പ്രവാചക നിന്ദ: രാജ്യത്തിനകത്തും പുറത്തും വന്‍ പ്രതിഷേധം

പ്രവാചക നിന്ദ: രാജ്യത്തിനകത്തും പുറത്തും വന്‍ പ്രതിഷേധം

കേന്ദ്രം വെട്ടില്‍

ന്യൂഡല്‍ഹി: പ്രവാചകന്‍ മുഹമ്മദ് നബിക്കെതിരേ ബി.ജെ.പി ദേശീയ വക്താവ് നൂപുര്‍ ശര്‍മ നടത്തിയ വിവാദ പരാമര്‍ശത്തിനെതിരേ ലോകരാജ്യങ്ങള്‍ പ്രതിഷേധവുമായി രംഗത്തെത്തിയതോടെ വെട്ടിലായി കേന്ദ്രം. പ്രസ്താവനയില്‍ പങ്കില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. പാര്‍ട്ടി നിലപാടിന് വിരുദ്ധമാണ് പരാമര്‍ശമെന്ന് വിശദീകരിച്ച് ബി.ജെ.പി നൂപുര്‍ ശര്‍മയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. പ്രസ്താവനയില്‍ പ്രതിഷേധിച്ച് അറബ് രാജ്യങ്ങളും രംഗത്തെത്തി. അറബ് ലീഗും സൗദി അറേബ്യയും ഇറാനും പാകിസ്താനും ഒമാന്‍ എന്നീ രാജ്യങ്ങളാണ് എതിര്‍പ്പ് പ്രകടിപ്പിച്ച് രംഗത്ത് വന്നത്.

മുസ്‌ലിംകള്‍ക്കെതിരേ ഇന്ത്യയില്‍ തുടരുന്ന അതിക്രമങ്ങളുടെ തുടര്‍ച്ചയാണിതെന്നും നടപടി വേണമെന്നും 22 അറബ് രാജ്യങ്ങളുടെ കൂട്ടായ്മയായ അറബ് ലീഗ് ആവശ്യപ്പെട്ടു. ഇന്ന് പുലര്‍ച്ചെയാണ് സൗദി വിദേശകാര്യ മന്ത്രാലയം പ്രതിഷേധമറിയിച്ചത്.
ബി.ജെ.പി നേതാക്കളെ സസ്പെന്‍ഡ് ചെയ്ത നടപടിയെ സൗദി വിദേശകാര്യ മന്ത്രാലയം സ്വാഗതം ചെയ്തു. വിമര്‍ശനങ്ങള്‍ ഉയര്‍ന്നതിന് പിന്നാലെ ഇന്ത്യയില്‍ നിന്ന് ഈജിപ്ത്, സൗദി അറേബ്യ, ഖത്തര്‍, ബഹ്‌റൈന്‍, കുവൈറ്റ് എന്നീ രാജ്യങ്ങളിലേക്ക് ഇറക്കുമതി ചെയ്യുന്ന വസ്തുക്കള്‍ ബഹിഷകരിക്കണമെന്നാവശ്യപ്പെട്ടുകൊണ്ടുളള ക്യാംപയിനും വ്യാപകമായി നടക്കുന്നുണ്ട്.

ഇന്ത്യന്‍ സ്ഥാനപതിയെ വിളിച്ചു വരുത്തി ഖത്തര്‍ സംഭവത്തില്‍ പ്രതിഷേധം അറിയിച്ചിരുന്നു. ബി.ജെ.പി നേതാവിന്റെ വിവാദ പരാമര്‍ശത്തെ തുടര്‍ന്ന് ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ വലിയ സംഘര്‍ഷം അരങ്ങേറിയതിന് പിന്നാലെയാണ് ദോഹയിലെ ഇന്ത്യന്‍ പ്രതിനിധിയെ വിളിച്ചു വരുത്തി ഖത്തര്‍ സര്‍ക്കാര്‍ വിഷയത്തില്‍ തങ്ങളുടെ പ്രതിഷേധം അറിയിച്ചത്.

ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന്റെ ഖത്തറിലെ ഔദ്യോഗിക സന്ദര്‍ശനത്തിനിടെയായിരുന്നു ഖത്തര്‍ അതൃപ്തി അറിയിച്ചത്. പ്രതിഷേധം അറിയിച്ചുകൊണ്ടുള്ള കത്ത് ഇന്ത്യന്‍ അംബാസഡര്‍ക്ക് കൈമാറിയതായും ഖത്തര്‍ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിരുന്നു. വിദ്വേഷകരമായ പരാമര്‍ശം നടത്തിയതിന് പ്രതികള്‍ പരസ്യമായി മാപ്പ് പറയണമെന്നും ഖത്തര്‍ ആവശ്യപ്പെട്ടിരുന്നു.

 

Share

Leave a Reply

Your email address will not be published. Required fields are marked *