ഗ്രാമീണ വ്യവസായ മേഖലയില്‍ വ്യവസായ – വാണിജ്യ വകുപ്പ് നടത്തുന്നത് പുതിയ മുന്നേറ്റം: മന്ത്രി എ.കെ. ശശീന്ദ്രന്‍

ഗ്രാമീണ വ്യവസായ മേഖലയില്‍ വ്യവസായ – വാണിജ്യ വകുപ്പ് നടത്തുന്നത് പുതിയ മുന്നേറ്റം: മന്ത്രി എ.കെ. ശശീന്ദ്രന്‍

കോഴിക്കോട് താലൂക്ക് തല പ്രദര്‍ശന വിപണനമേളക്ക് തുടക്കമായി

 

കോഴിക്കോട്: ഗ്രാമീണ വ്യവസായ മേഖലയില്‍ പുതിയ മുന്നേറ്റം കാഴ്ചവയ്ക്കുന്നതിനായി വ്യവസായ വാണിജ്യ വകുപ്പ് നിരവധി പ്രവര്‍ത്തനങ്ങളാണ് നടപ്പിലാക്കുന്നതെന്ന് വനം വന്യജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍. വ്യവസായ വാണിജ്യ വകുപ്പിന്റെ കോഴിക്കോട് താലൂക്ക് തല പ്രദര്‍ശന വിപണനമേള ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. മൈക്രോ അടിസ്ഥാനത്തിലുള്ള ചെറുകിട വ്യവസായ ഉല്‍പാദകര്‍, കുടുംബശ്രീ ഉള്‍പ്പടെയുള്ള സംരംഭകര്‍, വിദ്യാസമ്പന്നരായ ചെറുപ്പക്കാര്‍ ആരംഭിച്ചിട്ടുള്ള സ്റ്റാര്‍ട്ടപ്പുകള്‍ എന്നിവയെല്ലാം ചേര്‍ന്ന് സമ്പദ്ഘടനക്ക് കരുത്തേകുന്ന പ്രവര്‍ത്തനങ്ങളാണ് നടത്തുന്നതെന്നും മന്ത്രി പറഞ്ഞു. അഡ്വ.പി.ടി.എ റഹീം എം.എല്‍.എ അധ്യക്ഷത വഹിച്ചു.

കോഴിക്കോട് താലൂക്ക് വ്യവസായ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്തുമായി സഹകരിച്ചാണ് നവംബര്‍ 14 വരെ ബ്ലോക്ക് പഞ്ചായത്ത് പരിസരത്ത് മേള നടക്കുക. താലൂക്ക് പരിധിയിലെ ചെറുകിട വ്യവസായ യൂണിറ്റുകള്‍ ഉല്‍പാദിപ്പിച്ച വ്യത്യസ്ത തരം ഉല്‍പ്പന്നങ്ങളുടെ പ്രദര്‍ശനവും വിപണനവും മേളയില്‍ ഉണ്ടായിരിക്കും. ഫുഡ് കോര്‍ട്ട്, കലാസന്ധ്യ എന്നിവയും നടക്കും. രാവിലെ പത്ത് മുതല്‍ എട്ട് വരെയാണ് മേള.

എം. എല്‍. എമാരായ പി. ടി. എ റഹീം, ലിന്റോ ജോസഫ് എന്നിവര്‍ മേള സന്ദര്‍ശിച്ചു. ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ ബിജു.പി എബ്രഹാം മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ കെ.പി.സുനില്‍ കുമാര്‍, സജിത പൂക്കാടന്‍, മുക്കം നഗരസഭ ചെയര്‍മാന്‍ പി.ടി ബാബു, ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബാബു നെല്ലൂളി സ്വാഗതവും ഉപജില്ലാ വ്യവസായ ഓഫീസര്‍ ജെയിന്‍ സി.ജെ. നന്ദിയും പറഞ്ഞു.

 

Share

Leave a Reply

Your email address will not be published. Required fields are marked *