കോഴിക്കോട്: കേരളത്തില്‍ അഖിലേന്ത്യാ മെഡിക്കല്‍ സയന്‍സസ് ഇന്‍സ്റ്റിറ്റ്യൂട്ട് (എയിംസ്) സ്ഥാപിക്കുന്നതിന് ജില്ലയിലെ കിനാലൂര്‍ ഏറ്റവും അനുയോജ്യമായ സ്ഥലമാണെന്നും കേന്ദ്ര സര്‍ക്കാര്‍ എയിംസ് അനുവദിക്കുന്നതില്‍ കാലതാമസം വരുത്താതെ സംസ്ഥാന സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നും കാലിക്കറ്റ് ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി ആവശ്യപ്പെട്ടു.
എയിംസ് പദ്ധതിക്കായി കേരള സര്‍ക്കാര്‍ ഏറ്റവും കൂടുതല്‍ മുന്നൊരുക്കങ്ങള്‍ നടത്തിയിരിക്കുന്നത് കിനാലൂരിലാണെന്ന് ചേംബര്‍ ഭാരവാഹികള്‍ പത്ര സമ്മേളനത്തില്‍ അറിയിച്ചു.
200 ഏക്കര്‍ ഭൂമി കണ്ടെത്തി കേന്ദ്ര സര്‍ക്കാരിന് ഔദ്യോഗികമായി നിര്‍ദ്ദേശം സമര്‍പ്പിച്ച ഏക സ്ഥലമാണ് കിനാലൂര്‍. ഇതില്‍ 150 ഏക്കര്‍ കെ.എസ്.ഐ.ഡി.സി.യുടെ ഭൂമി ആരോഗ്യവകുപ്പിന് കൈമാറിയിട്ടുണ്ടെന്നും ഭാവി വികസനത്തിനായി 250 ഏക്കര്‍ വരെ അധിക ഭൂമി ലഭ്യമാക്കാന്‍ കഴിയുമെന്നും ചേംബര്‍ പ്രസിഡന്റ് എ പി അബ്ദുല്ലക്കുട്ടി വ്യക്തമാക്കി.
കിനാലൂരില്‍ സാധ്യതാപഠനം നടത്താന്‍ നിര്‍ദേശം നല്‍കിയിട്ടുള്ളതും, പദ്ധതിയുടെ പ്രാധാന്യം സംബന്ധിച്ച് ഹൈക്കോടതി സര്‍ക്കാരിന്റെ
ശ്രദ്ധ ക്ഷണിച്ചതും കിനാലൂരിന്റെ സാധ്യതകള്‍ക്ക് കൂടുതല്‍ കരുത്തേകുന്നതാണെന്ന് കാലിക്കറ്റ് ചേംബര്‍ ചൂണ്ടിക്കാട്ടി.
ഭൂമിയുടെ ലഭ്യത, മികച്ച അടിസ്ഥാന സൗകര്യങ്ങള്‍, റോഡ്, റെയില്‍, വിമാന ഗതാഗത ബന്ധം, സമീപത്തുള്ള സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ഉള്‍പ്പെടെയുള്ള ആരോഗ്യ-വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സാന്നിധ്യം എന്നിവ കിനാലൂരിനെ എയിംസ് സ്ഥാപിക്കാന്‍ ഏറ്റവും അനുയോജ്യമായ കേന്ദ്രമാക്കുന്നുവെന്നും ഭാരവാഹികള്‍ പറഞ്ഞു.
ഇത്തരത്തിലുള്ള അനുകൂല സാഹചര്യങ്ങള്‍ മറ്റൊരു സ്ഥലത്തില്ലാത്തതിനാല്‍ കിനാലൂരില്‍ തന്നെ എയിംസ് അനുവദിക്കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെടാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണമെന്നും കാലിക്കറ്റ് ചേംബര്‍ ആവശ്യപ്പെട്ടു. എയിംസ് കിനാലൂരില്‍ യാഥാര്‍ഥ്യമാക്കുന്നതിനായി പൊതുജനങ്ങളുടെയും ജനപ്രതിനിധികളുടെയും രാഷ്ട്രീയ-സാമൂഹിക സംഘടനകളുടെയും പിന്തുണ വേണമെന്നും ഇതിനായി വിവിധ ജനകീയ പരിപാടികള്‍ക്ക് ഉടന്‍ നേതൃത്വം നല്‍കുമെന്നും അവര്‍ അറിയിച്ചു.
എയിംസ് കിനാലൂരില്‍ തന്നെ വേണം;
അടിയന്തര നടപടി സ്വീകരിക്കണമെന്ന് കാലിക്കറ്റ് ചേംബര്‍
