Editorial: വിദ്വേഷ പ്രസംഗങ്ങൾക്കെതിരെ ശക്തമായ നടപടി വേണം

Editorial: വിദ്വേഷ പ്രസംഗങ്ങൾക്കെതിരെ ശക്തമായ നടപടി വേണം

നാല് വോട്ടിനും അധികാര കസേര ഉറപ്പിക്കാനും വേണ്ടി രാഷ്ട്രീയ സാമുദായിക നേതാക്കൾ നടത്തുന്ന വിദ്വേഷ പ്രസംഗങ്ങൾക്കെതിരെ അതിശക്തമായ നടപടികൾ ആവശ്യമാണ്. ഏകോതര സഹോദരങ്ങളെപ്പോലെ കഴിയുന്ന ഭാരതീയരെ വർഗീകരിക്കാനുള്ള ശ്രമങ്ങൾ രാജ്യത്താകമാനം നടന്നുകൊണ്ടിരിക്കുകയാണ്. അതിന് വളം ചേർക്കുന്നതാണ് ഇത്തരം വർഗീയ വിദ്വേഷ പ്രസംഗങ്ങൾ. ഭരണഘടന ഉറപ്പു നൽകുന്ന പൗരാവകാശങ്ങൾ ഇല്ലാതാക്കാനും തങ്ങളുടെ താൽപര്യങ്ങൾ അടിച്ചേൽപ്പിക്കാനും വർഗീയവാദികൾ ശ്രമിക്കുന്നതാണ് വർത്തമാനകാല ഇന്ത്യ നേരിടുന്ന ഏറ്റവും പ്രധാന വെല്ലുവിളി. വിദ്വേഷ പ്രസംഗങ്ങൾക്കെതിരെ നിലവിലുള്ള നിയമം കൊണ്ട് തന്നെ നടപടി സ്വീകരിക്കാമെന്ന് സുപ്രീംകോടതി നിരീക്ഷണം ശ്രദ്ധേയമാണ്. ബഹുസ്വരതയാണ് ഇന്ത്യയുടെ അടിത്തറ വ്യത്യസ്ത മതവിഭാഗങ്ങൾ ഐക്യത്തോടെ കഴിയുന്ന രാജ്യത്ത് ഭൂരിപക്ഷ ന്യൂനപക്ഷ വർഗീയവാദികൾ നടത്തുന്ന വിഭജന രാഷ്ട്രീയത്തിനെതിരെ രാജ്യത്തെ മതേതര വിശ്വാസികൾ സടകുടഞ്ഞ് എഴുന്നേറ്റു പോരാടണം. സൂര്യൻ അസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്വത്തെ മുട്ടുകുത്തിച്ച ദേശീയ പ്രസ്ഥാനത്തിന്റെ സമരകാഹളം പോലെ രാജ്യത്തിന്റെ മുക്കിലും മൂലയിലും നിന്ന് വർഗീയ രാഷ്ട്രീയത്തിനെതിരെ ശബ്ദമുയർത്തണം. ഹിന്ദുവും മുസൽമാനും ക്രിസ്ത്യാനിയും മറ്റു മതേതര വിഭാഗങ്ങളും കെട്ടുറപ്പോടെ ജീവിക്കുന്നതാണ് ഈ രാജ്യത്തിന്റെ പുരോഗതിയുടെ അടിസ്ഥാനം. അതാണ് ഇന്ത്യൻ ജനാധിപത്യത്തിന്റെ കരുത്ത്. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയിലെ വർഗ്ഗീയ രാഷ്ട്രീയം ആധിപത്യം നേടിയാൽ അതുണ്ടാക്കുന്ന പ്രത്യാഘാതം ചെറുതല്ല. യുവജന സമൂഹം വർഗീയതക്കെതിരെ ശക്തമായ നിലപാടെടുക്കണം. ഈ രാജ്യത്തിലെ പൗരന്മാർ ഒന്നാണെന്നും തങ്ങൾക്കിടയിൽ വിഭാഗീയത സൃഷ്ടിക്കാൻ ആരെയും സമ്മതിക്കുകയില്ലെന്ന ദൃഢ നിശ്ചയമാണ് ഓരോ ഭാരതീയനും കൈക്കൊള്ളേണ്ടത്.

Share

Leave a Reply

Your email address will not be published. Required fields are marked *