റേഷന്‍ വ്യാപാരികളുടെ പ്രശ്നങ്ങള്‍ക്ക് ശാശ്വത പരിഹാരമുണ്ടാക്കണം

റേഷന്‍ വ്യാപാരികളുടെ പ്രശ്നങ്ങള്‍ക്ക് ശാശ്വത പരിഹാരമുണ്ടാക്കണം

രാജ്യത്തെ ഏറ്റവും സുശക്തമായ പൊതുവിതരണ സംവിധാനം കേരളത്തില്‍ നടത്തികൊണ്ട് പോകുന്നത് റേഷന്‍ വ്യാപാരികളാണെന്ന യാഥാര്‍ഥ്യം എന്തുക്കൊണ്ടാണ് ഭരണാധികാരികള്‍ തിരിച്ചറിയാതെ പോകുന്നത്. അത്തരമൊരു കാര്യം മനസ്സിലാക്കിയിരുന്നെങ്കില്‍ പതിറ്റാണ്ടുകളായി റേഷന്‍ വ്യാപാരികളുടെ നീറുന്ന ആവശ്യങ്ങള്‍ വനരോദനങ്ങളായി മാറുമായിരുന്നില്ല.

സംസ്ഥാനത്തെ 14000ത്തിലധികം റേഷന്‍ വ്യാപാരികള്‍ ഒട്ടനവധി പ്രശ്നങ്ങളാണ് ദൈനംദിനം അഭിമുഖീകരിക്കേണ്ടി വരുന്നത്. ഇതെല്ലാം സവിസ്തരം ബന്ധപ്പെട്ട വകുപ്പ് മന്ത്രിക്കും ഡിപ്പാര്‍ട്ട്മെന്റിനും സമര്‍പ്പിച്ചിട്ടുണ്ടെങ്കിലും പ്രധാന ആവശ്യങ്ങള്‍ ഇന്നും പരിഹരിക്കപ്പെട്ടിട്ടില്ലെന്നതാണ് യാഥാര്‍ഥ്യം. രാജ്യത്തെ ഏറ്റവും സുശക്തമായ പൊതുവിതരണ സംവിധാനം കേരളത്തില്‍ നടത്തികൊണ്ട് പോകുന്നത് റേഷന്‍ വ്യാപാരികളാണെന്ന യാഥാര്‍ഥ്യം എന്തുക്കൊണ്ടാണ് ഭരണാധികാരികള്‍ തിരിച്ചറിയാതെ പോകുന്നത്. അത്തരമൊരു കാര്യം മനസ്സിലാക്കിയിരുന്നെങ്കില്‍ പതിറ്റാണ്ടുകളായി റേഷന്‍ വ്യാപാരികളുടെ നീറുന്ന ആവശ്യങ്ങള്‍ വനരോദനങ്ങളായി മാറുമായിരുന്നില്ല. നാലു വര്‍ഷം മുന്‍പ് പ്രാബല്യത്തില്‍ വന്ന വേതന പരിഷ്‌ക്കരണം വളരെ അപര്യാപ്തമായിരുന്നെന്ന പരാതി അന്നു തന്നെ ബന്ധപ്പെട്ടവര്‍ ഉയര്‍ത്തിയിരുന്നു. റേഷന്‍കടയുടെ വാടക, സെയില്‍സ്മാന്റെ ശമ്പളം, റേഷന്‍ മണ്ണെണ്ണ, കടയിലെത്തിക്കുന്നതിനുള്ള വണ്ടികൂലി ഇതെല്ലാം കണക്കാക്കുമ്പോള്‍ ഇപ്പോള്‍ പ്രതിമാസം ഒരു റേഷന്‍ കടക്കാരന് ലഭിക്കുന്ന 18000 രൂപ ഒന്നിനും തികയാത്ത അവസ്ഥയാണ്. 45 ക്വിന്റല്‍ ഭക്ഷ്യധാന്യം വിറ്റാല്‍ മാത്രമേ ഈ 18000 ലഭിക്കുകയുള്ളൂവെന്ന് മനസ്സിലാക്കുമ്പോഴാണ് ഈ മേഖലയോട് അധികൃതര്‍ കാണിക്കുന്ന ചിറ്റമ്മ നയം മനസ്സിലാകുകയുള്ളൂ. കൊവിഡ് കാലത്ത് ആരോഗ്യ-പോലീസ്-മാധ്യമ പ്രവര്‍ത്തകരെ പോലെ ഒഴിവില്ലാതെ ജോലി ചെയ്തവരാണ് റേഷന്‍ വ്യാപാരികള്‍. റേഷനെ മാത്രം ആശ്രയിച്ച് ജനങ്ങള്‍ ജീവിച്ച ഇക്കാലത്ത് സ്വന്തം ജീവന്‍ തൃണവല്‍ഗണിച്ചാണ് വ്യാപാരികള്‍ ജോലി ചെയ്തത്. 65 വിലപ്പെട്ട ജീവനുകളാണ് (റേഷന്‍ വ്യാപാരികള്‍) കൊവിഡില്‍ പൊലിഞ്ഞത്. മരണപ്പെട്ട റേഷന്‍ വ്യാപാരികളുടെ കുടുംബത്തെ തിരിഞ്ഞ് നോക്കാന്‍ സര്‍ക്കാര്‍ ഇതുവരെ തയാറായിട്ടില്ല. രണ്ട് ബാരല്‍മണ്ണെണ്ണക്ക് 17500 രൂപ അടയ്ക്കണം. ഇത് വിറ്റാല്‍ വ്യാപാരിക്ക് ലഭിക്കുന്നത് 440 രൂപയാണ്. ഈ മണ്ണെണ്ണ ബാരല്‍ വണ്ടി വിളിച്ച് വേണം റേഷന്‍ കടയിലെത്തിക്കാന്‍. വണ്ടിക്കൂലി തന്നെ 600 മുതല്‍ 800 രുപ വരെയാകും. മൊത്ത വ്യാപാരികള്‍ മണ്ണെണ്ണ നല്‍കുമ്പോള്‍ 2-5 ലിറ്ററിന്റെ കുറവുണ്ടാകും. ഫലത്തില്‍ ഈ കച്ചവടത്തില്‍ വ്യാപാരിയുടെ കൈ പൊള്ളുമെന്നര്‍ഥം.

പേരിനു മാത്രമുള്ള ക്ഷേമനിധിയില്‍ അംഗമായാല്‍ 60 വയസ് കഴിയുമ്പോള്‍ ചെറിയ ഒരു തുകയാണ് ലഭിക്കുന്നത്. മറ്റെല്ലാ ക്ഷേമനിധികള്‍ക്കും സര്‍ക്കാര്‍ സഹായം ലഭിക്കുമ്പോള്‍ റേഷന്‍കാരുടെ ക്ഷേമനിധി തഥൈവ തന്നെ. സര്‍ക്കാര്‍ ജീവനക്കാര്‍ക്കടക്കം പെന്‍ഷന്‍ പോലുള്ള ആനുകൂല്യങ്ങള്‍ നല്‍കുമ്പോള്‍ പ്രതിമാസം 1500 രൂപയാണ് ഈ വിഭാഗത്തിന് നല്‍കുന്നത്. സംസ്ഥാനത്ത് 1600 രൂപ ക്ഷേമ പെന്‍ഷന്‍ നല്‍കുമ്പോഴാണ് അതിലും കുറവ് പെന്‍ഷന്‍ ഈ വിഭാഗത്തിന് നല്‍കുന്നത്. മറ്റെല്ല മേഖലകളിലും ആരോഗ്യ ഇന്‍ഷുറന്‍സ് നടപ്പിലാക്കുമ്പോള്‍ അതിലും ഉള്‍പ്പെടാതെ ഈ രംഗം അവഗണന നേരിടുക തന്നെയാണ്. പുതിയ റേഷന്‍ കടകള്‍ അനുവദിക്കുമ്പോള്‍ പത്തും ഇരുപതും വര്‍ഷം റേഷന്‍കടകളില്‍ തുച്ഛമായ വേതനത്തിന് ജോലി ചെയ്തിരുന്ന സെയില്‍സ്മാന്‍മാര്‍ക്ക് നല്‍കുന്ന മുന്‍ഗണനയും സര്‍ക്കാര്‍ ഇപ്പോള്‍ ഇറക്കിയ ഉത്തരവിലൂടെ ഇല്ലാതാവുകയാണ്. കൊവിഡ് കാലത്ത് സര്‍ക്കാര്‍ ഏല്‍പ്പിച്ച സൗജന്യ ഭക്ഷ്യക്കിറ്റുകള്‍ കൃത്യമായി വിതരണം ചെയ്തതിനുള്ള വേതനം നല്‍കാന്‍ സര്‍ക്കാര്‍ തയാറായിട്ടില്ല. ഹൈക്കോടതി കൊടുക്കണമെന്ന ഉത്തരവിട്ടിട്ടും സര്‍ക്കാര്‍ നടപ്പാക്കുന്നില്ല. ഈ വേതനം സുപ്രീംകോടതിയില്‍ പോയാലും നേടി പാവപ്പെട്ട റേഷന്‍ കടയുടമകള്‍ക്ക് ലഭ്യമാക്കുമെന്ന സംസ്ഥാന പ്രസിഡന്റ് ജോണി നെല്ലൂരിന്റെ പ്രസ്താവനയും ശ്രദ്ധേയമാണ്.

റേഷന്‍കടകള്‍ കെ. സ്റ്റോറുകളാക്കണമെന്ന നിര്‍ദേശം ഈ രംഗത്തുള്ളവര്‍ സ്വാഗതം ചെയ്തിട്ടുണ്ട്. പക്ഷേ അവിടെ നടത്തേണ്ട ആധുനികവല്‍ക്കരണത്തിന് കുറഞ്ഞ പലിശ നിരക്കില്‍ വായ്പ നല്‍കണമെന്ന റേഷന്‍ വ്യാപാരികളുടെ ആവശ്യത്തോട് ഇതുവരെ അനുകൂലമായി പ്രതികരിച്ചിട്ടില്ല. നിരവധി വര്‍ഷങ്ങളായി അനുഭവിക്കുന്ന പ്രശ്നങ്ങളാണിത്. ഇപ്പോഴത്തെ സര്‍ക്കാരും വകുപ്പ് മന്ത്രിയും അനുകൂല നിലപാടുകള്‍ സ്വീകരിക്കുന്നുണ്ടെങ്കിലും നിയമപരമായ പ്രാബല്യത്തിലേക്ക് എത്തുന്നില്ലെന്നതാണ് യാഥാര്‍ഥ്യം. സമൂഹത്തിന്റെ നിലനില്‍പ്പിന്റെ ഭാഗമായ പൊതുവിതരണ സമ്പ്രദായം നിലനിര്‍ത്തുന്ന റേഷന്‍ വ്യാപാരികളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ പൊതുസമൂഹവും ഇടപെടേണ്ടതുണ്ട്. സര്‍ക്കാരുകള്‍ അവധാനതയോടെ റേഷന്‍ വ്യാപാരികളുടെ പ്രശ്നങ്ങള്‍ വളരെ വേഗത്തില്‍ പരിഹരിക്കുമെന്ന് പ്രത്യാശിക്കാം.

Share

Leave a Reply

Your email address will not be published. Required fields are marked *