 40ലക്ഷം കണക്ഷന്‍ കൂടി കൊടുക്കാനുള്ള ബൃഹത്തായ പദ്ധതിയാണ് ആവിഷ്‌കരിച്ചു വരുന്നതെന്നും മന്ത്രി പറഞ്ഞു.

അതിരൂക്ഷമായ കടലാക്രമണം ഉണ്ടാകുന്ന സ്ഥലങ്ങളില്‍ കടല്‍ത്തീര സംരക്ഷണത്തിനുള്ള പദ്ധതികളുമായി സര്‍ക്കാര്‍ മുന്നോട്ടു പോവുകയാണ്. ഹോട്ട്‌സ്‌പോട്ടായി തിരഞ്ഞെടുത്ത കാപ്പാട് എന്‍.സി.സി.ആര്‍ റിപ്പോര്‍ട്ട് ലഭിക്കുന്ന മുറയ്ക്ക് പ്രവര്‍ത്തികള്‍ക്ക് തുടക്കം കുറിക്കും. കോരപ്പുഴ അഴിമുഖം ആഴം കൂട്ടുന്ന പ്രവര്‍ത്തി ഏകോപിപ്പിച്ച് നടപടി എടുക്കുന്നതിന് നേതൃത്വം നല്‍കുന്ന ജില്ലാ ഭരണകൂടത്തെയും കോരപ്പുഴ സംരക്ഷണ സംയുക്ത സമിതിയെയും മന്ത്രി പ്രത്യേകം അഭിനന്ദിച്ചു.

വികസന പ്രവര്‍ത്തനങ്ങള്‍ക്ക് അനുഭാവപൂര്‍വ്വമായ നടപടികളാണ് സര്‍ക്കാര്‍ മുന്നോട്ടുവയ്ക്കുന്നതെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച വനം വന്യജീവി വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന്‍ പറഞ്ഞു.സര്‍ക്കാര്‍ അധികാരത്തില്‍ വന്നതു മുതല്‍ അടിസ്ഥാന വികസന മേഖലകളില്‍ മാറ്റമുണ്ടാക്കുന്നതിന് നിശ്ചയദാര്‍ഢ്യത്തോടെയുള്ള പ്രവര്‍ത്തനങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. വികസിത നാടിനൊപ്പം വളരാനുള്ള വിവിധ പ്രവര്‍ത്തനങ്ങളാണ് സംസ്ഥാനത്ത് സര്‍ക്കാര്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. അത്തരം പ്രവര്‍ത്തനങ്ങളില്‍ മാതൃകാപരമായ പങ്കാളിത്തമാണ് ജലവിഭവ വകുപ്പ് നടത്തിവരുന്നതെന്നും മന്ത്രി പറഞ്ഞു. ഇറിഗേഷന്‍ ഡിവിഷന്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ഷാലു സുധാകരന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

കാനത്തില്‍ ജമീല എം.എല്‍.എ, ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സതി കിഴക്കയില്‍, തലക്കുളത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രമീള കെ.ടി, കോഴിക്കോട് കോര്‍പറേഷന്‍ കൗണ്‍സിലര്‍ മനോഹരന്‍ മാങ്ങാറിയില്‍,കോഴിക്കോട് കോര്‍പ്പറേഷന്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ഷിജിന ഒ. പി, കോഴിക്കോട് കോര്‍പറേഷന്‍ കൗണ്‍സിലര്‍ മോഹന്‍ദാസ് വി. കെ, പന്തലായനി ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ മൊയ്തീന്‍ കോയ എം. പി, ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് 12ാം വാര്‍ഡ് മെമ്പര്‍ സി. രാജലക്ഷ്മി, ചേമഞ്ചേരി ഗ്രാമ പഞ്ചായത്ത് 13ാം വാര്‍ഡ് മെമ്പര്‍ റസീന ഷാഫി, മുന്‍ എം.എല്‍.എ കെ.ദാസന്‍, കോരപ്പുഴ സംരക്ഷണ സംയുക്ത സമിതി കണ്‍വീനര്‍ കെ.പി.അനില്‍ കുമാര്‍, കോരപ്പുഴ സംരക്ഷണ സംയുക്ത സമിതി വൈസ് ചെയര്‍മാന്‍ എം.ചന്ദ്രശേഖരന്‍, ജനപ്രതിനിധികള്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ ,ഉദ്യോഗസ്ഥര്‍,സംഘടനാ നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഇറിഗേഷന്‍ നോര്‍ത്ത് സര്‍ക്കിള്‍ സൂപ്രണ്ട് എന്‍ജിനീയര്‍ ബാലകൃഷ്ണന്‍ മണ്ണാരക്കല്‍ സ്വാഗതവും അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ ടി.എ.അജിത നന്ദിയും പറഞ്ഞു.

 

Share

Leave a Reply

Your email address will not be published. Required fields are marked *